
മുംബയ് : ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ട്വന്റി-20 ലോകകപ്പിൽ ജേതാക്കളാക്കിയതിന് ശേഷം പരിശീലക സ്ഥാനമൊഴിഞ്ഞ മുൻ ഇന്ത്യൻ നായകൻ രാഹുൽ ദ്രാവിഡ് അടുത്ത സീസണിൽ ഐ.പി.എൽ ടീം രാജസ്ഥാൻ റോയൽസിന്റെ മുഖ്യ പരിശീലകനാവും. ഇത് സംബന്ധിച്ച് ദ്രാവിഡും ടീം ഉടമകളും തമ്മിൽ കരാർ ഒപ്പിട്ടു. രാജസ്ഥാൻ റോയൽസിന്റെ മുൻ നായകനും ഡയറക്ടറും മെന്ററുമൊക്കെയായി പ്രവർത്തിച്ചിരുന്ന ദ്രാവിഡ് എട്ടുവർഷത്തിന് ശേഷമാണ് ക്ളബിലേക്ക് മടങ്ങിയെത്തുന്നത്.
ഇന്ത്യൻ ടീമിന്റെ ബാറ്റിംഗ് കോച്ചായി തന്നോടൊപ്പമുണ്ടായിരുന്ന വിക്രം റാത്തോഡിനെ സഹ പരിശീലകനായി ദ്രാവിഡ് റോയൽസിലേക്ക് ഒപ്പം കൂട്ടുമെന്നറിയുന്നു. അടുത്ത സീസണിന് മുന്നോടിയായുള്ള മെഗാ താരലേലത്തിൽ ആരെയൊക്കെ നിലനിറുത്തണമെന്നുള്ള ചർച്ചകൾ ഉടൻ ടീമുടമകളും ക്യാപ്ടൻ സഞ്ജു സാംസണുമായി ചേർന്ന് നടത്തുമെന്നറിയുന്നു. നിലവിൽ കുമാർ സംഗക്കാരയാണ് രാജസ്ഥാൻ റോയൽസിന്റെ ക്രിക്കറ്റ് ഡയറക്ടറും മുഖ്യ പരിശിലകനുമായി പ്രവർത്തിക്കുന്നത്. ദ്രാവിഡ് എത്തുന്നതോടെ സംഗക്കാര ഫ്രാഞ്ചൈസിയുടെ ദക്ഷിണാഫ്രിക്കൻ ട്വന്റി-20 ക്ളബ് പാൾ റോയൽസ്, കരീബിയൻ പ്രിമിയർ ലീഗ് ക്ളബ് ബാർബഡോസ് റോയൽസ് എന്നിവയുടെ ചുമതലയിലേക്ക് മാറും.
രാഹുലും റോയൽസും
2012,2013 സീസണുകളിൽ രാജസ്ഥാൻ റോയൽസിന്റെ ക്യാപ്‌നായിരുന്നു രാഹുൽ.
2014,2015 സീസണുകളിൽ ടീം ഡയറക്ടറും മെന്ററുമായി.
2016ൽ രാജസ്ഥാൻ വിട്ട് ഡൽഹി ക്യാപ്പിറ്റൽസിലേക്ക് മാറി.
2019ൽ ദ്രാവിഡ് ദേശീയ ക്രിക്കറ്റ് അക്കാഡമി ഡയറക്ടറായി.
2021ലാണ് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലക സ്ഥാനമേറ്റെടുത്തത്.
രാഹുലും സഞ്ജുവും
മലയാളി താരം സഞ്ജു സാംസണിന്റെ കരിയർ രൂപപ്പെടുത്തിയെടുക്കന്നതിൽ ദ്രാവിഡിന്റെ പങ്ക് വലുതാണ്. ദ്രാവിഡിന്റെ കീഴിൽ അണ്ടർ 19ഇന്ത്യൻ ടീമിൽ കളിച്ച താരമാണ് സഞ്ജു. താൻ ക്യാപ്ടനായിരുന്നപ്പോഴാണ് രാജസ്ഥാൻ റോയൽസ് ടീമിൽ സഞ്ജുവിനെ കൊണ്ടുവന്നത്. 2016ൽ ദ്രാവിഡ് ഡൽഹിയിലേക്ക് പോയപ്പോൾ സഞ്ജാവുനെയും ഒപ്പം കൂട്ടി.