
കൊച്ചി: പശ്ചിേമേഷ്യയിലെ രാഷ്ട്രീയ സംഘർഷങ്ങളും അമേരിക്കയിൽ പലിശ കുറയുമെന്ന വാർത്തകളും ലോകത്തിലെ പ്രമുഖ നാണയങ്ങൾക്കെതിരെ ഡോളറിന് കരുത്ത് നൽകുന്നു. ഇതോടെ ഓഹരി, കമ്പോള, നാണയ വിപണികൾ കനത്ത അനിശ്ചിതത്വത്തിലേക്ക് നീങ്ങി. ഏഷ്യ, യൂറോപ്പ് എന്നിവിടങ്ങളിലെ പ്രമുഖ ഓഹരി വിപണികൾ ഇന്നലെ കുത്തനെ ഇടിഞ്ഞു. ഇതോടൊപ്പം രാജ്യാന്തര വിപണിയിൽ സ്വർണ വില ഔൺസിന് 2,500 ഡോളറിലേക്ക് താഴ്‌ന്നു. ചൈനയിലെ സാമ്പത്തിക തളർച്ച ക്രൂഡോയിൽ വിലയും കുത്തനെ കുറച്ചു.
അമേരിക്കൻ സാമ്പത്തിക മേഖലയിലെ നിർണായക കണക്കുകളാണ് ലോക വിപണികൾ കരുതലോടെ കാത്തിരിക്കുന്നത്. പുതിയ തൊഴിലവസരങ്ങൾ, തൊഴിലില്ലായ്‌മ, കാർഷികേതര മേഖലയിലെ തൊഴിൽ ലഭ്യത എന്നീ കണക്കുകൾ അമേരിക്കൻ ഏജൻസികൾ നാളെ പുറത്തുവിടും. ഇതിന്റെ അടിസ്ഥാനത്തിലാണ് മുഖ്യ പലിശ നിരക്കിൽ മാറ്റമുണ്ടാകുന്നത്.
രൂപയുടെ മൂല്യം റെക്കാഡ് താഴ്ചയിൽ
ചരിത്രത്തിലാദ്യമായി അമേരിക്കൻ ഡോളറിനെതിരെ രൂപയുടെ മൂല്യം 84 കടന്ന് മൂക്കുകുത്തി. ആഗോള വിപണിയിലെ പ്രതികൂല വാർത്തകളിൽ ഇന്നലെ രൂപയുടെ മൂല്യം നാല് പൈസ നഷ്‌ടത്തോടെ 84.02ൽ എത്തി. ക്രൂഡോയിൽ വിലയിലെ ഇടിവും റിസർവ് ബാങ്കിന്റെ വിപണി ഇടപെടലും കാര്യമായ ഫലം കണ്ടില്ല. കഴിഞ്ഞ ദിവസങ്ങളിൽ 83.95ന് അടുത്ത് തുടർന്ന രൂപ ഇന്നലെ വ്യാപാരാന്ത്യത്തിലാണ് വില്പന സമ്മർദ്ദം നേരിട്ടത്. വിദേശ നിക്ഷേപകരുടെ പിന്മാറ്റവും പ്രതികൂലമായി.
ക്രൂഡ് വില ഇടിയുന്നു
ചൈനയിലെ സാമ്പത്തിക വളർച്ച സംബന്ധിച്ച അനിശ്ചിതത്വങ്ങളും ആഗോള വിപണിയിൽ ഉപഭോഗം കുറയുമെന്ന ആശങ്കകളും ക്രൂഡോയിൽ വില ഒൻപത് മാസത്തെ ഏറ്റവും കുറഞ്ഞ തലത്തിലെത്തിച്ചു. അമേരിക്കൻ വിപണിയിൽ ക്രൂഡോയിൽ ഒക്ടോബർ അവധി വില 69.5 ഡോളർ വരെ കുറഞ്ഞു. ബ്രെന്റ് ക്രൂഡ് വില സിംഗപ്പൂർ വിപണിയിൽ 73 ഡോളറിലേക്ക് ഇടിഞ്ഞു.
ഇന്ത്യൻ ഓഹരികൾക്കും ഇടിവ്
ആഗോള മേഖലയുടെ ചുവടുപിടിച്ച് ഇന്നലെ ഇന്ത്യൻ ഓഹരികളും കനത്ത നഷ്ടത്തിലേക്ക് നീങ്ങി. ബോംബെ ഓഹരി സൂചികയായ സെൻസെക്‌സ് 202.8 പോയിന്റ് നഷ്ടവുമായി 82,354.64ൽ വ്യാപാരം പൂർത്തിയാക്കി. നിഫ്‌റ്റി 81.15 പോയിന്റ് നഷ്ടത്തോടെ 25,191.54ൽ അവസാനിച്ചു. സാമ്പത്തിക മേഖല കടുത്ത അനിശ്ചിതത്വങ്ങളിലൂടെ നീങ്ങുന്നതിനാൽ വരും ദിവസങ്ങളിലും വിപണിയിൽ വില്പന സമ്മർദ്ദം തുടർന്നേക്കും.
സ്വർണം ശക്തമായി പിടിച്ചുനിൽക്കുന്നു
ഡോളർ ശക്തിയാർജിക്കുകയാണെങ്കിലും രാജ്യാന്തര വിപണിയിൽ സ്വർണ വില ഔൺസിന് 2,500 ഡോളറിനടുത്ത് തുടരുകയാണ്. സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിന് ഇപ്പോഴും പ്രിയമേറെയാണെന്ന് അനലിസ്റ്റുകൾ പറയുന്നു. എങ്കിലും രാജ്യാന്തര വിപണിയിൽ നാല് ദിവസമായി സ്വർണ വില താഴേക്കാണ് നീങ്ങിയത്. ഇന്നലെ കേരളത്തിൽ സ്വർണ വില മാറ്റമില്ലാതെ തുടർന്നു.
തകർന്നടിഞ്ഞ് എൻവിഡിയ ഓഹരികൾ
പ്രതീക്ഷിച്ച പ്രവർത്തന ലാഭം നേടാത്തതിനാൽ അമേരിക്കയിലെ പ്രമുഖ ചിപ്പ്നിർമ്മാതാക്കളായ എൻവിഡയയുടെ ഓഹരി വില കുത്തനെ ഇടിയുന്നു. ചൊവ്വാഴ്ച ഓഹരി വിലയിൽ പത്ത് ശതമാനം കുറവുണ്ടായി. കഴിഞ്ഞ മാസം ലോകത്തിലെ ഏറ്റവും മൂല്യമുള്ള കമ്പനിയായി മാറിയ കമ്പനിക്ക് പിന്നീട് നേട്ടം നിലനിറുത്താനായില്ല.