
ഇംതിയാസ് അലി സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ ഫഹദ് ഫാസിൽ ബോളിവുഡ് അരങ്ങേറ്റത്തിന്. അതുല്യമായ ആഖ്യാന ശൈലിയുള്ള പ്രണയ കഥയാണ് ചിത്രത്തിന്റെ പ്രമേയം. ജബ് വി മെറ്റ്, റോക്ക് സ്റ്റാർ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായ ഇംതിയാസ് അലി- ഫഹദ് ഫാസിൽ ചിത്രത്തിന്റെ ചിത്രീകരണം അടുത്തവർഷം ആരംഭിക്കും.
അനുരാഗ് കശ്യപിന്റെ ചിത്രത്തിലൂടെ ഇന്ദ്രജിത്ത് ബോളിവുഡിൽ എത്തിയതിനുപിന്നാലെയാണ് ഫഹദ് ഫാസിലിന്റെ രംഗപ്രവേശം. ഇംതിയാസ് അലി - ഫഹദ് ഫാസിൽ ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. അതേസമയം അൽത്താഫ് സലിം സംവിധാനം ചെയ്യുന്ന ഒാടും കുതിര ചാടും കുതിര , രജനികാന്ത് നായകനായ വേട്ടയൻ, അല്ലു അർജുൻ ചിത്രം പുഷ്പ 2 എന്നിവയാണ് ഫഹദിന്റേതായി റിലീസിന് ഒരുങ്ങുന്ന ചിത്രങ്ങൾ. വേട്ടയൻ ഒക്ടോബർ പത്തിനും പുഷ്പ 2 ഡിസംബർ ആറിനും റിലീസ് ചെയ്യാനാണ് ഒരുങ്ങുന്നത്. ഒാടും കുതിര ചാടും കുതിരയിൽ കല്യാണി പ്രിയദർശനാണ് നായിക. കരാട്ടെ ചന്ദ്രൻ ആണ് ചിത്രീകരണത്തിന് ഒരുങ്ങുന്ന ഫഹദ് ഫാസിൽ ചിത്രം. നവാഗതനായ റോയ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മഹേഷിന്റെ പ്രതികാരം മുതൽ ദിലീഷ് പോത്തന്റെ കോ ഡയറക്ടറായിരുന്നു റോയ്. പ്രേമലുവിന്റെ തകർപ്പൻ വിജയത്തിനുശേഷം ഭാവന സ്റ്റുഡിയോസ് നിർമ്മിക്കുന്ന ചിത്രമാണ്. ഭാവന സ്റ്റുഡിയോസിന്റെ ആറാമത്തെ ചിത്രമാണ് കരാട്ടെ ചന്ദ്രൻ.