
അമ്പതാണ്ടു മുമ്പ്, കല്യാണത്തലേ രാത്രിയിൽ സഖാവ് ദിവാകരൻ സ്വപ്നം കണ്ടു കിടന്ന തിരുവനന്തപുരം തമ്പാനൂരിലെ സി.പി സത്രം ഇപ്പോഴില്ല. മുറ്റത്ത്, റോഡിലേക്ക് തണലെഴുതി നിന്ന മരങ്ങളുമില്ല. പക്ഷേ, ആ കമ്മ്യൂണിസ്റ്റുകാരൻ നടന്ന കനൽവഴികൾക്കു മീതെ അന്നു രാവിലെ തണൽ നീർത്തിയ പൂമരം അമ്പതാണ്ടായി പ്രണയത്തിന്റെ സുഗന്ധമായും, പ്രതിസന്ധികളിൽ ഇതൾത്തലോടലായും, 'സാരമില്ല"എന്ന് ഏതു ദുരിതകാഠിന്യത്തിലും കൈപിടിക്കുന്ന ധൈര്യമായും കൂടെയുണ്ട്.
മുതിർന്ന സി.പി.ഐ നേതാവും ട്രേഡ് യൂണിയൻ സമരനായകനും മുൻ മന്ത്രിയുമൊക്കെയായ സി. ദിവാകരന്റെ ആത്മകഥ വായിച്ചുതുടങ്ങുമ്പോൾ ഒരു സംശയം. 'കനൽവഴികളിലൂടെ" എന്ന് പുസ്തകത്തിനു പേരിട്ടിട്ട്, കല്യാണ വിശേഷമാണല്ലോ ആദ്യം! 'സി.പി സത്രത്തിലെ മധുവിധുരാത്രി" എന്ന് ആദ്യ അദ്ധ്യായത്തിന് ശീർഷകവും. വി.ജെ.ടി ഹാളിൽ, മുഖ്യമന്ത്രി സി. അച്യുതമേനോനും എം.എൻ. ഗോവിന്ദൻ നായരും ചേർന്ന് എടുത്തുകൊടുത്ത പൂമാല, സി. ദിവാകരൻ ടി.വി. ഹേമലതയുടെ കഴുത്തിൽ ചാർത്തുമ്പോൾ ഹാൾ നിറഞ്ഞ് അന്നത്തെ പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാക്കളെല്ലാമുണ്ടായിരുന്നു.
ആർ.എസ്.പി നേതാവ് കെ.സി. വാമദേവനാണ് പറഞ്ഞത്: 'ദിവാകരൻ ഹേമയുടെ കഴുത്തിലും, ഹേമ ദിവാകരന്റെ കഴുത്തിലും ഹാരങ്ങൾ പരസ്പരം ഇടുക. നിങ്ങൾ വിവാഹിതരായി!" കൃത്യം അമ്പതു വർഷം മുമ്പ്, 1974 സെപ്തംബർ എട്ടിനായിരുന്നു, ആ വിപ്ളവ വിവാഹം. ബാല്യത്തിലെ ദുരിതാദ്ധ്യായവും കോളേജ് കാലത്തെ സമരവീര്യവും പൊതുജീവിതത്തിന്റെ തീവഴികളും തിരഞ്ഞെടുപ്പ് അനുഭവങ്ങളും ഭരണസ്മരണകളുമൊക്കെ നിറയുന്ന ആത്മകഥ പക്ഷേ അവസാനിക്കുന്നത് ആ പൂമരത്തണലിൽത്തന്നെ. അവസാന അദ്ധ്യായത്തുടക്കം ഇങ്ങനെ: 'എന്റെ ഈ ജീവിതയാത്ര ധന്യമാക്കിത്തീർത്ത എന്റെ പ്രിയങ്കരിയും കമ്മ്യൂണിസ്റ്റുകാരിയുമായ ഹേമലതയുടെ ധീരതയും ത്യാഗസന്നദ്ധതയും എനിക്ക് പകർന്നുതന്ന ആത്മധൈര്യവും ശുഭാപ്തിവിശ്വാസവും, എന്റെ കനൽവഴികളിൽ പൂത്തുലഞ്ഞു നിന്ന ഒരു പൂമരമായിരുന്നു!"
