
ഗാന്ധിനഗർ: അക്കൗണ്ടിൽ മാസം നൂറുരൂപയെങ്കിലും ബാക്കിവയ്ക്കാൻ പെടാപാടുപെട്ടാലും പലപ്പാേഴും നടക്കാറില്ല. ഈ അവസ്ഥയിൽ സ്ഥിരനിക്ഷേപത്തെക്കുറിച്ച് ഓർക്കാൻപോലും കഴിയില്ലല്ലോ?. എന്നാൽ നമ്മുടെ രാജ്യത്തെ ഒരു കൊച്ചു ഗ്രാമത്തിലെ സ്ഥിരനിക്ഷേപം 7,000 കോടിരൂപയാണ്.
സ്ഥിര നിക്ഷേപമല്ലാത്തിന്റെ കണക്ക് വേറെ. വെറും 32,000 പേരാണ് ഇവിടത്തെ താമസക്കാർ എന്നും ഓർക്കണം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വന്തം നാടായ ഗുജറാത്തിലാണ് ഏഷ്യയിലെ ഏറ്റവും സമ്പന്നമായ മധാപർ(Madhapar) എന്ന ഗ്രാമം. വൻ നഗരങ്ങൾപോലും മധാപറിന്റെ തിളക്കത്തിനുമുന്നിൽ പ്രഭ മങ്ങിപ്പോയ അവസ്ഥയിലാണ്. പോർബന്ദറിൽ നിന്ന് 200 കിലോമീറ്റർ അകലെ കച്ച് ജില്ലയിലാണ് കോടീശ്വര ഗ്രാമം സ്ഥിതിചെയ്യുന്നത്.
എങ്ങനെയാണ് ഈ ഗ്രാമം ഇത്ര സമ്പന്നമായതെന്ന് അറിയുമ്പോഴാണ് അദ്ധ്വാനത്തിന്റെ വില ശരിക്കും മനസിലാക്കുന്നത്.പട്ടേൽ വിഭാഗത്തിൽ പെട്ടവരാണ് ഇവിടത്തെ താമസക്കാരിൽ കൂടുതലും. വിദേശങ്ങളിൽ ചെറിയചെറിയ ബിസിനസുകൾ ചെയ്യുന്നവരാണ് ഇവിടത്തെ ഭൂരിപക്ഷം പേരും. മറ്റുള്ളവർ അന്യനാടുകളിൽ ജോലിചെയ്യുന്നു. എന്തായാലും കിട്ടുന്ന കാശ് അപ്പോൾത്തന്നെ നാട്ടിലേക്ക് അയയ്ക്കും. ഇത്തരത്തിൽ നാട്ടിലെ ബാങ്കുകളിലും പോസ്റ്റ് ഓഫീസുകളിലുമായി കോടികളാണ് ഓരോരുത്തർക്കും നിക്ഷേപമുള്ളത്.
ആഫ്രിക്കൻ രാജ്യങ്ങളിലാണ് മധാപർ നിവാസികൾ കൂടുതൽ ജോലിനോക്കുന്നത്. ഇവിടങ്ങളിലെ നിർമ്മാണ മേഖലയിൽ ഈ ഗ്രാമക്കാർക്ക് വൻ ഡിമാൻഡാണത്രേ ഉള്ളത്. ആഫ്രിക്കൻ രാജ്യങ്ങൾക്ക് പുറമേ അമേരിക്ക, ന്യൂസിലൻഡ്, ബ്രിട്ടൺ, ഓസ്ട്രേലിയ തുടങ്ങിയിടങ്ങളിലൊക്കെ ഇവിടത്തുകാർ താമസിക്കുന്നുണ്ട്.
എവിടെ താമസിച്ചാലും സ്വന്തം നാടിനാേട് ഇവർക്ക് വല്ലാത്തൊരു അഭിനിവേശമാണ്. അതുകൊണ്ട് താമസിക്കുന്ന സ്ഥലത്തെ ബാങ്കിൽ പണം നിക്ഷേപിക്കാതെ സ്വന്തം നാട്ടിൽ പണം നിക്ഷേപിക്കുന്നത്. വിദേശത്തുനിന്ന് പണം ഒഴുകുന്നതിനൊപ്പം കൃഷിയിലൂടെയും മറ്റും നാട്ടിലുള്ളവരും പണം സമ്പാദിക്കുന്നു. കിട്ടുന്ന വരുമാനത്തിൽ നിന്ന് ചെലവിനുള്ളത് മാത്രമെടുത്ത് ബാക്കിയെല്ലാം സമ്പാദിക്കുന്നു. ചോളം, മാങ്ങ, കരിമ്പ് എന്നിവയാണ് ഇവിടത്തെ പ്രധാന കൃഷികൾ.
സ്വകാര്യ ബാങ്കുകൾ ഉൾപ്പടെ മധാപറിൽ 17 ബാങ്കുകളാണ് ഉള്ളത്. ഇപ്പോഴും ഇവിടെ ബ്രാഞ്ച് തുടങ്ങാൻ താൽപ്പര്യം പ്രകടിപ്പിച്ച് പല ബാങ്കുകളും മുന്നോട്ടുവരുന്നുണ്ട്. രാജ്യത്ത് ഏറ്റവുമധികം ബാങ്കുകൾ പ്രവർത്തിക്കുന്ന ഗ്രാമം എന്ന പട്ടവും മാധപറിന് സ്വന്തമാണ്. കോടീശ്വരന്മാർ ഒത്തിരിയാതോടെ ഗ്രാമത്തിന്റെ കെട്ടും മറ്റുമൊക്കെ മാറിത്തുടങ്ങിയിട്ടുണ്ട്. മികച്ച റോഡുകൾ, കൂറ്റൻ ബംഗ്ളാവുകൾ,നഗരങ്ങളെ വെല്ലുന്ന രീതിയിലുളള ജലസേചന, സാനിട്ടേഷൻ സൗകര്യങ്ങൾ എന്നിവയും മധാപറിലുണ്ട്.