
സൗരയൂഥത്തിലെ എട്ട് ഗ്രഹങ്ങളിൽ വളരെയധികം ശ്രദ്ധിക്കപ്പെടുന്ന ഒന്നാണ് ശനി. സൂര്യനിൽ നിന്നുള്ള ക്രമം വച്ച് നോക്കിയാൽ ആറാമനായ ശനിക്ക് ഈ പ്രസിദ്ധി നേടിക്കൊടുത്തത് അതിന്റെ പ്രത്യേകമായ വലുപ്പമേറിയ വലയങ്ങളാണ്. എന്നാലിപ്പോഴിതാ ശനിയുടെ വലയങ്ങൾ അപ്രത്യക്ഷമാകാൻ പോകുന്നു. എന്നന്നേക്കുമായല്ല ഭൂമിയിൽ നിന്ന് നോക്കുന്നവർക്ക് തോന്നുന്ന ഒരു പ്രതിഭാസമായിരിക്കും ഇത്. ആറ് മാസങ്ങൾക്ക് ശേഷം 2025 മാർച്ചിലാകും ഇത്തരത്തിൽ സംഭവിക്കുക.
പതിനേഴാം നൂറ്റാണ്ടിൽ പ്രശസ്‌ത ജ്യോതിശാസ്‌ത്രജ്ഞനായ ഗലീലിയോ ഗലീലിയാണ് തന്റെ ദൂരദർശിനി ഉപയോഗിച്ച് ശനിയുടെ വലയങ്ങൾ നിരീക്ഷിച്ചത്. ശനി ഗ്രഹത്തിന്റെ രണ്ട് വലിയ ചെവികളായാണ് അദ്ദേഹം വലയത്തെ കുറിച്ച് പറഞ്ഞത്. സൗരയൂഥത്തിലെ വലിയ രണ്ടാമത്തെ ഗ്രഹമായതിനാൽ ഇന്ന് നാം ഉപയോഗിക്കുന്ന ടെലസ്‌കോപ്പുകളിലെല്ലാം നമുക്ക് ശനിയെ കാണാൻ സാധിക്കും.
ശനിയുടെ ഈ പ്രത്യേക പ്രതിഭാസത്തിന് കാരണം അതിന്റെ അച്ചുതണ്ടിലെ പ്രത്യേകമായ ചരിവ് കാരണമാണ്. ഇത് നമ്മുടെ കാഴ്‌ചയിൽ ഫലത്തിൽ വലയം ഇല്ലാത്ത പോലെ തോന്നും. ജ്യോതിശാസ്‌ത്രജ്ഞർക്കും ശാസ്‌ത്ര കുതുകികൾക്കും ഇത്തവണ മൂന്ന് പതിറ്റാണ്ടിലൊരിക്കൽ സംഭവിക്കുന്ന ഈ അത്ഭുത പ്രതിഭാസം കാണാൻ അവസരമുണ്ടായിരിക്കുകയാണ്. കൃത്യമായി പറഞ്ഞാൽ 29.5 വർഷത്തിലൊരിക്കലാണ് സംഭവിക്കുക. നിരന്തരം മാറുന്ന പ്രപഞ്ചത്തിന്റെ സ്വഭാവം മനസിലാക്കാൻ അങ്ങനെ അവസരം ഒരുങ്ങുകയാണ്. 2025 നവംബറിൽ ശനിയെ വലയങ്ങളോടെ പിന്നീട് കാണാനാകും.
1,75,000 മൈൽ വലുപ്പമുള്ളതാണ് ശനിയുടെ വലയം സൂക്ഷ്‌മമായ പൊടിയും പാറകഷ്‌ണങ്ങളും ഹിമകണങ്ങളും ചേർന്നതാണ്. കടുത്ത ഗുരുത്വാകർഷണങ്ങളുള്ള ശനിയുടെ ബലത്താൽ തകർന്ന ധൂമകേതുക്കൾ, ഉപഗ്രഹങ്ങൾ, ഛിന്നഗ്രഹങ്ങൾ ഇവയുടെ ഭാഗങ്ങളാകാം ഇത്. ശനിയെക്കാൾ ഏറെ പ്രായം കുറവാണ് അതിന്റെ വലയങ്ങൾക്ക്. 100 കോടിയോളം ആണ് വലയങ്ങളുടെ പ്രായം. വരുംകാലങ്ങളിൽ ഇവ ഒറ്റയടിക്ക് അപ്രത്യക്ഷമാകാനും സാദ്ധ്യതയുണ്ടെന്നാണ് ഗവേഷകർ കണ്ടെത്തിയത്.