ചിറ്റൂർ: തമിഴ്നാട് അതിർത്തിയായ എല്ലപ്പാട്ടൻ കോവിലിൽ തെങ്ങിൻ തോപ്പിൽ വൻ സ്പിരിറ്റ് ശേഖരം കണ്ടെത്തിയ സംഭവത്തിൽ പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം തെളിവെടുപ്പ് നടത്തി. കേസിൽ അറസ്റ്റിലായ തോട്ടം മാനേജർ ശെന്തിൽ കുമാറിന്റെ മൊഴിയനുസരിച്ച് തോപ്പിലും പരിസരത്തും കഴിഞ്ഞ രണ്ടു ദിവസങ്ങളിലായാണ് തെളിവെടുപ്പു നടന്നത്. ശെന്തിൽ കുമാറിന്റേയും മാവേലിക്കര ഗ്രൂപ്പിന്റെ ലൈസൻസിയുടെ പേരിലുമാണ് നിലവിൽ കേസ് എടുത്തിട്ടുള്ളത്. വേറെ എവിടെയെല്ലാം ഈ ഗ്രൂപ്പിന്റെ പേരിൽ തോപ്പുകൾ ചെത്തുന്നുണ്ട്, എത്ര കള്ള് വണ്ടികൾ ഈ തോപ്പിൽ നിന്ന് കള്ള് കൊണ്ടുപോകുന്നുണ്ട്, ദിനം പ്രതിഎത്ര ലിറ്റർ കള്ള് കൊണ്ടുപോകുന്നു,​ വണ്ടികൾ ഏതൊക്കെ തുടങ്ങിയ കാര്യങ്ങളും അന്വേഷിക്കുന്നുണ്ട്. തോപ്പിൽ നിന്ന് പിടിച്ചെടുത്ത മൂന്നുതരം പൊടികളുടെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം ലഭിച്ചിട്ടില്ല. ഷാപ്പുകളുടെ ബിനാമിയായ തൃശൂർ സ്വദേശി ഒളിവിലാണെന്നാണ് അറിയുന്നത്. ഇവിടെ നിന്ന് എത്ര ഗ്രൂപ്പുകളിലേക്ക് കള്ള് കൊണ്ടുപോകുന്നുണ്ടെന്ന വിവരവും അന്വേഷണ സംഘം ശേഖരിക്കുന്നുണ്ട്. തൃശൂർ, കൊല്ലം ആലപ്പുഴ ജില്ലകളിലെ വിവിധ ഗ്രൂപ്പുകളിലേക്ക് കള്ള് പോകുന്നുണ്ട്. പൊലീസിന്റെ റിപ്പോർട്ട് എക്‌സൈസിനു കൈമാറിയ ശേഷമെ സ്പിരിറ്റു കണ്ടെത്തിയ തോപ്പിലും മറ്റും ചെത്ത് നിറുത്തുന്നതും ബന്ധപ്പെട്ട ഷാപ്പുകൾ അടപ്പിക്കുന്ന നടപടികളും ഉണ്ടാകുകയുള്ളു എന്നാണ് വിവരം. കഴിഞ്ഞ 30 നാണ് എല്ലപാട്ടൻ കോവിൽ തെങ്ങിൻ തോപ്പിൽ ഒളിപ്പിച്ച നിലയിൽ 2800 ലിറ്റർ സ്പിരിറ്റ് കണ്ടെത്തിയത്.