
അപ്രതീക്ഷിതവും അതിഭീകരവുമായ ഒരു പ്രകൃതിക്ഷോഭത്തിന് വിധേയമായതോടെയാണ് മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങൾ കേരളത്തിന് തീരാനൊമ്പരമായി മാറിയത്. എന്നാൽ, ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിക്ക് അധിക നൊമ്പരമായത് ഒന്നാം വർഷ എം.എ. സോഷോളജി വിദ്യാർത്ഥിനിയായിരുന്ന നിതയുടെ ജീവൻ ഉരുൾ പൊട്ടലിൽ നഷ്ടമായതാണ്.
വയനാട്ടിലെ ഉരുൾപൊട്ടലിന്റെ അടുത്ത ദിവസങ്ങളിലെത്തിയ വാർത്തകൾ വിഷമിപ്പിക്കുന്നതായിരുന്നു. ഓപ്പൺ യൂണിവേഴ്സിറ്റിയുടെ കല്പറ്റ പഠന കേന്ദ്രത്തിലെ നിരവധി കുട്ടികളെ ദുരന്തം ബാധിച്ചിരിക്കുന്നു. പക്ഷേ, എന്ത്, എങ്ങനെ എന്നൊന്നും അറിഞ്ഞില്ലെന്നാണ് കല്പറ്റ ഗവ. കോളേജിലെ കോ- ഓർഡിനേറ്ററായ അദ്ധ്യാപകൻ അനീഷ് ദാസ് അറിയിച്ചത്. ഇങ്ങു കൊല്ലത്ത്, സർവകലാശായിൽ ഇതു സംബന്ധിച്ച വിവരങ്ങൾ ഏകോപിപ്പിക്കുവാൻ ഒരു കർമ്മസമിതി രൂപീകരിച്ച് അവിടുത്തെ എല്ലാ പഠിതാക്കളെയും ബന്ധപ്പെടുവാൻ തുടങ്ങി.
വിവരങ്ങൾ കിട്ടാൻ കുറച്ചു ദിവസം കൂടി കാത്തിരിക്കേണ്ടി വന്നു. മഴയുടെ തീവ്രത കുറയുകയും രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയും ചെയ്തപ്പോഴാണ് അപൂർണമായൊരു ചിത്രമെങ്കിലും ലഭിച്ചുതുടങ്ങിയത്. കല്പറ്റ പഠനകേന്ദ്രത്തിലെ ഒരു വിദ്യാർത്ഥിനിയെക്കുറിച്ച് വിവരങ്ങളില്ല! പത്തിലധികം പേർക്ക് വിവിധ രീതിയിലുള്ള നഷ്ടങ്ങൾ സംഭവിച്ചിരിക്കുന്നു. കർമ്മസമിതിയുടെ ദിവസേനയുള്ള വിവരശേഖരണത്തിൽ സ്ഥിരീകരിച്ച ആ വാർത്തയെത്തി. എം.എ. സോഷ്യോളജി വിദ്യാർത്ഥിനിയായിരുന്ന നിതയുടെ മൃതദേഹം കണ്ടെത്തി തിരിച്ചറിഞ്ഞു. വീട്ടിൽ നിന്ന് ഉരുൾ കൊണ്ടുപോയ അമ്മൂമ്മയേയും മൂത്ത അമ്മാവനെയും കണ്ടെത്തിയിട്ടില്ല. രക്ഷപ്പെട്ട പഠിതാക്കളിൽ കുറച്ചു പേർക്ക് വീട് പൂർണമായും നഷ്ടപ്പെട്ടു.
നിതയുടെ
മണ്ണിലേക്ക്
ജീവൻ നഷ്ടപ്പെട്ടവർക്കും പാർപ്പിടം നഷ്ടമായവർക്കും സഹായമെത്തിക്കുവാൻ സർവകലാശാല അടിയന്തര സിൻഡിക്കേറ്റ് കൂടി പദ്ധതി തയ്യാറാക്കി. വൈസ് ചാൻസലറുടെ നേതത്വത്തിൽ എല്ലാ സിൻഡിക്കേറ്റ് അംഗങ്ങളും ഉൾപ്പെട്ട ഒരു ചെറുസംഘം നേരിട്ട് ഈ കുടുംബങ്ങളെ സന്ദർശിക്കുവാനും തീരുമാനമെടുത്തു. ഒപ്പം, ചെറുതല്ലാത്ത സഹായധനം ഓരോ കുടുംബത്തിനും നേരിട്ട് നല്കുവാനും. ഓഗസ്റ്റ് 23-ന് കല്പറ്റയിലെത്തി താമസിച്ചു. 24-ന് രാവിലെ ഗസ്റ്റ് ഹൗസിലെത്തി റവന്യു മന്ത്രിയെ കണ്ട്, ഞങ്ങളുടെ സന്ദർശനത്തിന്റെ ഉദ്ദേശ്യം അറിയിച്ചു. ആദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം, വയനാട് കളക്ടറേറ്റിൽ എം.എൽ.എ, ജില്ലാ കളക്ടർ, എസ്. പി തുടങ്ങിയവർ പങ്കെടുത്ത ചെറിയൊരു യോഗത്തിനു ശേഷം ഞങ്ങൾ നിതയുടെ അമ്മയും ഇളയ അമ്മാവനും അച്ഛനും വാടകയ്ക്കു താമസിക്കുന്ന വീട്ടിലെത്തി.
