-batagaika-crater

ന്യൂഡൽഹി: സൈബീരിയയിലെ 'നരകത്തിലേയ്ക്കുള്ള കവാടം' എന്നറിയപ്പെടുന്ന കൂറ്റൻ ഗർത്തം സാധാരണനിലയിൽ നിന്ന് വേഗത്തിൽ വികസിക്കുന്നതായി ശാസ്ത്രജ്ഞർ. കാലാവസ്ഥാ വ്യതിയാനമാണ് ഇതിന് കാരണമായി വിലയിരുത്തുന്നത്.

മഞ്ഞ് മൂടിക്കിടക്കുന്ന ഉയർന്ന പ്രദേശമായ യാനയിലാണ് നരകത്തിലേയ്ക്കുള്ള കവാടം എന്നറിയപ്പെടുന്ന ബറ്റാഗേക ഗർത്തം സ്ഥിതി ചെയ്യുന്നത്. 200 ഏക്കർ വീതിയും 300 അടി താഴ്‌ചയുമാണ് ഇതിനുള്ളത്. ഒരിനം ഞണ്ടായ സ്റ്റിൻഗ്രേയുടെ രൂപത്തിലാണ് ഇത് കാണപ്പെടുന്നത്. മുപ്പത് വർഷംകൊണ്ട് ഗർത്തം മൂന്നിരട്ടി വലിപ്പമായി മാറിയിരിക്കുന്നുവെന്ന് ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നു.

ഭൂമിയിലെ രണ്ടാമത് പഴക്കമുള്ള തണുത്തുറഞ്ഞ പ്രദേശമാണ് (പെർമാഫ്രോസ്റ്റ്) ബറ്റാഗേക. ബഹിരാകാശത്തുനിന്ന് കാണാൻ സാധിക്കുന്നയത്ര വലിപ്പമാണ് ഇതിനുള്ളത്. പെർമാഫ്രോസ്റ്റ് ഉരുകുന്നത് ഏതാണ്ട് അടിത്തട്ടിലെ പാറയിൽ എത്തിയതിനാൽ ഗർത്തം കൂടുതൽ ആഴത്തിൽ വളരുന്നതായി ഈ വർഷമാദ്യം നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നു. ഒരു ദശലക്ഷം ക്യുബിക് മീറ്ററാണ് ഓരോ വർഷവും ഗർത്തവും വളരുന്നതെന്നും പഠനത്തിൽ വ്യക്തമാക്കിയിരുന്നു.

ഗർത്തത്തിന്റെ അതിവേഗ വളർച്ച സമീപത്തെ ബറ്റഗേ നദീതീരത്തെ മണ്ണൊലിപ്പ് വർദ്ധിപ്പിക്കുകയും ചുറ്റുമുള്ള ആവാസവ്യവസ്ഥയെ ബാധിക്കുകയും ചെയ്യുമെന്ന് ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നു.

ശീതീകരിച്ച പോഷകങ്ങൾ ഉരുകുകയും അന്തരീക്ഷത്തിലേക്ക് പുറത്തുവിടുകയും ചെയ്യുന്നതിനാൽ അതിവേഗം വികസിക്കുന്ന ഗർത്തം ഹരിതഗൃഹ വാതകങ്ങൾ പുറന്തള്ളുന്നത് വർദ്ധിപ്പിക്കുമെന്നും ഗവേഷകർ അഭിപ്രായപ്പെടുന്നു. നിലവിൽ പ്രതിവർഷം 4,000 മുതൽ 5,000 ടൺ വരെ പെർമാഫ്രോസ്റ്റ് ലോക്ക്ഡ് ഓർഗാനിക് കാർബൺ പുറത്തുവിടുന്നതായി കണക്കാക്കുന്നു, ഈ എണ്ണം ഓരോ വർഷവും വർദ്ധിക്കുമെന്നും ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടി.

ഗർത്തം ഉരുകിക്കൊണ്ടിരിക്കുന്നതിനാൽ ഗർത്തം ഭൂരിഭാഗം ഭൂപ്രദേശങ്ങളെയും വിഴുങ്ങുമെന്നും കൂടുതൽ പ്രദേശങ്ങൾ ഉരുകാൻ തുടങ്ങിയാൽ സമീപ ഗ്രാമങ്ങൾക്ക് അപകടകരമാകുമെന്നും ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകി.