
വ്യാജ ആരോപണങ്ങളിൽ
കർശന നടപടി വേണം
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്ന ശേഷം മലയാള സിനിമയിൽ പ്രമുഖ നടന്മാർ ഉൾപ്പെടെയുള്ളവർക്കെതിരേ ഒട്ടേറെ പീഡന ആരോപണങ്ങളാണ് പുറത്തു വരുന്നത്. ഇതെല്ലാം നിഷേധിച്ചുകൊണ്ട് നടന്മാരും രംഗത്തു വരുന്നുണ്ട്. ഇതിൽ ഏറ്റവും ഒടുവിലത്തേത് നടൻ നിവിൻ പോളിക്ക് എതിരെ വന്ന ആരോപണമാണ്. തന്റെ പേരിൽ ഉന്നയിക്കപ്പെടുന്നത് വ്യാജ ആരോപണമാണെന്നും, നിരപരാധിത്വം തെളിയിക്കാൻ ഏതറ്റം വരെയും പോകുമെന്നും പറഞ്ഞ് നടനും രംഗത്തെത്തിയിരുന്നു.
ഇത്തരം സംഭവങ്ങൾ മനഃപൂർവം കെട്ടിച്ചമച്ചതാണെന്നും, ആർക്കും ഏതു സമയത്തും ഇത്തരം ആരോപണങ്ങൾ നേരിടേണ്ടി വരാമെന്നും കൂടി അദ്ദേഹം പറഞ്ഞു. ലൈംഗികാരോപണങ്ങൾ വ്യാജമാണെങ്കിൽ അത് കുറ്റാരോപിതനായ വ്യക്തിയുടെ കരിയറോ ഉദ്യോഗമോ മാത്രമല്ല, ജീവിതം തന്നെയാണ് തകർക്കുക. ലൈംഗികാരോപണങ്ങൾ വ്യാജമാണോ എന്ന കാര്യത്തിലും ഫലപ്രദമായ അന്വേഷണം നടക്കേണ്ടതുണ്ട്. വ്യാജമെന്നു തെളിഞ്ഞാൽ അത്തരം പരാതിക്കാർക്കെതിരെ ശക്തമായ ക്രിമിനൽ നടപടികൾ കൈക്കൊള്ളുകയും വേണം.
സി.ജെ സീത
തൃപ്പൂണിത്തുറ
പൊലീസിൽ വീണ
പുഴുക്കുത്തുകൾ
ആഭ്യന്തര വകുപ്പിലെ പ്രശ്നങ്ങളെപ്പറ്റി ഗുരുതര ആരോപണങ്ങളുടെ കൊടുങ്കാറ്റാണ് പി.വി. അൻവർ എം.എൽ.എ കഴിഞ്ഞ ദിവസങ്ങളിൽ അഴിച്ചുവിട്ടത്. ഇത്തരം ഗുരുതര ആരോപണങ്ങൾ നിലനിൽക്കുമ്പോഴും മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയിൽ കാര്യങ്ങളൊക്കെ ഏകദേശം ഒതുങ്ങിയ മട്ടാണ്. പോലീസിന്റെ സൽപ്പേരിന് കളങ്കമുണ്ടാക്കുന്നവർക്ക് സേനയിൽ തുടരാൻ അവകാശമില്ലെന്നും മുഖ്യമന്ത്രി തന്നെയാണ് അടുത്തിടെ പറഞ്ഞത്. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം അൻവർ മയപ്പെട്ടെങ്കിലും ഉന്നയിച്ച ആരോപണങ്ങൾ അതേപടി നിൽക്കുകയാണ്. സംസ്ഥാനത്തെ മുഴുവൻ ക്രമസമാധാന ചുമതലയുള്ള ഉദ്യോഗസ്ഥനെതിരെയുള്ള ആരോപണത്തിന്റെ ഗൗരവം ചെറുതല്ല. സംസ്ഥാനത്തിനു തന്നെ നാണക്കേട് ഉണ്ടാക്കുന്ന ഇത്തരം സംഭവങ്ങളുടെ ഗൗരവം കണക്കിലെടുത്ത് സർക്കാർ തലത്തിൽ സമഗ്ര അന്വേഷണം നടത്തണം.
ജോൺസൺ
ചീനക്കുഴി
ജനപക്ഷത്തു
നിന്ന് പോരാടണം
രാഷ്ട്രീയ, സാമൂഹ്യ വർത്തമാനങ്ങൾ ജനങ്ങളിലെത്തിക്കുന്നതു പോലെ തന്നെ, ജനകീയ വിഷയങ്ങൾ അധികൃതരുടെ ശ്രദ്ധയിലെത്തിക്കുന്നതിലും മാദ്ധ്യമങ്ങൾക്ക് വലിയ പങ്കു വഹിക്കാനുണ്ട്. ജനാധിപത്യത്തിന്റെ നാലാം തൂൺ (ഫോർത്ത് എസ്റ്രേറ്റ്) എന്നാണല്ലോ മാദ്ധ്യമങ്ങളുടെ വിശേഷണം. അതേസമയം, വാർത്താ ദൃശ്യമാദ്ധ്യമങ്ങളും അച്ചടിമാദ്ധ്യമങ്ങളും നിറയെ അടുത്തിടെയായി കാണുന്നത് രാഷ്ട്രീയ രംഗത്തെയും, പൊലീസ് മേഖലയിലെയും മറ്റും അരാജകത്വം തമസ്കരിക്കപ്പെടുന്നതിന്റെ ഞെട്ടിക്കുന്ന വാർത്തകളാണ്. പുറത്തുവരുന്ന വാർത്തകൾ തന്നെ നിമിഷനേരംകൊണ്ട് നിഷേധിക്കപ്പെടുകയും, വെള്ളപൂശപ്പെടുകയും ചെയ്യുന്നു. ജനങ്ങളെ വിഡ്ഢികളാക്കുന്ന ഇത്തരം രാഷ്ട്രീയ മലക്കംമറിച്ചിലുകൾ റിപ്പോർട്ട് ചെയ്യുക മാത്രമല്ല, അതിനെതിരെ ജനപക്ഷത്തു നിന്ന് ശക്തമായ നിലപാടെടുക്കുവാൻ കൂടി മാദ്ധ്യമങ്ങൾ തയ്യാറാകണം.
കെ. അജയസിംഹൻ
കുനിശ്ശേരി