pic

ജക്കാർത്ത: ഭീകരതയെയും അസഹിഷ്ണുതയെയും ചെറുക്കാൻ മതപരമായ ഐക്യത്തിന് ആഹ്വാനം ചെയ്ത് ഫ്രാൻസിസ് മാർപാപ്പ. ഇന്നലെ ഇൻഡോനേഷ്യയിൽ നടത്തിയ ആദ്യ പ്രസംഗത്തിലാണ് ഇക്കാര്യമുന്നയിച്ചത്. സമാധാനം ഉറപ്പാക്കുന്നതിനുള്ള ഐക്യം വളർത്തിയെടുക്കുന്നതിന് വ്യത്യസ്ത മതങ്ങൾക്കിടെയിൽ സംവാദം ശക്തിപ്പെടുത്താൻ സഭ ആഗ്രഹിക്കുന്നതായും പ്രസിഡന്റ് ജോക്കോ വിഡോഡോയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം അദ്ദേഹം പ്രതികരിച്ചു.

വഞ്ചനയിലൂടെയും അക്രമത്തിലൂടെയും ജനങ്ങളുടെ വിശ്വാസങ്ങളെ വളച്ചൊടിക്കുന്ന മതഭീകരവാദത്തിനെതിരെ ജാഗ്രത പാലിക്കണമെന്ന് മാർപാപ്പ ഇൻഡോനേഷ്യയിലെ രാഷ്ട്രീയ നേതാക്കളോടും അഭ്യർത്ഥിച്ചു. ഗാസയിൽ വെടിനിറുത്തൽ അടക്കം ആഗോള സമാധാനത്തിനായി മാർപാപ്പ നടത്തുന്ന ശ്രമങ്ങൾക്ക് വിഡോഡോ നന്ദി രേഖപ്പെടുത്തി.

12 ദിവസം നീണ്ട തെക്കു കിഴക്കൻ ഏഷ്യ - ഓഷ്യാനിയ പര്യടനത്തിന്റെ ഭാഗമായി ചൊവ്വാഴ്ചയാണ് മാർപാപ്പ മുസ്ലിം ഭൂരിപക്ഷ രാജ്യമായ ഇൻഡോനേഷ്യയിൽ എത്തിയത്. ഗംഭീര സ്വീകരണമാണ് മാർപാപ്പയ്ക്കായി ഇൻഡോനേഷ്യ ഒരുക്കിയത്. രാജ്യത്തെ അഭയാർത്ഥികളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. സന്ദർശനത്തോട് അനുബന്ധിച്ച് ഇൻഡോനേഷ്യൻ സർക്കാർ പ്രത്യേക സ്​റ്റാമ്പുകൾ പുറത്തിറക്കിയിരുന്നു. ഇന്ന് ജക്കാർത്തയിലെ ഗെലോറ ബംഗ് കാർണോ മെയിൻ സ്റ്റേഡിയത്തിൽ ആയിരങ്ങൾ പങ്കെടുക്കുന്ന വിശുദ്ധ കുർബാനയ്ക്ക് അദ്ദേഹം നേതൃത്വം നൽകും. ജക്കാർത്തയിലെ ഇഷ്ത്തിഖ്‌ലാൽ മസ്ജിദിലെ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തും. പോൾ ആറാമനും ജോൺ പോൾ രണ്ടാമനും ശേഷം ഇൻഡോനേഷ്യയിലെത്തുന്ന മാർപാപ്പയാണ് ഫ്രാൻസിസ്. ഏഴിന് പാപ്പുവ ന്യൂഗിനിയിൽ എത്തുന്ന അദ്ദേഹം പിന്നാലെ റ്റിമോർ - ലെസ്റ്റെ, സിംഗപ്പൂർ എന്നിവിടങ്ങളും സന്ദർശിക്കും. മാർപാപ്പയായ ശേഷം അദ്ദേഹം നടത്തുന്ന ഏറ്റവും ദൈർഘ്യമേറിയ യാത്ര കൂടിയാണിത്.