
തിരുവനന്തപുരം: തലസ്ഥാനത്ത് തിരുപുറത്ത് സ്കൂട്ടറിൽ കറങ്ങി നടന്ന് മദ്യ വിൽപ്പന നടത്തുന്നയാളെ എക്സൈസ് പിടികൂടി. കാഞ്ഞിരംകുളം സ്വദേശി സിന്ധു കുമാർ (44 ) ആണ് പിടിയിലായത്. ഇയാളിൽ നിന്നും 11 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം കണ്ടെടുത്തു. മദ്യ വിൽപ്പനയ്ക്കായി ഉപയോഗിച്ച സ്കൂട്ടറും കസ്റ്റഡിയിൽ എടുത്തു.
തിരുപുറം റേഞ്ച് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ബിനുവിന്റെ നേതൃത്വത്തിലുള്ള പാർട്ടിയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) വിജയകുമാർ.ബി, അജികുമാർ.ബി.എൻ, സിവിൽ എക്സൈസ് ഓഫീസർമാരായ ശ്രീനു, ജിജിൻ പ്രസാദ് എന്നിവരും പങ്കെടുത്തു.
അതേസമയം,ചെട്ടിക്കുളങ്ങരയിൽ ചാരായം വാറ്റുന്നതിനിടയിൽ വാറ്റ് സംഘത്തെ എക്സൈസ് അറസ്റ്റ് ചെയ്തു. ബഞ്ചു തോമസ്, ജോർജ് വർഗീസ്, അജിത്, രാജീവ് എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്നും 20.5 ലിറ്റർ ചാരായം, 100 ലിറ്റർ കോട, 20 ലിറ്റർ സ്പെൻഡ് വാഷ്, വാറ്റുപകരണങ്ങൾ എന്നിവ പിടിച്ചെടുത്തു.
കായംകുളം റേഞ്ച് എക്സൈസ് ഇൻസ്‌പെക്ടർ മുഹമ്മദ് മുസ്തഫയുടെ നേതൃത്വത്തിലാണ് കേസ് കണ്ടെത്തിയത്.
അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ കൊച്ചു കോശി ,അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്) മാരായ സുനിൽ, ബിനു, സിവിൽ എക്സൈസ് ഓഫീസർമാരായ പ്രവീൺ, ദീപു പ്രഭകുമാർ എന്നിവരും റെയ്‌ഡിൽ പങ്കെടുത്തു.
ഓണം സ്പെഷ്യൽ ഡ്രൈവ് എക്സൈസ് ശക്തിപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് പലയിടങ്ങളിലും റെയ്ഡ് നടക്കുകയാണ്.