കൊടുങ്ങല്ലൂര്‍: ഓണക്കാലത്തെ ലഹരിക്കടത്ത് തടയാന്‍ കടലിലും അഴിമുഖത്തും പരിശോധന ശക്തമാക്കി. ഓണാഘോഷങ്ങള്‍ക്ക് മുന്നോടിയായി തീരസുരക്ഷ ഉറപ്പാക്കാനും കടല്‍വഴിയുള്ള മദ്യം, മയക്കുമരുന്ന് കടത്ത് തടയുന്നതിനുമായി കൊടുങ്ങല്ലൂര്‍ എക്സൈസ് സര്‍ക്കിള്‍ ഓഫീസ്, അഴീക്കോട് ഫിഷറീസ് സ്റ്റേഷന്‍, മറൈന്‍ എന്‍ഫോഴ്‌സ്മെന്റ് ആന്‍ഡ് വിജിലന്‍സ് വിംഗ്, തീരദേശ പൊലീസ് എന്നീ സര്‍ക്കാര്‍ വകുപ്പുകളുടെ നേതൃത്വത്തില്‍ കടലില്‍ സംയുക്ത പരിശോധന നടത്തി.
ഫിഷറീസ് സ്റ്റേഷന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ എം.എഫ്. പോള്‍, കൊടുങ്ങല്ലൂര്‍ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വി. ബാലസുബ്രഹ്മണ്യം എന്നിവരുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളെ എകോപിപ്പിച്ച് രൂപീകരിച്ച പ്രത്യേക സംഘമാണ് പരിശോധന നടത്തിയത്. കരയില്‍നിന്ന് 12 നോട്ടിക്കല്‍ മൈല്‍ ദൂരത്തില്‍ കടലിലുള്ള എല്ലാ മത്സ്യബന്ധന യാനങ്ങളും സംഘം പരിശോധിച്ചു. അഴീക്കോട് മുതല്‍ കപ്രിക്കാട് വരെയുള്ള സ്ഥലങ്ങളില്‍ നിന്ന് കടലില്‍ പോയ മത്സ്യബന്ധന ബോട്ടുകളാണ് പ്രധാനമായും പരിശോധിച്ചത്.
കൊടുങ്ങല്ലൂര്‍ എക്സൈസ് പ്രിവന്റീവ് ഓഫീസര്‍മാരായ ഉണ്ണിക്കൃഷ്ണന്‍, ഷാജി, അസിസ്റ്റന്റ് എകസൈസ് ഇന്‍സ്പെക്ടര്‍മാരായ എ.എസ്. സരസന്‍, കെ.വി. എല്‍ദോ, മറൈന്‍ എന്‍ഫോഴസ്മെന്റ് വിംഗ് ആന്‍ഡ് വിജിലന്‍സ് വിഭാഗം ഓഫീസര്‍മാരായ വി.എം. ഷൈബു, വി.എന്‍. പ്രശാന്ത് കുമാര്‍, തീരദേശ പൊലീസ് എസ്.ഐ: അജയന്‍, എസ്.സി.പി.ഒ: ഷൈജു, സീ റെസ്‌ക്യു ഗാര്‍ഡ്മാരായ പ്രസാദ്, അന്‍സാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഫിഷറീസ് ഡിപ്പാട്ട്മെന്റിന്റെ സീ റെസ്‌ക്യു ബോട്ട് ഉപയോഗിച്ചാണ് പരിശോധന നടത്തിയത്.
മുന്‍കാലങ്ങളില്‍ പിടികൂടി
ഓണാഘോഷങ്ങളുമായി ബന്ധപ്പെട്ട് ജില്ലയിലെ തീരദേശം കേന്ദ്രീകരിച്ച് വ്യാജ മദ്യവും സ്പിരിറ്റും കഞ്ചാവും എത്താന്‍ സാദ്ധ്യതയുണ്ട്. മുന്‍കാലങ്ങളില്‍ ഗോവ, മംഗലാപുരം തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് കടല്‍മാര്‍ഗം മദ്യവും സ്പിരിറ്റും എത്താറുണ്ട്. ഇങ്ങനെ കടല്‍ വഴി എത്തുന്ന മദ്യം നേരത്തെ അധികൃതര്‍ പിടികൂടിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് പരിശോധന ശക്തമാക്കുന്നത്.