
കൊച്ചി: ഹേമകമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട ഹർജികൾ കേൾക്കാൻ ഹൈക്കോടതി പ്രത്യേക ബെഞ്ച് രൂപീകരിച്ചു. വനിതാ ജഡ്ജി അടങ്ങുന്ന വിശാല ബെഞ്ചായിരിക്കും ഇനിമുതൽ റിപ്പോർട്ടുമായി ബന്ധപ്പെട്ട കേസുകൾ പരിഗണിക്കുക.
ഹേമാകമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നത് സംബന്ധിച്ച് സജിമോൻ പാറയിലിന്റെ ഹർജി പരിഗണിക്കവേയാണ് പ്രത്യേക ബെഞ്ച് രൂപീകരിക്കാമെന്ന് കോടതി അറിയിച്ചത്. ഹേമാകമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് നിരവധി ഹർജികളാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. റിപ്പോര്‍ട്ടിന്റെ പൂര്‍ണ രൂപം പുറത്തുവിടണമെന്നും കൃത്യമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടുള്ള ഹര്‍ജിയും ഇക്കൂട്ടത്തിലുണ്ട്. ആക്ടിംഗ് ചീഫ് ജസ്റ്റിസ് എ മുഹമ്മദ് മുഷ്‌താഖ്, ജസ്റ്റിസ് എസ് മനു എന്നിവരാണ് പ്രത്യേക ബെഞ്ച് രൂപീകരിക്കുന്ന കാര്യം വ്യക്തമാക്കിയത്.
കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ പ്രമുഖ നടന്മാർ ഉൾപ്പടെയുള്ള നിരവധിപേർക്കെതിരെ ലൈംഗിക ആരോപണങ്ങൾ ഉയർന്നുവന്നിരുന്നു. ഇതിൽ പ്രതിസ്ഥാനത്തുള്ള പലരും മുൻകൂർ ജാമ്യംതേടി കോടതിയെ സമീപിച്ചിരിക്കുകയാണ്. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് പുതിയ ബെഞ്ച് രൂപീകരിക്കാനുള്ള തീരുമാനം. ബെഞ്ചിൽ ഏതൊക്കെ ജഡ്ജിമാരാവും ഉണ്ടാവുക എന്നത് ആക്ടിംഗ് ചീഫ് ജസ്റ്റിസായിരിക്കും തീരുമാനിക്കുക.
ഹേമകമ്മിറ്റി റിപ്പോർട്ടിന്റെ പൂർണരൂപം സമർപ്പിക്കാൻ ഹൈക്കോടതി സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. മുദ്രവച്ച കവറിലായിരിക്കും ഇത് സമർപ്പിക്കുക. സെപ്തംബർ പത്തിന് റിപ്പോർട്ട് സംബന്ധിച്ച പൊതുതാത്പര്യഹർജി ഹൈക്കോടതി പരിഗണിക്കും. കമ്മിറ്റി റിപ്പോർട്ട് കോടതി വിശദമായ പരിശോധനയ്ക്ക് വിധേയമാക്കും. തുടർന്നുള്ള നടപടികൾ പ്രത്യേക ബെഞ്ചായിരിക്കും തീരുമാനിക്കുക.