ദു:ഖം തളംകെട്ടിയ അന്തരീക്ഷത്തിൽ ആ അമ്മയുടെ കൈയിലേക്ക് വൈസ് ചാൻസലർ ഡോ. വി.പി. ജഗതിരാജ് സഹായധനം കൈമാറിയപ്പോൾ ദു:ഖം കടിച്ചമർത്തി നിന്ന അവർക്കു മുന്നിൽ ഞങ്ങൾക്കും നിയന്ത്രിക്കാനാവാത്ത വീർപ്പുമുട്ടൽ അനുഭവപ്പെട്ടു. നിശബ്ദതയുടെ അസ്വസ്ഥത മാറാനായി, നടന്ന കാര്യങ്ങളെക്കുറിച്ച് ചോദിച്ചു. ദിവസങ്ങളായി ആ പ്രദേശത്താകെ അതികഠിനമായി മഴ പെയ്തിരുന്നു. എന്തോ നല്ലതല്ലാത്തത് സംഭവിക്കാൻ പോകുന്നതുപോലെ. ഇളയ അമ്മാവനോടൊപ്പമായിരുന്ന അമ്മയെ ചൂരൽമലയിൽ നിന്ന് നിത വിളിച്ചു: “മഴയാണ്, അമ്മ വരൂ, ഇവിടെ നില്ക്കാം.” മഴയുടെ കാഠിന്യം കാരണം അമ്മ മടിച്ചു. പോയില്ല. അന്നു രാത്രി ഉരുൾപൊട്ടി, മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങൾ ദുരന്തഭൂമിയായി. ഫോണുകൾ നിശ്ചലമായി. വെളിച്ചമില്ലാത്ത രാത്രി കടന്നുപോയി.
അടുത്ത ദിവസം നിരവധി ആളുകളെ ഉരുൾ കൊണ്ടുപോയതിൽ നിതയും അമ്മൂമ്മയും മൂത്ത അമ്മാവനും ഉൾപ്പെട്ടു. ബന്ധുക്കൾ, സുഹൃത്തുക്കൾ, അയൽക്കാർ, നാട്ടുകാർ.... ആരും ശേഷിച്ചില്ല. നിതയുടെ മൃതദേഹം വീട്ടിൽ നിന്ന് കുറച്ചകലെയുള്ള ഒരു വീടിന്റെ അവശിഷ്ടങ്ങൾക്കിടയിൽനിന്നാണ് കണ്ടെത്തിയത്. നിതയുടെ അമ്മയും അച്ഛനും ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്യുന്ന ഇളയ അമ്മാവനും കൂടി വാടകയ്ക്ക് താമസിക്കുകയാണ് ഇപ്പോൾ. ഈ തുക നേരിട്ടു ലഭിച്ചതിലെ സന്തോഷം ദു:ഖത്തിനിടയിലും അവരുടെ വാക്കുകളിൽ നിന്ന് ഞങ്ങൾക്ക് ഊഹിച്ചെടുക്കാമായിരുന്നു. കല്പറ്റ ഗവ. കോളേജിലെ പഠനകേന്ദ്രത്തിലേക്ക് ഞങ്ങൾ യാത്രയായി. അവിടെ പഠിതാക്കളും അദ്ധ്യാപകരും ചെറിയൊരു അനുശോചന യോഗത്തിനായി ഒത്തുചേർന്നിരുന്നു.
തുണ പോയി, ഇനി
ഷഹല മാത്രം
ഡിഗ്രി പഠനകാലത്ത് ഉറ്റ സുഹത്തുക്കളായിരുന്നു നിതയും ഷഹലയും. ഇന്ന് ഷഹല മാത്രം ഞങ്ങളുടെ മുന്നിൽ കരഞ്ഞുകൊണ്ടിരിക്കുന്നു. ബിരുദ പഠനം കഴിഞ്ഞപ്പോൾ നിതയ്ക്ക് ഒരു കോളേജിൽ എം.എസ്. ഡബ്ല്യുവിന് അഡിമിഷൻ കിട്ടി. ഷഹലയ്ക്ക് ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിൽ എം.എയ്ക്ക് പ്രവേശനം ലഭിച്ചു. ഒരുമിച്ചു പഠിക്കാനായി നിത ട്രാൻസ്ഫർ വാങ്ങി സോഷ്യോജിയിൽ ചേർന്നു. സിവിൽ സർവീസ്, അല്ലെങ്കിൽ ക്ലാസ് വൺ ഉദ്യോഗം ലക്ഷ്യം വച്ച് പഠനം ആരംഭിച്ചു. സുഹൃദ്ബന്ധത്തിന്റെ സന്തോഷത്തിൽ കൗൺസലിംഗ് ക്ലാസുമൊക്കെയായി ഒരു വർഷം തീരാറായപ്പോൾ നിത പുതിയൊരു വാച്ച് വാങ്ങി. ഒരുമിച്ചിരുന്ന് സെൽഫിയൊക്കെ എടുത്താണ് ചങ്ങാതിമാർ പിരിഞ്ഞത്.
പഠനത്തിൽ നിതയ്ക്കുള്ള ആവേശവും കൃത്യമായ പഠനക്രമവും കണ്ട് ജോലിയുള്ള പഠിതാക്കൾ എപ്പോഴും പ്രോത്സാഹിപ്പിക്കുമായിരുന്നു. നിതയെന്ന കൂട്ടുകാരിക്ക് ഹൃദയത്തിൽ നല്കിയിരുന്ന സ്ഥാനം എന്തെന്ന് നിർവചിക്കാനാവാത്ത തരത്തിൽ ഒരുമിച്ചുള്ള ജീവിതയാത്രയിലാണ് ഷഹലയിൽ നിന്ന് എന്നെന്നേയ്ക്കുമായി നിത പറന്നകന്നത്. ഒരു വാക്കുപോലും സംസാരിക്കാൻ കഴിയാത്ത അവസ്ഥയിൽ നിറകണ്ണുകളോടെയാണ് ഷഹലയും കൂട്ടുകാരും സർവകലാശാലയിൽ നിന്നെത്തിയ ഞങ്ങളെ യാത്രയാക്കിയത്.
സമയം ഉച്ചക്ക് പന്ത്രണ്ടു മണി. തേയിലത്തോട്ടങ്ങൾക്കിടയിലൂടെ സഞ്ചരിക്കുമ്പോൾ മഴയും വെയിലും മാറിമാറി വന്നുകൊണ്ടിരുന്നു. അവിടെ താമസിച്ചിരുന്ന രണ്ടുമൂന്നു പേർ ഞങ്ങൾക്കൊപ്പം കൂടി. അവർ പറഞ്ഞത് ഒരിക്കും മറക്കാനാകാത്ത ഭയാനകമായ ഒരു രാത്രിയെക്കുറിച്ചായിരുന്നു. ഞങ്ങൾ നിന്നതിനു തൊട്ടുമുന്നിൽ നാല്പത് അടിയോളം താഴ്ചയുള്ള ഗർത്തത്തിന്റെ വശങ്ങളിലെല്ലാം വീടുകളായിരുന്നുവത്രേ! സർവകലാശാലയിലെ ഒരു വിദ്യാർത്ഥിനി മരിച്ച വിവരം പറഞ്ഞപ്പോൾ, ഫോട്ടോ കാണിക്കാമോ എന്നു ചോദിച്ചു. ഫോട്ടോ കണ്ടയുടൻ ഒരാൾ നൂറു വാര അകലേക്ക് വിരൽചൂണ്ടി പറഞ്ഞു: ''കുട്ടിയെ അറിയാം, ആ കാണുന്ന മൂന്ന് തെങ്ങുകൾക്കു താഴെയാണ് അവളും അമ്മൂമ്മയും അമ്മാവനും താമസിച്ചിരുന്നത്. എന്റെ റേഷൻകടയിൽ വരുമായിരുന്നു. അവരാരുമില്ല, റേഷൻ കടയുമില്ല."" ഞങ്ങൾക്ക് ഒന്നും പറയാനുണ്ടായിരുന്നില്ല. തിരികെ മലയിറങ്ങുമ്പോൾ വന്നപ്പോഴത്തേതിനേക്കാൾ ഹൃദയഭാരം തോന്നി.
(ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റി പ്രോ- വൈസ് ചാൻസലറാണ് ലേഖകൻ. മൊബൈൽ: 98460 26464)