കമ്മ്യൂണിസ്റ്റ്
ശിക്ഷാകാലം
'കനൽവഴികളിലൂടെ" എന്ന ആത്മകഥയിൽ നിറയുന്നത് സി. ദിവാകരന്റെ വിപ്ളവസ്മരണകൾ മാത്രമല്ല, കോളേജ് കാലത്തെയും പ്രണയകാലത്തെയും സൗഹൃദകാലത്തെയും ഒരിക്കലും മായ്ച്ചുകളയാനാകാത്ത ചില പൂമരച്ഛായകൾ കൂടിയാണ്. ആത്മാക്ഷരങ്ങളെ കനലിനൊപ്പം, അതിൽ നീറ്റിയെടുത്ത കനകം കൂടിയാക്കിത്തീർക്കുന്ന എഴുത്തിന്റെ പണിത്തരവും തനിക്കു വശമുണ്ടെന്നു വിളിച്ചുപറയുന്നു, ഓരോ അദ്ധ്യായവും. ഒരു വിപ്ളവകാരിയുടെയും ട്രേഡ് യൂണിയൻ നേതാവിന്റെയും മന്ത്രിയുടെയും ജീവിതത്തിൽ എല്ലാവരുമറിയുന്ന അദ്ധ്യായങ്ങൾ ഒരുപാടുണ്ടാകും. ആരുമറിയാത്ത ചില കഥകളാകട്ടെ, വിപ്ളവാനുഭവങ്ങളുടെ മൂർച്ച കുറഞ്ഞുപോയെങ്കിലോ എന്നു സംശയിച്ച് പലരും ഓർമ്മയിൽ മറയ്ക്കും. അത്തരം ശങ്കയേതുമില്ല സി. ദിവാകരൻ എന്ന കറകളഞ്ഞ കമ്മ്യൂണിസ്റ്റിന് എന്നു സംസാരിക്കുന്നതാണ് കനൽവഴികളിലെ നിഴൽച്ചിത്രങ്ങൾ പലതും.
വിവാഹം കഴിഞ്ഞ് കഷ്ടിച്ച് രണ്ടാഴ്ച തികയുംമുമ്പായിരുന്നു സി. ദിവാകരന്റെ ആദ്യ മോസ്കോ യാത്ര. അത് വിവാഹത്തിനു മുമ്പേ പാർട്ടി തീരുമാനിച്ചതായിരുന്നു. ജില്ലാ കമ്മിറ്റിയിലെ ചില വിഭാഗീയ പ്രവർത്തനങ്ങളുടെ പേരിൽ, അന്ന് ജില്ലാ സെക്രട്ടറിയായിരുന്ന എൻ. കാർത്തികേയനെയും, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിയായിരുന്ന സി. ദിവാകരനെയും ആ സ്ഥാനങ്ങളിൽ നിന്ന് ഒഴിവാക്കിയ സംസ്ഥാന ഘടകം ഒരു ശിക്ഷ കൂടി വിധിച്ചു: ദിവാകരൻ മോസ്‌കോയിൽ പോയി ഒരുവർഷം പാർട്ടി ക്ളാസുകളിൽ പങ്കെടുത്ത് കമ്മ്യൂണിസം പഠിക്കുക! ഡൽഹിയിലേക്ക് മൂന്നു രാത്രികളും രണ്ടു പകലുകളും നീണ്ട ട്രെയിൻയാത്ര. അവിടെ, എസ്. കുമാരൻ എം.പിയുടെ 13-ഡി ഫിറോസ്‌ഷാ റോഡിലെ ക്വാർട്ടേഴ്സിൽ താമസം.
