
വിഴിഞ്ഞം: ജമന്തി പൂക്കളുടെ വിരുന്നൊരുക്കി കല്ലിയൂർ ഗ്രാമപഞ്ചായത്ത്. എല്ലാ വാർഡുകളിലുമായി 20 ഏക്കർ സ്ഥലത്താണ് പൂക്കളും പച്ചക്കറികളും കൃഷിചെയ്തത്. കല്ലിയൂർ കൃഷിഭവന്റെ ഫാം ടൂറിസം സംരംഭ മേഖലയിലേക്കുള്ള ചുവടുവയ്പ്പു കൂടിയാണ് പൂത്തുലഞ്ഞു കിടക്കുന്ന ജമന്തി പാടങ്ങൾ. ഓണത്തിന് സന്ദർശക കാഴ്ചയൊരുക്കുന്നതിന്റെ ഔദ്യോഗിക ഉദ്‌ഘാടനം ഇന്ന് രാവിലെ 8.30ന് മന്ത്രി ജി.ആർ.അനിൽ നിർവഹിച്ചു.
പെരിങ്ങമ്മല വാട്ടർ ടാങ്കിന് സമീപത്താണ് ഉദ്ഘാടനപരിപാടി.ഇവിടെ എത്തുന്ന സന്ദർശകർക്ക് ഊഞ്ഞാലാടാം,വർണ്ണശലഭങ്ങളെ അടുത്ത് കാണാം കൂടാതെ സെൽഫി പോയിന്റുകൾ,താമരപൊയ്ക, കൃഷിക്കൂട്ടങ്ങളുടെ ജൈവപഴം പച്ചക്കറികൾ, വിവിധതരം മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ, പച്ചക്കറി തൈകൾ, വിവിധതരം പൂച്ചെടികൾ, കുളവാഴയിൽ നിന്നുള്ള കരകൗശല വസ്തുക്കൾ, ചില്ല് പാത്രത്തിലെ കുഞ്ഞൻ ഉദ്യാനങ്ങൾ,അത്തപ്പൂക്കളം കിറ്റ് എന്നിവ കാണുന്നതിനും വാങ്ങുന്നതിനുള്ള അവസരംഒരുക്കുന്നു. കൂടാതെ കുടുംബശ്രീയുടെ ലഘു ഭക്ഷണശാലയും ഉണ്ടാകും. പെരിങ്ങമ്മലയിൽ മാത്രം രണ്ട് ഏക്കർസ്ഥലത്താണ് പൂക്കളും പച്ചക്കറിയും കൃഷിചെയ്തിരിക്കുന്നത്.15-ാം വാർഡിലെ പൂക്കൃഷിയുടെ പ്രദർശനോദ്‌ഘാടനം 8ന് കേന്ദ്രമന്ത്രി നിർവഹിക്കുമെന്നാണ് സൂചന. നാളെ മുതൽ ആരംഭിക്കുന്ന അത്തപൂക്കളത്തിനായുള്ള കിറ്റും ഇവിടെനിന്നു ലഭിക്കും.
പഞ്ചായത്തിലെ ചെറുകിട പൂകർഷകരിൽ നിന്നുൾപ്പെടെ പൂവുകൾ ശേഖരിച്ചാകും കിറ്റ് വിതരണം ചെയ്യുന്നതെന്ന് കൃഷി ഓഫീസർ സ്വപ്‌ന പറഞ്ഞു. കുറഞ്ഞ വിലക്ക് നൽകുന്ന കിറ്റിൽ ജമന്തിപൂക്കൾ ഉൾപ്പെടെ 5 ഇനംപൂക്കൾ ഉണ്ടാകും. ഒരാഴ്ച നീളുന്ന പ്രദർശനത്തിന് ചെറിയ നിരക്കിലെ ടിക്കറ്റ് ഉണ്ടാകുമെന്നും കൃഷിഓഫീസർ പറഞ്ഞു. പെരിങ്ങമ്മലയിലെ പ്രദര്ശനം ഉത്രാടം നാൾവരെ നീളും.ത്രിതല പഞ്ചായത്ത്, കൃഷിവകുപ്പ് തുടങ്ങിയവയുടെ സഹായത്തോടെയാണ് പൂവനി പദ്ധതി ഇവിടെ നടപ്പിലാക്കുന്നത്.
ഉദ്‌ഘാടന ചടങ്ങിൽ എം. വിൻസെന്റ് എം എൽ എ അധ്യക്ഷത വഹിച്ചു.കല്ലിയൂർ ഗ്രാമപഞ്ചായത് പ്രസിഡന്റ് എം. സോമശേഖരൻ നായർ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ, പ്രിൻസിപ്പൽ കൃഷി ഓഫീസർ എസ്.അനിൽ കുമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ.പ്രീജ തുടങ്ങിയവർ പങ്കെടുത്തു.