vandebharath

തിരുവനന്തപുരം: സ്വകാര്യ ബസുകളുടെ കൊള്ളനിരക്കിൽ യാത്രക്കാർക്ക് ആശ്വാസമായിരുന്ന ബംഗളൂരു- എറണാകുളം വന്ദേഭാരത് സർവീസ് തുടങ്ങി ഒരു മാസത്തിനകം അവസാനിപ്പിച്ച് റെയിൽവേയുടെ ഇരുട്ടടി. സർവീസ് നടത്താതെ അഞ്ചുമാസം വെറുതെയിട്ടിരുന്നതിനു ശേഷം ജൂലായ് 25നാണ് സ്പെഷ്യലായി ഓടിച്ചുതുടങ്ങിയത്. ആഗസ്റ്റ് 26ന് നിറുത്തി. ഏറെ തിരക്കുള്ള ഓണക്കാലത്ത് യാത്രക്കാർക്ക് ഇത് വലിയ തിരിച്ചടിയാണ്.

ബംഗളൂരുവിൽ നിന്ന് മധുരയിലേക്ക് പുതിയ വന്ദേഭാരത് തുടങ്ങിയതോടെ എറണാകുളം സർവീസ് കൈകാര്യം ചെയ്യാൻ പ്രയാസമാണെന്ന ബംഗളൂരൂ വിഭാഗത്തിന്റെ പരാതി കണക്കിലെടുത്ത് തത്കാലം നിറുത്തിയെന്നാണ് റെയിൽവേയുടെ വിശദീകരണം. എന്നാൽ, സ്വകാര്യ ബസ് ലോബിയുടെ സമ്മർദ്ദങ്ങൾക്ക് വഴങ്ങിയാണ് തീരുമാനമെന്നാണ് ആക്ഷേപം.

ആഴ്ചയിൽ അരലക്ഷത്തിലധികം യാത്രക്കാരുള്ള ബംഗളൂരു- എറണാകുളം റൂട്ട് സ്വകാര്യ ലക്ഷ്വറി ബസുകാരുടെ ലാഭമേഖലയാണ്. ഇവിടെ വന്ദേഭാരത് കൂടി എത്തിയത് അവർക്ക് തിരിച്ചടിയായിരുന്നു. ഒാണക്കാലത്ത് 5000 രൂപവരെ എ.സി സ്ളീപ്പർ ടിക്കറ്റ് നിരക്ക് ഉയർത്തിയാണ് സ്വകാര്യ സർവീസുകൾ യാത്രക്കാരെ പിഴിയുന്നത്. വന്ദേഭാരത് നിറുത്തുകയും മറ്റു ട്രെയിനുകളിൽ ടിക്കറ്റ് കിട്ടാതാവുകയും ചെയ്യുന്നതോടെ യാത്രക്കാർക്ക് സ്വകാര്യ ബസുകളുടെ കൊള്ളനിരക്കിനെ ആശ്രയിക്കേണ്ടിവരും.

ബംഗളൂരൂ സർവീസിനായി വന്ദേഭാരത് റേക്ക് ഫെബ്രുവരിയിൽ കിട്ടിയെങ്കിലും എറണാകുളത്ത്

മെയിന്റനൻസ് സൗകര്യമില്ല തുടങ്ങിയ മുട്ടുന്യായംപറഞ്ഞ് കൊച്ചുവേളിയിൽ വെറുതേയിട്ടിരുന്നു. പ്രതിഷേധം കനത്തതോടെയാണ് ജൂലായ് 25ന് ഓടിച്ചുതുടങ്ങിയത്. സർവീസ് അവസാനിപ്പിച്ചശേഷം എറണാകുളത്ത് നിറുത്തിയിട്ടിരുന്ന ട്രെയിൻ പ്രതിഷേധം വീണ്ടും ശക്തമായതോടെ വ്യാഴാഴ്ച കൊച്ചുവേളിയിലേക്ക് മാറ്റി.

നിറയെ ബുക്കിംഗ് ഉണ്ടായിട്ടും ഫലമില്ല

എട്ടുകോച്ചുള്ള ട്രെയിനിൽ ബംഗളൂരുവിലേക്ക് 105%വും എറണാകുളത്തേക്ക് 88%വും ബുക്കിംഗുണ്ടായിരുന്നു.

ഇതേ കാലയളവിൽ തുടങ്ങിയ മംഗളൂരു- ഗോവ വന്ദേഭാരതിൽ 31%മാത്രമാണ് ബുക്കിംഗ്. എന്നിട്ടും അത് തുടരുന്നുണ്ട്.

ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിൽ ഉച്ചയ്ക്ക് 12.30ന് എറണാകുളത്തുനിന്ന് പുറപ്പെട്ട് രാത്രി പത്തിന് ബംഗളൂരുവിൽ എത്തുന്നതായിരുന്നു സമയക്രമം.

തിരികെ വ്യാഴം, ശനി, തിങ്കൾ ദിവസങ്ങളിൽ പുലർച്ചെ 5.30ന് പുറപ്പെട്ട് ഉച്ചയ്ക്ക് 2.20ന് എറണാകുളത്തും എത്തിയിരുന്നു.

ചെയർ കാറിന് 1465 രൂപ, എക്സിക്യൂട്ടീവ് ചെയറിന് 2945 രൂപയുമായിരുന്നു നിരക്ക്.


സർവീസ് റദ്ദാക്കി

കൊങ്കണ്‍ റെയില്‍വേയില്‍ പല്‍വാല്‍ സ്റ്റേഷനില്‍ ഇന്റര്‍ലോക്കിങ് ജോലി നടക്കുന്നതിനാല്‍ മഡ്‌ഗാവ് ജങ്ഷന്‍- എറണാകുളം ജങ്ഷന്‍ സൂപ്പര്‍ഫാസ്റ്റ് പ്രതിവാര എക്സ്പ്രസ്(10215) സെപ്റ്റംബര്‍ 8, 15 തീയതികളിലെ സര്‍വീസ് റദ്ദാക്കി.

തിരിച്ചുള്ള എറണാകുളം ജങ്ഷന്‍-മഡ്‌ഗാവ് ജങ്ഷന്‍ സൂപ്പര്‍ ഫാസ്റ്റ് പ്രതിവാര എക്സ്പ്രസ്(10216) 9, 16 തീയതികളിലുള്ള സര്‍വീസും റദ്ദാക്കിയിട്ടുണ്ട്.