pocso-case

തിരുവനന്തപുരം: മകളെ ലെെംഗികമായി പീഡിപ്പിച്ച പിതാവിന് മൂന്നു തവണ മരണം വരെ കഠിനതടവ് ശിക്ഷ വിധിച്ച് കോടതി. തിരുവനന്തപുരം പോക്‌സോ ജില്ലാ ജഡ്ജി എം പി ഷിബുവാണ് വിവിധ വകുപ്പുകൾ ചുമത്തി ശിക്ഷ വിധിച്ചത്. 1.60 ലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്. ഇതിൽ നിന്ന് 1.5 ലക്ഷം രൂപ കുട്ടിക്ക് നൽകണം.

കുഞ്ഞിന് ഒന്നരവയസ് മാത്രം ഉള്ളപ്പോഴാണ് അമ്മ മരിച്ചത്. കുട്ടി ഒന്നാം ക്ലാസിൽ പഠിക്കുന്ന സമയം മുതൽ മുപ്പത്തിയേഴുകാരമായ പിതാവ് ലെെംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. പ്രതിയുടെ ഉപദ്രവം സഹിക്കാൻ കഴിയാതെ വന്നതോടെ കുട്ടി വിവരം സ്കൂളിലെ അദ്ധ്യാപികയോട് പറയുകയായിരുന്നു. അദ്ധ്യാപകർ പൊലീസിൽ വിവരം അറിയിച്ചു.

പിന്നാലെ പൊലീസ് പിതാവിനെ അറസ്റ്റ് ചെയ്തു. കേസ് റിപ്പോർട്ട് ചെയ്ത ദിവസം മുതൽ കുട്ടി ജുവനെെൽ ഹോമിലാണ് കഴിയുന്നത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ജെ കെ അജിത് പ്രസാദ് അഭിഭാഷക വി സി ബിന്ദു എന്നിവർ ഹാജരായി.

പീഡനം: വിദേശത്ത് ഒളിവിലായിരുന്ന പ്രതി പിടിയിൽ

ആര്യനാട്:പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം വിദേശത്ത് ഒളിവിൽ കഴിയുകയായിരുന്ന മലപ്പുറം സ്വദേശിയെ ആര്യനാട് പൊലീസ് പിടികൂടി. മലപ്പുറം പെരിന്തൽമണ്ണ ഏലംകുളം കുന്നക്കാവ കള്ളിയത്തോട് മോദിയിൽ ഹൗസിൽ മുഹമ്മദ് ഷഹാദ് (26)ആണ് പിടിയിലായത്.2019 ൽ വെള്ളനാട് സ്വദേശിനിയായ യുവതിയെ ആണ് ഇയാൾ പീഡിപ്പിച്ചത്.

സംഭവശേഷം വിദേശത്തേക്ക് കടന്നുകളഞ്ഞ പ്രതിക്കെതിരെ പൊലീസ് ഇന്റർപോളിന്റെ സഹായത്തോടെ ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.തുടർന്ന് നാട്ടിലേക്ക് വന്ന പ്രതിയെ ഇമിഗ്രേഷൻ വിഭാഗം കോയമ്പത്തൂർ വിമാനത്താവളത്തിൽ തടഞ്ഞുവച്ചശേഷം ആര്യനാട് പൊലീസിൽ അറിയിക്കുകയായിരുന്നു.