
കൊച്ചി: യാത്രയ്ക്ക് ഒരുമാസം മുമ്പേ വിമാനം റദ്ദാക്കിയത് അറിയിക്കാത്ത എയർലൈൻ കമ്പനി പിഴയൊടുക്കാൻ എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി ഉത്തരവിട്ടു. യാത്രക്കാർ പകരം ടിക്കറ്റിനായി ചെലവിട്ട തുകയും നഷ്ടപരിഹാരവും കോടതിച്ചെലവും നൽകാനാണ് സ്പൈസ് ജെറ്റ്, മേക്ക് മൈ ട്രിപ്പ് ബുക്കിംഗ് ഏജൻസി എന്നിവയോട് നിർദ്ദേശിച്ചത്.
എറണാകുളം കാരിക്കാമുറി സ്വദേശി അഭയകുമാർ , ഭാര്യ സനിത അഭയ് എന്നിവരുടെ പരാതിയിലാണിത്. ടിക്കറ്റിനായി നൽകിയ 3,199 രൂപ മേക്ക് മൈ ട്രിപ്പ് നൽകണം. രണ്ടാമത് ടിക്കറ്റ് എടുത്തത്തിന് ചെലവായ 16,126 രൂപയും ബംഗളൂരുവിലെ താമസത്തിനുള്ള ചെലവും നഷ്ടപരിഹാരമായി 40,000 രൂപയും കോടതിച്ചെലവായി 25,000 രൂപയും ഒരുമാസത്തിനകം നൽകണം.
2019 ജൂൺ മൂന്നിനാണ് ബംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്ക് സീറ്റ് ബുക്ക് ചെയ്തത്. വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് വിമാനം ഒരുമാസം മുമ്പേ റദ്ദാക്കിയതായി അറിഞ്ഞത്. യാത്ര സംബന്ധിച്ച് ഇ-മെയിലുകൾ ലഭിച്ചെങ്കിലും റദ്ദാക്കിയത് അറിയിച്ചിരുന്നില്ല. രാത്രി ബംഗളൂരുവിൽ താമസിച്ച് പിറ്റേന്ന് വേറെ ടിക്കറ്റെടുത്ത് നാട്ടിലേക്ക് വരികയായിരുന്നു.