
ജയ്‌പൂർ: ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ മുഖ്യ പരിശീലകനും മുൻ നായകനുമായ രാഹുൽ ദ്രാവിഡ് ഇനി രാജസ്ഥാൻ റോയൽസിന്റെ കോച്ചാകും. 2014-15 ഐപിഎൽ സീസണിൽ ടീമിന്റെ ഡയറക്‌ടറും മെന്ററുമായിരുന്നു ദ്രാവിഡ്. 2025 സീസണിൽ ഹെഡ് കോച്ചായി രാജസ്ഥാൻ ക്യാമ്പിലേക്ക് എത്തുന്നതിന് ദ്രാവിഡ് കരാർ ഒപ്പിട്ടു.
ഈ വർഷം ജൂണിലാണ് ഇന്ത്യൻ ടീമിന്റെ കോച്ചായുള്ള ദ്രാവിഡിന്റെ കരാർ അവസാനിച്ചത്. 2024 ട്വന്റി 20 ലോകകപ്പ് ചാമ്പ്യന്മാരായി ഇന്ത്യയെ മാറ്റിയ ശേഷമാണ് 51കാരനായ ദ്രാവിഡ് പടിയിറങ്ങിയത്. വരുന്ന മെഗാ ലേലത്തിൽ ഏതെല്ലാം കളിക്കാരെ ഫ്രാഞ്ചൈസിയിൽ നിലനിർത്തണം എന്നതിനെക്കുറിച്ച് ദ്രാവിഡ് പ്രാഥമിക ചർച്ച നടത്തിയതായാണ് വിവരം. രാജസ്ഥാൻ നായകൻ സഞ്ജു സാംസണുമായി അണ്ടർ 19 കാലംമുതൽ ആത്മബന്ധമുള്ളയാളാണ് ദ്രാവിഡ്.
2012,2013 കാലങ്ങളിൽ രാജസ്ഥാൻ റോയൽസ് നായകനായിരുന്നു ദ്രാവിഡ്. തുടർന്നാണ് 2014-15 കാലത്ത് ഡയറക്‌ടറും മെന്ററുമായത്. 2016ൽ ദ്രാവിഡ് ഡൽഹി ഡെയർഡെവിൾസിന്റെ (ഇപ്പോൾ ഡൽഹി ക്യാപിറ്റൽസ്) ചുമതലയും വഹിച്ചു. പിന്നീട് 2019ൽ ബംഗളൂരു ദേശീയ ക്രിക്കറ്റ് അക്കാഡമി തലവനായി. 2021ലാണ് അദ്ദേഹം ഇന്ത്യ സീനിയർ ടീമിന്റെ കോച്ചായി ചുമതലയേറ്റത്.
ദ്രാവിഡിനൊപ്പം മുൻ ഇന്ത്യൻ ബാറ്റിംഗ് കോച്ച് വിക്രം രാത്തോറുമായും രാജസ്ഥാൻ കരാറിൽ ഏർപ്പെട്ടു എന്നാണ് സൂചന. ഐപിഎല്ലിലാകും രാജസ്ഥാൻ റോയൽസിന്റെ കോച്ചായി ദ്രാവിഡ് ഉണ്ടാകുക. മറ്റ് ലീഗുകളിൽ ഫ്രാഞ്ചൈസിയെ നയിക്കാൻ മുൻ ശ്രീലങ്കൻ താരം കുമാർ സംഗക്കാര തന്നെയാകും ഉണ്ടാകുക. ദക്ഷിണാഫ്രിക്കയിലെ പാൾ റോയൽസിനെയും കരീബിയൻ പ്രിമിയർ ലീഗിൽ ബാർബഡോസ് റോയൽസിനെയും സംഗക്കാര തന്നെ പരിശീലിപ്പിക്കും.
2008ന് ശേഷം രാജസ്ഥാൻ റോയൽസ് ഐപിഎൽ കിരീടം നേടിയിട്ടില്ല. 2022ൽ ഗുജറാത്ത് ടൈറ്റൻസിനോട് തോറ്റ് റണ്ണറപ്പ് ആയി. എന്നാൽ 2023ൽ പ്ളേ ഓഫ് കാണാതെ പുറത്തായി. ഇത്തവണത്തെ സീസണിൽ രണ്ടാം ക്വാളിഫയറിൽ പുറത്തായി.