
ഇന്ന് പ്രായ ഭേദമന്യേ മിക്കവരെയും അലട്ടുന്ന സൗന്ദര്യ പ്രശ്നമാണ് നര. ഇതുമൂലം ആത്മവിശ്വാസം നഷ്ടമായവർ വരെ ഉണ്ടാകും. നരയെ മറക്കാനായി ഹെയർ ഡൈയിൽ അഭയം തേടുന്നവരും നിരവധിയാണ്. ബ്യൂട്ടീ പാർലറുകളിൽ പോയി മുടി കറുപ്പിക്കുന്നവർ വളരെ ചുരുക്കമാണ്. ഹെയർ ഡൈ വാങ്ങി വീട്ടിൽ നിന്ന് മുടി കറുപ്പിക്കുകയാണ് കൂടുതൽ പേരും ചെയ്യുന്നത്.
എന്നാൽ ഹെയർ ഡൈ ചെയ്യുന്ന സമയത്ത് നെറ്റിയിലും കൈകളിലുമൊക്കെ ഇതാകാൻ സാദ്ധ്യത വളരെ കൂടുതലാണ്. ഈ കരി പോകാനും കുറച്ച് പാടാണ്. തേച്ചുരച്ച് കഴുകിയാൽ പോലും പൂർണമായി പോകണമെന്നില്ല. എന്നാൽ ഈ ബുദ്ധിമുട്ട് പരിഹരിക്കാൻ ചില എളുപ്പവഴികളുണ്ട്.
പെട്രോളിയം ജെല്ലി ഉപയോഗിച്ച് നെറ്റിയിലെയും കൈയിലെയുമൊക്കെ ഹെയർ ഡൈ മാറ്റാം. ഇത് കറയിൽ തേച്ചുകൊടുത്ത് നന്നായി മസാജ് ചെയ്യുക. ശേഷം ഒരു തുണിയെടുത്ത് ഇളം ചൂടുവെള്ളത്തിൽ മുക്കി, കറ തുടച്ചുകളയുക.
മേക്കപ്പ് റിമൂവർ ആണ് അടുത്ത സൂത്രം. ഒരു കോട്ടനിൽ മേക്കപ്പ് റിമൂവർ എടുക്കുക. ശേഷം ഹെയർ ഡൈ കറയിൽ കുറച്ച് സമയം മസാജ് ചെയ്യുക. നെറ്റിയിലെയും മറ്റും കറ ഇളകിപ്പോരും. ശേഷം മുഖം നന്നായി കഴുകി മോയ്സ്ചറൈസർ തേച്ചുകൊടുക്കുന്നത് നല്ലതാണ്. നെയിൽ പോളിഷ് റിമൂവർ ഇത്തരത്തിൽ ഉപയോഗിച്ചാൽ കറ മാറും. എന്നാൽ ഇത് ചർമത്തെ വരണ്ടതാക്കാൻ സാദ്ധ്യതയുണ്ട്.
ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക, അലർജിയോ മറ്റോ ഉള്ളവരാണെങ്കിൽ മുഖത്ത് എന്ത് സാധനം തേക്കുന്നതിന് മുമ്പും പാച്ച് ടെസ്റ്റ് ചെയ്ത് കുഴപ്പമൊന്നുമില്ലെന്ന് ഉറപ്പാക്കണം.