kerala
പ്രതീകാത്മക ചിത്രം

കൊച്ചി: നാല് വിമാനത്താവളങ്ങളുള്ള കേരളത്തില്‍ കണ്ണൂരിന്റെ കാര്യം വലിയ കഷ്ടത്തിലാണ്. നഷ്ടത്തില്‍ നിന്ന് നഷ്ടത്തിലേക്കും പ്രതിസന്ധിയിലേക്കും കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളം കൂപ്പകുത്തുകയാണ്. ആയിരം കോടിക്ക് മുകളിലാണ് വിമാനത്താവളത്തിന്റെ നഷ്ടം. എന്നാല്‍ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിന്റെ കാര്യം കണ്ണൂരിന് നേരെ എതിര്‍ ദിശയിലാണ്. വികസനത്തിന്റെ റണ്‍വേയില്‍ കുതിച്ച് പൊങ്ങുന്ന സിയാല്‍ വരും വര്‍ഷങ്ങളില്‍ കൂടുതല്‍ അടിസ്ഥാന സൗകര്യ വികസനത്തിനും പശ്ചാത്തല വികസനത്തിനും കളമൊരുക്കുകയാണ്.

2023-2024 സാമ്പത്തിക വര്‍ഷത്തില്‍ സിയാല്‍ നേടിയ ആകെ വരുമാനം 1014 കോടി രൂപയുടേതാണ്. 412258 കോടിയോളം അറ്റാദയം. തൊട്ടുമുമ്പത്തെ സാമ്പത്തിക വര്‍ഷത്തില്‍ (2022-2023) 770.90 കോടിയായിരുന്ന ആകെ വരുമാനമാണ് 244 കോടി രൂപയോളം വര്‍ദ്ധിച്ചിരിക്കുന്നത്. നികുതി അടയ്ക്കുന്നത് മാറ്റി നിര്‍ത്തിയാല്‍ ലാഭം 550 കോടിയും പിന്നിട്ടിരിക്കുകയാണ് 2023-24 സാമ്പത്തിക വര്‍ഷത്തില്‍. രാജ്യത്തെ തന്നെ തിരക്കേറിയ വിമാനത്താവളങ്ങളില്‍ ഒന്നായ കൊച്ചി വരും വര്‍ഷങ്ങളില്‍ വന്‍ വികസനത്തിന് തയ്യാറെടുക്കുകയാണ്.

560 കോടി രൂപ ചെലവിട്ട് നടത്തുന്ന അന്താരാഷ്ട്ര ടെര്‍മിനല്‍ വികസനം, 152 കോടി രൂപ ചെലവില്‍ നടപ്പിലാക്കുന്ന കൊമേഴ്‌സ്യല്‍ സോണ്‍ നിര്‍മാണം എന്നിവയാണ് പ്രധാനം. ആഭ്യന്തര ടെര്‍മിനല്‍ വലുപ്പം കൂട്ടുന്ന പദ്ധതിയും പരിഗണനയിലുണ്ട്. അടിസ്ഥാന സൗകര്യവികസനത്തിന്റെ ഭാഗമായി നടപ്പിലാക്കിയ 0484 എയ്‌റോ ലോഞ്ചിന്റെ ഉദ്ഘാടനം ഈ മാസം ഒന്നാം തീയതിയാണ് നടത്തിയത്. യാത്രക്കാരുടെ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാനും മികച്ച വിമാനത്താവള അനുഭവം ഉറപ്പാക്കാനും നിരവധി പദ്ധതികളാണ് സിയാല്‍ നടപ്പാക്കുന്നത്.

മിതമായ നിരക്കില്‍ പ്രീമിയം ലോഞ്ച് അനുഭവമാണ് 0484 എയ്‌റോ ലോഞ്ച് യാത്രക്കാര്‍ക്ക് നല്‍കുന്നത്. സന്ദര്‍ശകര്‍ക്കും ലോഞ്ച് സംവിധാനങ്ങള്‍ ഉപയുക്തമാക്കാം. അരലക്ഷം ചതുരശ്രയടി വിസ്തീര്‍ണത്തില്‍ 37 റൂമുകള്‍, നാല് സ്യൂട്ടുകള്‍, മൂന്ന് ബോര്‍ഡ് റൂമുകള്‍, രണ്ട് കോണ്‍ഫറന്‍സ് ഹാളുകള്‍, കോവര്‍ക്കിംഗ് സ്പേസ്, ജിം, ലൈബ്രറി, റെസ്റ്ററന്റ്, സ്പാ, കഫേ ലോഞ്ച് എന്നിവയെല്ലാം ലോഞ്ചില്‍ ഒരുക്കിയിട്ടുണ്ട്.