jubin

മാഹി: മുക്കാളി ദേശീയപാതയിൽ കാറിൽ ലോറിയിടിച്ച് കാർ ഡ്രൈവറും യാത്രക്കാരനും മരിച്ചു. ഇന്നലെ രാവിലെ ആറരയോടെ മുക്കാളിക്കടുത്ത് പഴയ എ.ഇ.ഒ ഓഫീസിനടുത്തായിരുന്നു അപകടം. കാർ ഡ്രൈവർ പാറാലിൽ പ്രണവം നിവാസിൽ ജയരാജന്റെ മകൻ ജുബിൻ (38), യാത്രക്കാരൻ മാഹി ചാലക്കര കളത്തിൽ ഹൗസിൽ പരേതനായ രത്നാകരന്റെ മകൻ ഷിജിൽ (53) എന്നിവരാണ് മരിച്ചത്.

കോഴിക്കോട് എയർപോർട്ടിൽ നിന്നും വരികയായിരുന്ന കാറിൽ കണ്ണൂർ ഭാഗത്തു നിന്നും വന്ന ലോറി ഇടിക്കുകയായിരുന്നു. കാറിന്റെ മുൻവശം പൂർണമായി തകർന്നു.

ചാലക്കര കീഴന്തൂർ കുനിയിൽ പ്രകാശന്റേതാണ് കാർ. അമേരിക്കയിൽ എൻജിനിയറായ ഷിജിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അമ്മ പ്രസന്നയെ കാണാനായി നാട്ടിലേക്ക് വരികയായിരുന്നു. വീടിന് ഏതാനും കിലോമീറ്റർ അകലെവച്ചാണ് അപകടമുണ്ടായത്. ഷിജിലിന്റെ ഭാര്യ ശീതൾ. മക്കൾ: സിന്താന്ത്, സാൻവി. സഹോദരങ്ങൾ: പ്രഷീൽ (യു.എസ്.എ), വിപിൻ (യു.കെ). സംസ്കാരം പിന്നീട്.


യൂത്ത് കോൺഗ്രസ് തലശേരി നിയോജകമണ്ഡലം കമ്മിറ്റി മുൻ പ്രസിഡന്റും കോൺഗ്രസ് കോടിയേരി മണ്ഡലം സെക്രട്ടറിയുമാണ് ജുബിൻ. ഇന്നലെ വൈകിട്ട് പാറാലിൽ പൊതുദർശനത്തിനു വച്ചശേഷം രാത്രി 8ന് കോമത്ത് വീട്ടുവളപ്പിൽ സംസ്കാരം നടത്തി. മാതാവ് ബീന. സഹോദരൻ ജിബിൻ.