
തിരുവനന്തപുരം: എയർ കേരള വിമാനസർവീസുകൾ ആറുമാസത്തിനുള്ളിൽ ആരംഭിച്ചേക്കുമെന്ന് സൂചിപ്പിച്ച് സിഇഒ ഹരീഷ് കുട്ടി. ആദ്യം ആഭ്യന്തര വിമാനസർവീസായിരിക്കും തുടങ്ങുക. തുടർന്ന് കേരള- ഗൾഫ് സെക്ടറിൽ രാജ്യാന്തര സർവീസും മിതമായ നിരക്കിൽ ആരംഭിക്കും. എറണാകുളം ആയിരിക്കും എയർ കേരളയുടെ ആസ്ഥാനം. മൂന്നുവിമാനങ്ങളുമായിട്ടായിരിക്കും സർവീസ് ആരംഭിക്കുക.
സാധാരണക്കാരായ പ്രവാസികളെ ലക്ഷ്യമിട്ട് പരമാവധി കുറഞ്ഞ നിരക്കിൽ സർവീസ് നടത്താനാണ് ലക്ഷ്യമിടുന്നതെന്നും ഹരീഷ് കുട്ടി വ്യക്തമാക്കി. നിരക്കിൽ മത്സരിക്കുന്നത് ബസിനോടും ട്രെയിനിനോടുമാണെന്നു പറഞ്ഞ അദ്ദേഹം ടോൾ കൊടുത്തുള്ള റോഡ് യാത്രയെക്കാൾ ഒരു പക്ഷേ ചീപ്പായിരിക്കും വിമാനയാത്ര എന്നും സൂചിപ്പിച്ചു.
എയർകേരളയുടെ പ്രാഥമിക നിക്ഷേപം 250 കോടിയാണ്. സംസ്ഥാന സർക്കാരിനും കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനിയ്ക്കും(സിയാൽ) 25 ശതമാനം ഓഹരികൾ സംരംഭത്തിലുണ്ടാകുമെന്നാണ് സൂചന.
എയർ കേരള സർവീസ് തുടങ്ങുന്നതോടെ പ്രവാസികളുടെ ദീർഘകാല സ്വപ്നമാണ് പൂവണിയുന്നത്. സംസ്ഥാനത്തിന്റെ ടൂറിസം, യാത്ര മേഖലയ്ക്കും പുതിയ കമ്പനി വലിയ മുന്നേറ്റം സൃഷ്ടിക്കും.ഫ്രഞ്ച് നിർമ്മിതമായ 78 സീറ്റുള്ള മൂന്ന് എ.ടി.ആർ. 72-600 ഡബിൾ എൻജിൻ വിമാനങ്ങളാകും ആദ്യം ഉപയോഗിക്കുക. ഇവ പാട്ടത്തിനെടുക്കാനാണ് ആലോചന. വ്യോമയാന മന്ത്രാലയം നിഷ്‌കർഷിക്കുന്ന എല്ലാ സുരക്ഷാ നിലവാരങ്ങളും പാലിക്കുമെന്ന് ഉറപ്പാക്കുകയാണ് പ്രധാന ദൗത്യമെന്ന് കമ്പനി വൈസ് ചെയർമാൻ അയൂബ് കല്ലട നേരത്തേ വ്യക്തമാക്കിയിരുന്നു.