
കറാച്ചി : പാകിസ്ഥാനിൽ ഭീകരാക്രമണങ്ങൾ കുത്തനെ ഉയരുന്നു. ആഗസ്റ്റിൽ മാത്രം 59 ഭീകരാക്രമണങ്ങൾ രാജ്യത്തുണ്ടായെന്നാണ് കണക്ക്. 84 സാധാരണക്കാർക്ക് ജീവൻ നഷ്ടമായി. 116 പേർക്ക് പരിക്കേറ്റു. ജൂലായിൽ 38 ആക്രമണങ്ങളാണുണ്ടായത്. വർദ്ധിച്ചുവരുന്ന ഭീകരവാദത്തിന് തടയിടാൻ പാക് സർക്കാരിനും സൈന്യത്തിനും കഴിയാത്തത് സാധാരണക്കാർക്കിടെയിൽ കടുത്ത അതൃപ്തിക്കും കാരണമായിട്ടുണ്ട്.
നിലവിൽ, സാമ്പത്തിക പ്രതിസന്ധിയും വിലക്കയറ്റവും പാക് ജനതയെ പ്രതിസന്ധിയിലാഴ്ത്തിയിരിക്കുകയാണ്. ഈ വർഷം ആകെ 325 ഭീകരാക്രമണങ്ങൾക്ക് പാകിസ്ഥാൻ സാക്ഷിയായെന്ന് ഇസ്ലാമാബാദ് ആസ്ഥാനമായുള്ള പാക് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പീസ് സ്റ്റഡീസ് പറയുന്നു.
ഖൈബർ പക്‌തൂൻഖ്വ, ബലൂചിസ്ഥാൻ പ്രവിശ്യകളിലാണ് സംഘർഷം രൂക്ഷം. ആഗസ്റ്റിൽ ബലൂചിസ്ഥാനിൽ 28 ആക്രമണങ്ങളിലായി 57 പേർ കൊല്ലപ്പെട്ടു. ആഗസ്റ്റ് 26ന് പ്രവിശ്യയിലെ 7 ജില്ലകളിലായി തീവ്രവാദ ഗ്രൂപ്പായ ബലൂചിസ്ഥാൻ ലിബറേഷൻ ആർമി (ബി.എൽ.എ) നടത്തിയ ആക്രമണങ്ങൾ രാജ്യത്തെ ഞെട്ടിച്ചിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥരെയും ബലൂചിസ്ഥാന് പുറത്തുള്ളവരെയുമാണ് ബി.എൽ.എ ലക്ഷ്യമാക്കിയത്. ബലൂചിസ്ഥാനെ പാകിസ്ഥാനിൽ നിന്ന് മോചിപ്പിക്കാനുള്ള പോരാട്ടത്തിലാണ് ഇവർ.
അതേ സമയം, ഖൈബർ പക്‌തൂൻഖ്വയിൽ തെഹ്‌രീക് - ഇ - താലിബാൻ പാകിസ്ഥാൻ (ടി.ടി.പി / പാകിസ്ഥാനി താലിബാൻ ) ആണ് ഏറ്റവും കൂടുതൽ ആക്രമണങ്ങൾ നടത്തുന്നത്. സുരക്ഷാ സേനയുടെ നേതൃത്വത്തിൽ ആഗസ്റ്റിൽ രാജ്യത്ത് നടത്തിയ 12 തീവ്രവാദ വിരുദ്ധ ഓപ്പറേഷനുകളിലായി 88 ഭീകരരെ വധിച്ചു. 15 സുരക്ഷാ ഉദ്യോഗസ്ഥർക്കും ജീവൻ നഷ്ടമായി.
പാകിസ്ഥാനി താലിബാൻ
പാകിസ്ഥാനിൽ സമീപകാലത്ത് ഏറ്റവും കൂടുതൽ ആക്രമണങ്ങൾ നടത്തിയ ഗ്രൂപ്പാണ് പാകിസ്ഥാനി താലിബാൻ. സർക്കാരുമായി അംഗീകരിച്ച വെടിനിറുത്തൽ പിൻവലിച്ച ഇവർ 2022 അവസാനം മുതൽ സജീവമാണ്. അഫ്ഗാനിലെ താലിബാനിൽ നിന്ന് വ്യത്യസ്തമാണ് പാകിസ്ഥാനി താലിബാൻ. എന്നാൽ ഇരു സംഘടനകളുടെയും പ്രത്യയശാസ്ത്രം ഒരുപോലെയാണ്. 2007 മുതൽ പാകിസ്ഥാനിലുണ്ടായ നിരവധി ആക്രമണങ്ങൾക്കും നൂറുകണക്കിന് മരണങ്ങൾക്കും ഉത്തരവാദികളാണ് ഇവർ.
2006 മുതൽ
17,846 ഭീകരാക്രമണങ്ങൾ
24,373 മരണം
48,085 പരിക്ക്
2024 ആഗസ്റ്റ്
ഭീകരാക്രമണങ്ങൾ - 59
ബലൂചിസ്ഥാൻ - 28
ഖൈബർ പക്‌തൂൻഖ്വ - 29
പഞ്ചാബ് - 2
മരണം - 84
ബലൂചിസ്ഥാൻ - 57
ഖൈബർ പക്‌തൂൻഖ്വ - 25
പഞ്ചാബ് - 2
ഭീഷണി ഇവർ
ബലൂചിസ്ഥാൻ ലിബറേഷൻ ആർമി
പാകിസ്ഥാനി താലിബാൻ
ലഷ്കർ -ഇ- ഇസ്ലാം
ഐസിസ് - ഖൊറസാൻ
താലിബാനുമായി ബന്ധമുള്ള പ്രാദേശിക ഗ്രൂപ്പുകൾ
ജയ്ഷ് അൽ അദ്ൽ