
കൊച്ചി: മകന്റെ ഏഴാംജന്മദിനം ആഘോഷിക്കാന്‍ സിംഗപ്പൂരിലേക്ക് പുറപ്പെട്ടവരെ പാതിവഴിയില്‍ വിലക്കി യാത്ര ദുരിതപൂര്‍ണമാക്കിയ മെലിന്‍ഡോ എയര്‍ലൈന്‍സിന് ഏഴേകാല്‍ലക്ഷംരൂപ പിഴചുമത്തി എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കോടതി.
പാസ്‌പോര്‍ട്ടിന് സാധുവല്ലെന്ന പേരിലാണ് സിംഗപ്പൂരില്‍ കുടുംബത്തെ തടഞ്ഞുവച്ചത്. മറ്റുള്ളവരുടെ ടിക്കറ്റുകളും റദ്ദാക്കി. ആറുമാസംകൂടി പാസ്‌പോര്‍ട്ടിന് കാലാവധി ഉണ്ടായിരുന്നു. തെറ്റ് തിരിച്ചറിഞ്ഞ് വേറെ ടിക്കറ്റ് നല്‍കിയെങ്കിലും നാലുദിവസത്തെ യാത്ര പ്ലാന്‍ചെയ്ത കുടുംബത്തിന് രണ്ടുദിവസം നഷ്ടമായി.
കൊച്ചിയിലെ അഭിഭാഷകനായ സി.എ. മജീദ്, ഭാര്യ, മക്കള്‍, മാതാവ് ഉള്‍പ്പെടെ ഏഴംഗ കുടുംബമാണ് പുറപ്പെട്ടത്. കൊച്ചിയില്‍നിന്ന് കോലാലംപൂരിലെത്തിയപ്പോള്‍ ഭാര്യയ്ക്ക് സിംഗപ്പൂരിലേക്കുള്ള യാത്ര എയര്‍ലൈന്‍സ് വിലക്കി. ഭാര്യ കുഴഞ്ഞുവീണിട്ടും കമ്പനി ശ്രദ്ധിച്ചില്ല. പിന്നീട് തെറ്റ് തിരിച്ചറിഞ്ഞ് മറ്റൊരു വിമാനത്തിലാണ് ഇവരെ സിംഗപ്പൂരില്‍ എത്തിച്ചത്. ഇതിനിടെ കോലാലംപൂരില്‍ ഇറക്കിയ ലഗേജ് കാണാതായി.
ട്രാവല്‍ ഏജന്‍സി മാത്രമാണ് കോടതിയില്‍ ഹാജരായത്. ടിക്കറ്റെടുത്തു നല്‍കുക മാത്രമാണ് ചെയ്തതെന്നും ബുദ്ധിമുട്ടുകള്‍ക്ക് ഏജന്‍സി ഉത്തരവാദി അല്ലെന്നും അവര്‍ ബോധിപ്പിച്ചു. എയര്‍ലൈന്‍സ് എക്‌സ് പാര്‍ട്ടിയായി.
പരാതിക്കാര്‍ക്ക് നീതി ലഭ്യമാക്കുക മാത്രമല്ല ഉപഭോക്താവിന്റെ അന്തസ് ഉയര്‍ത്തിപ്പിടിക്കുക കൂടിയാണ് ഈ വിധിയിലൂടെ കോടതി നിര്‍വഹിക്കുന്നതെന്ന് ഡി.ബി. ബിനു പ്രസിഡന്റും വി. രാമചന്ദ്രന്‍ ടി.എന്‍. ശ്രീവിദ്യ എന്നിവര്‍ അംഗങ്ങളുമായ ബെഞ്ചി?ന്റെ ഉത്തരവില്‍ വിലയിരുത്തി. 7 പേര്‍ക്ക് ഓരോലക്ഷം രൂപവീതം കണക്കാക്കി 7 ലക്ഷംരൂപയും കോടതിച്ചെലവായി 25,000 രൂപയും നല്‍കാനാണ് കോടതി നിര്‍ദ്ദേശം.