1

കാസർകോട് : കഴിഞ്ഞ 31ന് കാസർകോട് കീഴൂർ കടപ്പുറം അഴിമുഖത്ത് ചൂണ്ട ഇടുന്നതിനിടെ കാണാതായ ചെമ്മനാട് പഞ്ചായത്ത്കല്ലുവളപ്പിൽ വീട്ടിൽ മുഹമ്മദ് റിയാസിനെ(40) കണ്ടെത്തുന്നതിനായി കർണാടകയിലെ മുങ്ങൽ വിദഗ്ധൻ ഈശ്വർ മൽപ്പെയും സംഘവും കാസർകോട് എത്തി. ഇദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സംഘം മൂന്ന് മണിക്കൂറോളം കീഴൂർ കടലിൽ ഡൈവിംഗ് നടത്തിയെങ്കിലും യുവാവിനെ കണ്ടെത്താനായില്ല.

ഓക്സിജൻ സിലിൻഡറും ലൈഫ് ജാക്കറ്റുമായി ഇറങ്ങിയ ഈശ്വർ മൽപ്പെ മണിക്കൂറുകളോളമാണ് കടലിൽ തിരച്ചിൽ നടത്തിയത്.ദൃക് സാക്ഷികളില്ലാത്തതിനാൽ കടലിൽ ഏതു ഭാഗത്താണ് യുവാവിനെ കാണാതായതെന്നതാണ് തിരച്ചിലിനെ ദുർഘടമാക്കുന്നത്. മൽപെയും സംഘവും ഇന്നും തിരച്ചിൽ തുടരും. ഈശ്വർ മൽപ്പെയും സംഘവും തിരച്ചിൽ നടത്തുന്നതിന് നൂറുകണക്കിനാളുകളാണ് കീഴൂർ സാക്ഷികളായത്.

ഇതിനിടെ തിരച്ചിലിനായി നേവിയുടെ സ്കൂബ ഡൈവിംഗ് ടീം നാളെ രാവിലെ കാസർകോട് എത്തുമെന്ന് ജില്ലാ കളക്ടർ കെ.ഇമ്പശേഖർ അറിയിച്ചിട്ടുണ്ട്. സംസ്ഥാനസർക്കാരിന്റെ നിർദ്ദേശാനുസരണമാണ് കളക്ടർ നേവിയുടെ സഹായം തേടിയത്.

കഴിഞ്ഞ അഞ്ചു ദിവസമായി റവന്യു , പൊലീസ്, ഫയർഫോഴ്സ്, കോസ്റ്റൽ പൊലീസ് ഫിഷറീസ് ഉദ്യോഗസ്ഥരും നാട്ടുകാരും മുഹമ്മദ് റിയാസിനായി തിരച്ചിൽ നടത്തി വരികയാണ്. കഴിഞ്ഞ 2 ന് കോസ്റ്റ് ഗാർഡും തിരച്ചിൽ നടത്തിയിരുന്നു.