
ലണ്ടൻ: ലോക പ്രസിദ്ധ ശില്പിയായ അനീഷ് കപൂറിന്റെ എക്സിബിഷൻ ഇപ്പോൾ ബ്രിട്ടനിൽ നടക്കുകയാണ്.ഇന്ത്യയിൽ ജനിച്ചു വളർന്ന് ലോകം നിറഞ്ഞു നിൽക്കുന്ന അനീഷ് കപൂറിനെക്കുറിച്ചാണ് പ്ലാനറ്റ് സെർച്ച് വിത് എംഎസിന്റെ പുതിയ യൂട്യൂബ് വിഡിയോ.
അനീഷ് കപൂർ 1954ൽ ഇന്ത്യയിൽ ജനിച്ചു. അനീഷ് കപൂറിന്റെ കുടുംബ പാരമ്പര്യം സവിശേഷതയുള്ളതാണ്. ശരിക്കും ഒരു വിശ്വ പൗരൻ എന്ന് പറയാം. അച്ഛൻ ഹിന്ദു മത പാരമ്പര്യം ഉള്ളയാൾ, അമ്മ ഇറാക്കിൽ നിന്നുള്ള ജൂത വംശജ. ഇപ്പോൾ ലണ്ടനിലും വെനീസിലുമായി ജീവിക്കുന്നു. വളരെ പുരോഗമന ചിന്താഗതികൾ ഉള്ള വിശ്വ പ്രസിദ്ധ കലാകാരനാണ് അനീഷ് കപൂർ.
പാരീസ്, ലണ്ടൻ, സ്വിറ്റ്സർലൻഡ്, ജപ്പാൻ, ഷിക്കാഗോ, ന്യൂ യോർക്ക്, കാനഡയിലെ ടൊറന്റോ എന്നിവിടങ്ങളിലും മറ്റു രാജ്യങ്ങളിലും അനീഷ് കപൂർ ശിൽപ്പങ്ങളുടെ പ്രദർശനം നടന്നിട്ടുണ്ട്. ലണ്ടനിലെ ഒളിമ്പിക് പാർക്കിൽ സ്ഥിരമായുള്ള ഓർബിറ്റ് ശിൽപം മറ്റൊരു പ്രസിദ്ധ അനീഷ് കപൂർ സൃഷ്ടിയാണ്.
ലണ്ടനിലെ പ്രസിദ്ധമായ “റോയൽ അക്കാദമി ഓഫ് ആർട്സ്” അനീഷ് കപൂറിന്റെ മാത്രമുള്ള എക്സിബിഷൻ 2009ൽ നടത്തിയിരുന്നു. ഇങ്ങനെ ജീവിച്ചിരിക്കുന്ന ഒരു കലാകാരന്റെ ഏകാംഗ എക്സിബിഷൻ റോയൽ അക്കാദമി സംഘടിപ്പിച്ചത് ആദ്യമായായിരുന്നു. 2014ൽ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി ഓണററി പിഎച്ച്‌ഡി നൽകി അനീഷ് കപൂറിനേ ആദരിച്ചു. ഇന്ത്യ പദ്മഭൂഷൺ നൽകിയപ്പോൾ ബ്രിട്ടൻ സർ പദവി നൽകി അനീഷ് കപൂറിനേ ആദരിക്കുകയായിരുന്നു.