liquor

ചെർപ്പുളശേരി: വാഹനം കട്ടപുറത്തായതോടെ ചെർപ്പുളശേരി എക്‌സൈസ് റേഞ്ച് ഉദ്യോഗസ്ഥർ ദുരിതത്തിൽ. യഥാസമയം പരിശോധന നടത്തേണ്ട സ്ഥലത്ത് കൃത്യസമയത്ത് എത്താൻ കഴിയാതായതോടെ ഉദ്യോഗസ്ഥർ നട്ടം തിരിയുകയാണ്. ഓണക്കാലത്ത് സ്‌പെഷ്യൽ സ്‌ക്വാഡ് പരിശോധന നടത്താൻ വാഹനമില്ലാത്ത അവസ്ഥയാണിപ്പോൾ.

15 വർഷമോ മൂന്ന് ലക്ഷം കിലോമീറ്ററോ ആയ വാഹനങ്ങൾ കണ്ടം ചെയ്യണമെന്നാണ് നിയമം. 15 വർഷവും 3.50 ലക്ഷം കിലോ മീറ്ററായ ജീപ്പാണ് ചെർപ്പുളശേരി റേഞ്ചിൽ ഉള്ളത്. മാസങ്ങളായി ഈ ജീപ്പ് കട്ടപ്പുറത്താണ്. ഉടനെ കണ്ടം ചെയ്യുമെന്നാണറിയുന്നത്. പൂക്കോട്ട്കാവ്, കടമ്പഴിപ്പുറം, ശ്രീകൃഷ്ണപുരം, കരിമ്പുഴ, നെല്ലായ, ചളവറ, തൃക്കടീരി, വെള്ളിനേഴി പഞ്ചായത്തുകളും ചെർപ്പളശേരി നഗരസഭയും അടങ്ങിയ വിസ്തൃതികൂടിയ റേഞ്ചാണ് ചെർപ്പുളശേരി എക്‌സൈസ് റേഞ്ച്. ഗ്രാമപ്രദേശം കൂടുതലുള്ള റേഞ്ചിൽ അനധികൃത വിദേശമദ്യ വിൽപ്പനയും ലഹരി ഉത്പന്നവില്പനയും തകൃതിയാണ്. ഇത് തടയണമെങ്കിൽ നിരന്തര പരിശോധന ആവശ്യമാണ്.


വർഷങ്ങളായി ചെർപ്പുളശേരി എക്‌സൈസ് റേഞ്ച് ഓഫീസ് തൃക്കടീരി പഞ്ചായത്തിലെ വാടക കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. നിരന്തരമായി ആവശ്യപെട്ടതിന്റെ അടിസ്ഥാനത്തിൽ കച്ചേരിക്കുന്ന് പൊലീസ് സ്റ്റേഷനു പുറകിലായി കെ.എസ്.സി.ബി ഓഫീസ് പരിസരത്ത് റേഞ്ച് ഓഫീസിന് സ്ഥലം കണ്ടെത്തി പരിശോധന നടത്തിയിട്ടുണ്ട്. പട്ടാമ്പി, ഒറ്റപ്പാലം ഓഫീസുകളിലെ വാഹനം ആഴ്ച്ചയിൽ മൂന്ന് ദിവസം എത്തിച്ചാണ് ചെർപ്പുളശേരി റേഞ്ച് പരിധിയിൽ ഉദ്യോഗസ്ഥർ എത്തുന്നത്.