
മലയാളികൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട പ്രഭാത ഭക്ഷണ വിഭവങ്ങളിൽ ഒന്നാണ് അപ്പം. അത്താഴത്തിനും അപ്പം കഴിക്കുന്നവരുണ്ട്. ആഗ്രഹിക്കുന്നതുപോലെ പെർഫെക്ട് ആയി അപ്പം ഉണ്ടാക്കാൻ സാധിക്കുന്നില്ലെന്ന് പരാതി പറയുന്നവർ നിരവധിയാണ്. അപ്പം കട്ടിയായി പോകുന്നുവെന്ന് പരിഭവമുള്ളവരും ഏറെ. എന്നാലിനി ഇത്തരം പരാതികളൊന്നുമില്ലാതെ നല്ല പൂവുപോലെ മൃദുലമായ അപ്പം എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാം.
അരി അരയ്ക്കാതെ വ്യത്യസ്തമായ രീതിയിൽ സൂപ്പർ ടേസ്റ്റിൽ പഞ്ഞിപോലെ സോഫ്‌ടായ അപ്പം ഉണ്ടാക്കി നോക്കാം. ആദ്യം രണ്ട് ഗ്ളാസ് വറുത്ത അപ്പം അല്ലെങ്കിൽ ഇടിയപ്പം പൊടിയെടുക്കണം. ഇതിലേയ്ക്ക് കുറച്ച് കുറച്ചായി വെള്ളമൊഴിച്ച് കലക്കിയെടുക്കാം. അടുത്തതായി അരക്കപ്പ് ചോറ്, ഒരു ടീസ്‌പൂൺ ഇൻസ്റ്റന്റ് ഈസ്റ്റ്, രണ്ട് ടീസ്‌പൂൺ പഞ്ചസാര എന്നിവകൂടി മാവിലേയ്ക്ക് ചേർക്കാം. ഇനി കുറച്ച് വെള്ളംകൂടി ചേർത്ത് എല്ലാം നന്നായി അരച്ചെടുക്കണം. ശേഷം മാവ് മറ്റൊരു പാത്രത്തിലേയ്ക്ക് മാറ്റിയിട്ട് എട്ടുമണിക്കൂർ മാറ്റിവയ്ക്കണം. രാത്രി അരച്ചുവച്ച് രാവിലെ അപ്പം ഉണ്ടാക്കാൻ എടുക്കണം.
രാവിലെ മാവിലേയ്ക്ക് അരക്കപ്പ് തേങ്ങ ചിരകിയത് അൽപ്പം വെള്ളം ചേർത്ത് അരച്ചത് ചേർത്തുകൊടുക്കണം. ഒരുപാട് ലൂസായി പോകാൻ പാടില്ല. അവസാനമായി ആവശ്യത്തിന് ഉപ്പുചേർക്കാം. എല്ലാം നന്നായി ഇളക്കി യോജിപ്പിച്ചതിനുശേഷം അര മണിക്കൂർ മാറ്റിവയ്ക്കണം. ശേഷം മാവ് ഇളക്കാതെ മുകൾ ഭാഗത്തുനിന്ന് മാവ് കോരിയെടുത്ത് അപ്പം ഉണ്ടാക്കാം. നല്ല സോഫ്‌ട് അപ്പം റെഡിയായി കഴിഞ്ഞു.