ഡൽഹിയിൽ ഏഴു
സുന്ദര രാത്രികൾ
'ആ ഏഴു സുന്ദര രാത്രികൾ" എന്നാണ് ഡൽഹിയിലെ മധുവിധു വേളയെക്കുറിച്ച് ആത്മകഥയിൽ ദിവാകരൻ എഴുതുന്നത്. പ്രിയതമയെ പിരിഞ്ഞ് കമ്മ്യൂണിസം പഠിക്കാൻ ഒരുവർഷക്കാലത്തേക്കുള്ള പോക്കാണ്!അന്നുതന്നെ സഖാവ് ഭൂപേഷ് ഗുപ്തയും മോസ്കോയിലേക്കു പോകുന്നുണ്ട്. വിമാനത്താവളത്തിലേക്ക് കൊണ്ടുപോകാൻ
സി.പി.ഐ കേന്ദ്ര കമ്മിറ്റി ഓഫീസ് ആയ അയോജ് ഭവനിൽ നിന്നെത്തിയ കാറിന്റെ മുൻസീറ്റിൽ ഭൂപേഷ് ഗുപ്തയുമുണ്ട്. ദിവാകരനും ഹേമയും പിൻസീറ്റിലേക്കു കയറി. ഇടയ്ക്ക്, പിന്നിലേക്കു തിരിഞ്ഞ് അദ്ദേഹം ഹേമയുടെ നനഞ്ഞ കണ്ണുകളിലേക്കു നോക്കി പറഞ്ഞു: 'ഡോണ്ട് വറി; ഹീ വിൽ കം ബാക്ക് ആസ് എ ഗുഡ് കമ്മ്യൂണിസ്റ്റ് വെരി സൂൺ!"
കമ്മ്യൂണിസത്തേക്കാൾ കഠിനമാണ് കാത്തിരിപ്പെന്ന് ദിവകാരൻ പഠിച്ചത് മോസ്കോയിലെ ദിവസങ്ങളിലാണ്. അക്കാര്യം പറഞ്ഞ് ഹേമയ്ക്ക് കത്തെഴുതിയപ്പോൾ മടക്കത്തപാലിൽ മറുപടി വന്നു: സാരമില്ല; കമ്മ്യൂണിസം എന്റെ രക്തത്തിന്റെ ചുവപ്പാണ്. കാത്തിരിപ്പ് മനസിന്റെ കലക്കവും! വൈക്കത്തെ പുരാതന ബ്രാഹ്മണ കുടുംബമായ തണ്ടില്ലത്തു മഠത്തിലെ വെങ്കിടേശ്വര അയ്യരും കുടുംബവും തിരുവനന്തപുരത്തേക്ക് താമസം മാറ്റാനിടയായ വിധിവൈപരീത്യം പോലും മുൻനിശ്ചിതമെന്നു കരുതാനാണ് ദിവാകരന് ഇഷ്ടം. അയ്യരുടെ ഭാര്യ രാധാമണി അമ്മ. മൂത്ത മകളാണ് ഹേമലത. താഴെ, രേണുവും വേണുവും.
കമ്മ്യൂണിസ്റ്റ്
മഠത്തിലെ കുട്ടി
പാർട്ടിയുടെ നിരോധനകാലത്ത് പി.എസ്. ശ്രീനിവാസനും സി.കെ. വിശ്വനാഥനും ഉൾപ്പെടെയുള്ള സഖാക്കൾക്ക് അഭയമേകിയ കുടുംബമാണ് തണ്ടില്ലത്ത്. ഭൂസ്വത്തിന്റെ പാതിയും അയ്യർ നാട്ടിലെ ഹരിജൻ കോളനിക്ക് വിട്ടുകൊടുത്തു. ബാക്കിവന്ന പുരയിടം വിറ്റുകിട്ടിയ കാശുമായി, കുട്ടികളുടെ വിദ്യാഭ്യാസത്തിനായി തിരുവനന്തപുരത്തേക്കു വരികയായിരുന്നു, അയ്യരും കുടുംബവും. ഹേമലത തിരുവനന്തപുരത്തെ വിദ്യാർത്ഥി ഫെഡറേഷൻ പ്രവർത്തനങ്ങളിലും മഹിളാസംഘത്തിലും മറ്റും സജീവമായി, അക്കാലത്തായിരുന്നു, സി. ദിവാകരനുമായുള്ള പരിചയവും അടുപ്പവും.
