
ഗള്‍ഫില്‍ ഒരു ജോലിയെന്ന പ്രവാസികളുടെ സ്വപ്‌നം അധികം കാലം ഉണ്ടാകില്ലെന്ന സ്ഥിതിയിലേക്കാണ് പുതിയ തീരുമാനം. സ്വദേശികള്‍ക്ക് കൂടുതല്‍ അവസരങ്ങളും തൊഴില്‍ സുരക്ഷയും നല്‍കാനുള്ള ഒമാന്റെ തീരുമാനം മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ക്ക് കനത്ത തിരിച്ചടിയാണ് സമ്മാനിക്കുക. എഞ്ചിനീയര്‍മാര്‍, കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍, വന്‍കിട വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ തുടങ്ങിയ 40ല്‍പ്പരം മേഖലകളില്‍ സ്വദേശിവത്കരണത്തിന് ഒരുങ്ങുകയാണ് ഒമാന്‍.
എഞ്ചിനീയറിങ്, ഹോട്ടല്‍ മാനേജ്‌മെന്റ്, ഗതാഗതം, വെബ് ഡിസൈനിംഗ് മുതല്‍ ട്രാവല്‍ ഏജന്റുമാര്‍ക്കുള്ള ജോലി വരെ സ്വദേശി പൗരന്‍മാര്‍ക്ക് മാത്രം ലഭിക്കുന്ന രീതിയില്‍ സ്വദേശിവത്കരിക്കുമെന്ന് ഇപ്പോള്‍ ഉറപ്പായിക്കഴിഞ്ഞു. സിസ്റ്റം അനലിസ്റ്റ്, ഹോട്ടല്‍ മേഖല, ലേബര്‍ സൂപ്പര്‍വൈസര്‍ തുടങ്ങിയ മേഖലകളില്‍ സ്വദേശിവത്കരണം ഏര്‍പ്പെടുത്തും. രാജ്യത്തെ പൗരന്‍മാര്‍ക്ക് മെച്ചപ്പെട്ട തൊഴില്‍ സുരക്ഷ ലഭിക്കുന്നതിനായുള്ള തീരുമാനം നാല് ഘട്ടമായി നടപ്പിലാക്കുമെന്നാണ് മന്ത്രിതല പ്രമേയത്തില്‍ പറയുന്നത്.
വാഹന വില്‍പ്പന പോലുള്ള ജോലികളും സ്വദേശികള്‍ക്കായി മാത്രം മാറ്റിവയ്ക്കുമെന്നും പ്രമേയത്തില്‍ പറയുന്നു. വിവിധ മേഖലകളില്‍ പ്രവാസി പൗരന്‍മാര്‍ക്ക് തൊഴില്‍ വിസ അനുവദിക്കുന്നത് നിര്‍ത്തിവയ്ക്കാന്‍ തൊഴില്‍ മന്ത്രാലയം മുമ്പ് നിര്‍ദേശിച്ചിരുന്നു. ഘട്ടം ഘട്ടമായി തൊഴില്‍ മന്ത്രാലയം തങ്ങളുടെ തീരുമാനം നടപ്പിലാക്കുമ്പോള്‍ അത് മലയാളികളായ പതിനായിരക്കണക്കിന് പ്രവാസികളുടെ ജോലിയേയും ജീവിതത്തേയും ബാധിക്കും എന്ന കാര്യത്തില്‍ സംശയമില്ല.