-kim-jong-un-

പ്യോഗ്യാംഗ്: കഴിഞ്ഞ ജൂലായിൽ ഉത്തര കൊറിയയിലുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും ആയിരത്തിലധികം ആളുകൾ മരിച്ചിരുന്നു. മരണം തടയുന്നതിൽ വീഴ്ച്ച വരുത്തിയ സർക്കാർ ഉദ്യോഗസ്ഥരെ വധിക്കാൻ ഉത്തരവിട്ടിരിക്കുകയാണ് പ്രസിഡന്റ് കിം ജോംഗ് ഉൻ. ചാഗാങ് പ്രവിശ്യയിൽ ഉണ്ടായ കനത്ത മഴയിലും മണ്ണിടിച്ചിലുകളിലും നിരവധി പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

ജനങ്ങളുടെ മരണം തടയുന്നതിൽ ഉദ്യോഗസ്ഥർ പരാജയപ്പെട്ടത് ചൂണ്ടിക്കാട്ടിയാണ് നടപടി. 30 ഉദ്യോഗസ്ഥരെയാണ് വധിക്കാൻ കിം തീരുമാനിച്ചതെന്ന് ദക്ഷിണ കൊറിയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ജനങ്ങളുടെ മരണത്തിന് ഉത്തരവാദിയായവർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് അടുത്തിടെ ഉത്തര കൊറിയൻ അധികൃതർ അറിയിച്ചിരുന്നു. അതേസമയം,​ ഇതിനോടകം തന്നെ 30 ഓളം ഉദ്യോഗസ്ഥരെ ഉത്തര കൊറിയയിൽ വധിച്ചതായും റിപ്പോർട്ടുണ്ട്.

ഉത്തരകൊറിയയിലെ ആഭ്യന്തരകാര്യങ്ങൾ അതീവരഹസ്യമായതിനാൽ വിശദാംശങ്ങൾ സ്ഥിരീകരിക്കാൻ പ്രായസമാണ്. എന്നാൽ ചെെനയുടെ അതിർത്തിക്കടത്തുള്ള ചഗാങ് പ്രവിശ്യയിലെ വെള്ളപ്പൊക്കത്തിന് പിന്നാലെ സർക്കാ‌ർ ഉദ്യോഗസ്ഥരെ കർശനമായി ശിക്ഷിക്കാൻ കിം അധികാരികളോട് ഉത്തരവിട്ടതായി ഉത്തരകൊറിയ സെൻട്രൽ ന്യൂസ് ഏജൻസി ജൂലായിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

പുറത്താക്കിയ ചഗാങ് പ്രവിശ്യാ പാർട്ടി സെക്രട്ടറി കാംഗ് ബോംഗ് ഹൂണിനെതിരെ അന്വേഷണം തുടരുകയാണ്. ജൂലായിൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ ആയിരത്തിലധികം പേർ മരിച്ചതായും 4,​100 വീടുകളും ഏക്കർ കണക്കിന് കൃഷി ഭൂമികളും നശിച്ചതായി ദക്ഷിണ കൊറിയൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.