കൊടിയ വേദനകളും ജീവിതക്ളേശങ്ങളും നേരിട്ടും, തളരാതിരിക്കാൻ ഭർത്താവിന് താങ്ങായി നിന്നും ഹേമ അവരുടെ കമ്മ്യൂണിസ്റ്റ് കൂറ് തെളിയിച്ചു എന്നാണ് സി. ദിവാകരൻ അതേക്കുറിച്ച് എഴുതുന്നത്. സി. ദിവാകരൻ പാർട്ടിയുടെ സംസ്ഥാന- ദേശീയ നേതാവായി, മൂന്നുവട്ടം എം.എൽ.എ ആയി, അഞ്ചു വർഷം മന്ത്രിയായി, ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പരാജിതനായി... അപ്പോഴൊക്കെയും ദിവാകരന്റെ ഏകശക്തി ഹേമലതയായിരുന്നു.
കാപട്യമില്ലാത്ത കമ്മ്യൂണിസ്റ്റ് നേതാവിന്റെ ഭാര്യയെന്ന നിലയിൽ ചെറുതല്ലായിരുന്നു ഹേമലത അനുഭവിച്ച ക്ളേശജീവിതം. അതിനിടയിലും നിയമ ബിരുദം നേടി. എം.ഫിലും ജേർണലിസം ഡിപ്ളോമയും നേടി. ശ്രീചിത്രാ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസിന്റെ തുടക്കം മുതൽ 33 വർഷക്കാലം പബ്ളിക് റിലേഷൻസ് ഓഫീസർ ആയി സേവനമനുഷ്ഠിച്ച് സ്വയം വിരമിച്ചു. പിന്നെ, ഹൈക്കോടതിയിലും ട്രൈബ്യൂണലിലും അഭിഭാഷകയായി പ്രാക്ടീസ് ചെയ്തു. മകൻ ഡ്യൂ ദിവാകരൻ എൻജിനിയർ ആയതും, മകൾ ഡാലിയാ ദിവാകരൻ തിരുവനന്തരം മെഡിക്കൽ കോളേജിൽ അസി. പ്രൊഫസർ ആയതുമൊക്കെ ഹേമലത ഉറക്കമിളച്ച് കുട്ടികൾക്കൊപ്പമിരുന്നു നടത്തിയ അദ്ധ്വാനംകൊണ്ടു മാത്രമെന്നു പറയും, ദിവാകരൻ.
ഇന്ന്, ഈ അമ്പതാം വിവാഹ വാർഷികദിവസം രാവിലെ ഉണരുമ്പോഴും പണ്ട് സി.പി. സത്രത്തിലെ ഇരുപത്തിയെട്ടാം നമ്പർ മുറിയിൽക്കിടന്ന്, മാനേജരുടെ മുറിയിലെ വാൽവ് റേഡിയോയിൽ നിന്ന് കേട്ടിരുന്ന പ്രഭാതഗീതങ്ങൾ ദിവാകരന്റെ മനസിലുണ്ടാകും. വീട്ടുകാർ എതിർത്ത പാർട്ടിക്കല്യാണത്തിന് ധൈര്യമേകിയ മൂന്നു പേരുടെ മുഖങ്ങൾ മനസിൽ തെളിയുന്നു. കിളിമാനൂർ അഡ്വ. എം.പി. കുട്ടപ്പൻ, വൈദ്യുതി ബോർഡ് ജീവനക്കാരനായിരുന്ന കമലാസനൻ, രാമൻ സാർ എന്ന രാമചന്ദ്രൻ. ചാല കമ്പോളത്തിൽ ഇവർക്കൊപ്പം പോയാണ് താലിയും സാരിയും വാങ്ങിയത്. അതിനു നിർബന്ധിച്ചതാകട്ടെ, കുട്ടപ്പണ്ണനെന്ന് ദിവാകരൻ എന്നും വിളിച്ചിരുന്ന അഡ്വ. എം.പി. കുട്ടപ്പൻ.
പദ്മരാജന്റെ
കഥ മുക്കി!
