nivin-pauly
നിവിന്‍ പോളിയുടെ വാര്‍ത്താസമ്മേളനത്തില്‍ നിന്ന് | ഫോട്ടോ: കേരളകൗമുദി

കൊച്ചി: യുവതി പൊലീസില്‍ നല്‍കിയ ബലാത്സംഗ പരാതി നിഷേധിച്ച് നടന്‍ നിവിന്‍ പോളി. ആരോപണം ഉന്നയിച്ച വനിതയെ താന്‍ കണ്ടിട്ടോ സംസാരിച്ചിട്ടോയില്ലെന്നും കൊച്ചിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ താരം പറഞ്ഞു. നിയമപരമായി നിരപരാധിത്വം തെളിയിക്കാന്‍ ഏതറ്റം വരേയും പോകുമെന്നും പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് സംശയിക്കുകയാണെന്നും നിവിന്‍ പറഞ്ഞു. ഒരു മാസം മുമ്പാണ് ഊന്നുകല്‍ പൊലീസ് തന്നെ വിളിച്ചതെന്നും പരാതിയുടെ കാര്യങ്ങള്‍ അറിയിച്ചതെന്നും നിവിന്‍ കൂട്ടിച്ചേര്‍ത്തു.

ഇത്തരത്തില്‍ തെറ്റായ ആരോപണങ്ങള്‍ പലര്‍ക്കെതിരെയും ഈ രാജ്യത്ത് ഉണ്ടായിട്ടുണ്ടെന്നും, നാളെ ആര്‍ക്കെതിരെയും ഇത്തരം ആരോപണങ്ങള്‍ ഉണ്ടാകാന്‍ സാദ്ധ്യതയുണ്ടെന്നും അവര്‍ക്ക് വേണ്ടി കൂടിയാണ് തന്റെ നിയമപോരാട്ടമെന്നും നടന്‍ പറഞ്ഞു. തന്റെ നിരപരാധിത്വം തെളിയിക്കുന്ന ഒരു തെളിവും ഇപ്പോള്‍ കൈവശമില്ലെന്നും എന്നാല്‍ നിയമപരമായി എങ്ങനെയൊക്കെ നേരിടാന്‍ കഴിയുമോ അതെല്ലാം ചെയ്യുമെന്നും താരം പറഞ്ഞു.

കേസിന്റെ അന്വേഷണവുമായി സഹകരിക്കും ഒരിക്കലും എങ്ങോട്ടും ഓടിയൊളിക്കാന്‍ പോകുന്നില്ല. ഇല്ലാത്ത ആരോപണവും അതിന്റെ പേരില്‍ വന്ന പരാതിയുമായതുകൊണ്ടാണ് ഈ രാത്രി തന്നെ മാദ്ധ്യമങ്ങളെ കാണാനും തന്റെ ഭാഗം വിശദീകരിക്കാനും തീരുമാനിച്ചതെന്നും നിവിന്‍ പോളി വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. തന്റെ ഭാഗത്താണ് ന്യായമെന്നും അദ്ദേഹം പറഞ്ഞു. കേസിലെ പ്രതികളില്‍ ഒരാളായ നിര്‍മാതാവ് എ.കെ സുനിലിനെ താന്‍ ദുബായില്‍ വച്ച് കണ്ടിരുന്നുവെന്നും ഒരു ഷോപ്പിംഗ് മാളില്‍ വെച്ചായിരുന്നു കണ്ടതെന്നും നിവിന്‍ പോളി പറഞ്ഞു.

സത്യം തെളിയുമെന്നാണ് തന്റെ പ്രതീക്ഷയെന്നും നിവിന്‍ പോളി പറയുന്നു. സത്യം തെളിയുമ്പോള്‍ മാദ്ധ്യമങ്ങള്‍ തനിക്കൊപ്പമുണ്ടാകണമെന്നും നിവിന്‍ പോളി ആഭ്യര്‍ത്ഥിച്ചു. നിര്‍മാതാവ് സുനിലിനെ അറിയുന്ന ആളാണെന്നും സിനിമക്ക് ഫണ്ട് ചെയ്യുന്ന വ്യക്തിയെന്ന നിലയില്‍ അയാളില്‍ നിന്ന് ഫണ്ട് വാങ്ങി സിനിമയില്‍ താനും അഭിനയിച്ചിട്ടുണ്ടെന്നും നിവിന്‍ കൂട്ടിച്ചേര്‍ത്തു.