insurance-

തിരുവനന്തപുരം: പാപ്പനംകോട് ന്യൂ ഇന്ത്യ ഇൻഷുറൻസ് കമ്പനിയിൽ തീപിടിത്തത്തിൽ രണ്ടുപേർ മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സംഭവം കൊലപാതകമാണെന്നാണ് പൊലീസ് സംശയിക്കുന്നത്. മരിച്ചവരിൽ ഒരാൾ പുരുഷനാണ്. വിശദപരിശോധനയിലാണ് പുരുഷനാണെന്ന് മനസിലായത്. ഇൻഷുറൻസ് ഫ്രാഞ്ചൈസി നടത്തുന്ന വൈഷ്‌ണവയെ ഭർത്താവ് ബിനു എത്തി പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു എന്നാണ് പൊലീസ് അന്വേഷണത്തിലെ സൂചന. വൈഷ്‌ണവയും ബിനുവും ഏറെനാളായി അകന്നുകഴിയുകയായിരുന്നു.

പുരുഷന്റെ മൃതദേഹം ഏറെ കത്തിക്കരിഞ്ഞ നിലയിലായിരുന്നു. വൈഷ്‌ണവയോടൊപ്പം മരിച്ചത് സ്‌ത്രീയാണെന്നാണ് ആദ്യം കരുതിയിരുന്നത്. അതിനാലാണ് വിശദപരിശോധന നടത്തേണ്ടി വന്നത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും അവിടെയും തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. ദമ്പതികൾക്ക് രണ്ടിലും മൂന്നിലും പഠിക്കുന്ന രണ്ട് കുട്ടികളുണ്ട്. കുടുംബപ്രശ്‌നം ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് പൊലീസ് ബിനുവിനെ ഫോണിൽ വിളിച്ചെങ്കിലും സ്വിച്ചോഫ് ആണെന്നായിരുന്നു മറുപടി.

തീ പടരുന്നത് കണ്ട് ഓടിയെത്തിയ നാട്ടുകാരിൽ ചിലർ ബക്കറ്റിൽ വെള്ളം കോരിയൊഴിച്ച് തീ കെടുത്തിയാണ് രക്ഷാപ്രവർത്തനം ആരംഭിച്ചത്. അപ്പോഴേക്ക് രണ്ട് പേരും മരിച്ചിരുന്നു. ഫയർ ഫോഴ്സ് എത്താൻ വൈകിയെന്ന് നാട്ടുകാർ ആരോപിച്ചു. നഗരമദ്ധ്യത്തിലാണ് ന്യൂ ഇന്ത്യ ഇൻഷുറൻസ് ഓഫീസ് പ്രവർത്തിക്കുന്നത്. ഉച്ചത്തിൽ വഴക്ക് കേട്ടിരുന്നുവെന്ന് നാട്ടുകാരിലൊരാൾ പറഞ്ഞു. ആദ്യം ഗ്ലാസ് പൊട്ടിത്തെറിക്കുകയായിരുന്നു. തുടർന്നാണ് തീയും പുകയും പുറത്തുവന്നത്.