'കനൽവഴികളിലൂടെ" എന്ന ആത്മകഥയുടെ ഓരോ താളും നിറയെ ഓർമ്മമുഖങ്ങളാണ്. യൂണിവേഴ്സിറ്റി കോളേജിലെ സൗഹൃദകാലം. പിന്നീട്, ജീവിതത്തിന്റെ ഓരോരോ ഗിരിനിരകളിലേക്കു കയറിപ്പോയവർ. അക്കൂട്ടത്തിലൊരു മുഖത്തിന്റെ ഉടമയ്ക്കായി മാത്രം ദിവാകരൻ ആത്മകഥയിൽ ഒരദ്ധ്യായം മാറ്റിവച്ചു: 'പി. പദ്മരാജനും ഞാനും!" സി. ദിവാകരന്റെ സീനിയർ ആയിരുന്നു, പീന്നീട് എഴുത്തിലും സിനിമയിലും അഗ്നിനക്ഷത്രമായ പി. പദ്മരാജൻ. ദിവാകരൻ കോളേജ് യൂണിയന്റെ മാഗസിൻ എഡിറ്റർ. രചനകൾ സമർപ്പിക്കേണ്ടവർ അത് ഒരു ബോക്സിൽ ഇടണം. അതാണ് നടപടിക്രമം. പദ്മരാജൻ ഒരു കഥയെഴുതി പെട്ടിയിൽ നിക്ഷേപിച്ചു. പിന്നീട്, കഥയുടെ മാന്ത്രികശില്പിയായിത്തീർന്നയാളുടെ ആദ്യരചന. ദിവാകരനും വിദ്യാർത്ഥി ഫെഡറേഷൻ പ്രവർത്തകരും ചേർന്ന് പദ്മരാജന്റെ കഥ കുപ്പത്തൊട്ടിയിലിട്ടു!
ഒ.എൻ.വി സാറാണ് മാഗസിന്റെ മേൽനോട്ട ചുമതലയുള്ള അദ്ധ്യാപകൻ. പദ്മരാജന്റെ പരാതി കിട്ടിയ ഒ.എൻ.വി കർശമായി നിർദ്ദേശിച്ചിട്ടും മാഗസിൻ എഡിറ്റർ വഴങ്ങിയില്ല. 'അന്നാദ്യമായി സാറിന്റെ നിർദ്ദേശം തള്ളിക്കൊണ്ട് ഞങ്ങൾ ഗുരുനിന്ദ നടത്തി"യെന്ന് ആത്മകഥയിൽ കുറ്റസമ്മതത്തോടെ ദിവാകരൻ എഴുതുന്നു. പദ്മരാജൻ എന്ന സ്നേഹിതനു മുന്നിൽ ശിരസ് കുറ്റബോധത്തോടെ താഴ്ന്നുപോകുന്നതും 'പി.പദ്മരാജനും ഞാനും" എന്ന അദ്ധ്യായത്തിൽ പഴയ ആ മാഗസിൻ എഡിറ്റർ സങ്കടപൂർവം പറയുന്നുണ്ട്. പദ്മരാജൻ വെറുതെയിരുന്നില്ല. അന്ന് കലാലയങ്ങളിലെ സാഹിത്യ ഹരമായിരുന്ന കൗമുദി വാരികയുടെ ഓഫീസിലേക്ക് ആ കഥയുമായി ചെന്നു. വാരിക പത്രാധിപരായ കൗമുദി ബാലകൃഷ്ണന്റെ ഒരു പ്രഖ്യാപനത്തോടെയായിരുന്നു അടുത്ത ലക്കത്തിൽ പദ്മരാജന്റെ ആദ്യകഥയുടെ വെളിച്ചപ്പെടൽ: 'മലയാള ചെറുകഥാ രംഗത്ത് ഒരു കഥാകാരൻ കൂടി ജനിക്കുന്നു!"
ഓർമ്മകളുടെ തിരയിളക്കത്തിൽ നിഴൽച്ചിത്രങ്ങളെത്ര! തിരുവനന്തപുരത്ത്, മണക്കാട് തോട്ടത്തെ 'ദീപ"ത്തിലിരുന്ന് ഓർമ്മക്കാലത്തെ മനസിലേക്ക് വിളിച്ചുവരുത്തുമ്പോൾ അരികെ ആ പൂമരമുണ്ട്. കാറ്റിൽ പൂമണം പരക്കുന്നുണ്ട്. അമ്പതാണ്ടു മുൻപ് പൂത്ത അതേ തീക്ഷ്ണഗന്ധത്തോടെ. മരുമകൻ ഡോ. അരുൺ, മരുമകൾ നിധി. നാലു പേരക്കുട്ടികൾ: മീനാക്ഷി, ഇഷിത, ശിവറാം, ശ്രീകാന്ത്.