
കൊയിലാണ്ടി: മാലിന്യം വലിച്ചെറിയുന്നവരെ പിടികൂടാൻ നഗരസഭ വിവിധ ഇടങ്ങളിലായി 26 സി.സി.ടി.വി ക്യാമറകൾ സ്ഥാപിച്ചു. സി.സി.ടി.വി പൊലീസ് സ്റ്റേഷനുമായി ബന്ധിപ്പിച്ചതിനാൽ നിയമലംഘനങ്ങളും കുറ്റകൃത്യങ്ങളും കണ്ടെത്തുന്നത് വേഗത്തിലാവും. പല റസിഡൻസ് അസോസിയേഷനുകളും വ്യാപാരി വ്യവസായി സംഘടനകളും നഗരം സമ്പൂർണമായി സി.സി. ടി.വി നിരീക്ഷണത്തിലാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
നഗരസഭയുടെ ഈ നീക്കം കൊയിലാണ്ടി നഗരത്തെ കൂടുതൽ സുരക്ഷിതമാക്കും. അടുത്തിടെയായി വർദ്ധിച്ചുവരുന്ന മോഷണ സംഭവങ്ങൾക്ക് തടയിടാനും ഇതുവഴി സാധിക്കുമെന്നാണ് കരുതുന്നത്. മോഷ്ടാക്കളുടെയും സാമൂഹ്യവിരുദ്ധരുടെയും ശല്യം ഒഴിവാക്കാൻ സഹായകരമാകുമെന്നാണ് വ്യാപാരികൾ പറയുന്നു. പല കേസുകളിലും പൊലീസിനും ഈ ക്യാമറ തുണയാവുമെന്നാണ് പ്രതീക്ഷ.
ക്യാമറകൾ സ്ഥാപിച്ച സ്ഥലങ്ങൾ
ആനക്കുളം ബസ് സ്റ്റോപ്പിന് സമീപം, ചിൽഡ്രൻസ് പാർക്കിന് സമീപം, നെല്ല്യാടി പാലത്തിന് സമീപം, നടേരി അക്വഡേറ്റിന് സമീപം, കൊല്ലം മത്സ്യമാർക്കറ്റ്, പന്തലായനി റോഡ് മുത്താമ്പി റോഡ് ജംഗ്ഷൻ, പെരുവട്ടൂർ ജംഗ്ഷൻ, മുത്താമ്പി, മഞ്ഞളാട് മല എം.സി.എഫ്, കാവുംവട്ടം ജംഗ്ഷൻ, അണേല കണ്ടൽപാർക്ക്, കണയങ്കോട് പാലത്തിന് സമീപം, റെയിൽവേ ഓവർ ബ്രിഡ്ജിന് താഴെ കല്ല്യാൺ ബാറിന് സമീപം, ഡോ.സതീഷിന്റെ വീടിനു പരിസരം, എൽ.ഐ.സി റോഡിൽ സ്‌കൂൾ മതിലിന് സമീപം, ഹാപ്പിനസ് പാർക്കിന് സമീപം, ബസ് സ്റ്റാന്റ് തുംബൂർ മൂഴിക്ക് സമീപം, ബപ്പൻകാട് ടോൾബൂത്തിന് സമീപം, ബസ് സ്റ്റാന്റ് പച്ചക്കറി വിപണന കേന്ദ്രത്തിന് സമീപം, ബസ് സ്റ്റാന്റ് കംഫർട്ട് സ്റ്റേഷന് സമീപം, മീത്തലെക്കണ്ടി പള്ളിക്ക് സമീപം, എൻ.എച്ച് ഹൈവേ ഹാർബർ ജംഗ്ഷൻ, ഹാർബറിന് സമീപം, സിവിൽ സ്റ്റേഷൻ സ്‌നേഹാരമത്തിന് സമീപം, വിയ്യൂർ വില്ലേജ് ഓഫീസിന് സമീപം, കൊല്ലം ചിറ ഗാന്ധി പ്രതിമയ്ക്ക് സമീപം.
'നഗരസഭയുടെ പത്തുലക്ഷം രൂപ ചെലവിലാണ് ക്യാമറകൾ സ്ഥാപിച്ചത്. ദിവസങ്ങൾക്കകം ഔപചാരികമായ ഉദ്ഘാടനം ഉണ്ടാവും'. അഡ്വ.കെ.സത്യൻ, നഗരസഭ വൈസ് ചെയർമാൻ