rat

എലി ശല്യമില്ലാത്ത വീടുകൾ കുറവായിരിക്കും. വീടുകളിൽ മാത്രമല്ല, കടകളിലും മറ്റും എലി ശല്യം നേരിടാറുണ്ട്. എലിയെ തുരത്താൻ പല മാർഗങ്ങളും പരീക്ഷിച്ച് മടുത്തവരായിരിക്കും നമ്മളിൽ പലരും. എന്നാൽ എല്ലാ വീടുകളും കാണുന്ന ഉപ്പ് ഉപയോഗിച്ച് എലിയെ എളുപ്പത്തിൽ തുരത്താനായാലോ?

തവിട് പൊടിച്ചത്, കടലമാവ്, ബിസ്‌കറ്റ് പൊടിച്ചത് ഇവയിൽ ഏതെങ്കിലും ഒരു പാത്രത്തിൽ കുറച്ച് എടുക്കണം. ഇതിലേയ്ക്ക് കുറച്ച് ബേക്കിംഗ് സോഡയും നാരങ്ങാനീരും ചേർത്തുകൊടുക്കണം. ഇത് കുഴച്ചെടുത്തതിനുശേഷം ചെറിയ ഉരുളകളാക്കിയെടുക്കാം. എലിക്ക് ഏറ്റവും ഇഷ്ടമുള്ള ഒന്നാണ് തവിട്. ഇത് കഴിക്കാനെത്തുന്ന എലി ഉരുളകൾ കഴിക്കുന്നതിലൂടെ ബേക്കിംഗ് സോഡ വയറ്റിലെത്തുന്നു. തുടർന്ന് അവയ്ക്ക് അമിതമായ ദാഹം ഉണ്ടാവുകയും ചത്തുവീഴുകയും ചെയ്യുമെന്നാണ് കപ്പ കൃഷിക്കാർ പറയുന്നത്.

തവിട് പൊടിയിൽ സിമന്റുചേർത്ത് കുഴച്ചും എലിയെ ഓടിക്കാം. സിമന്റും തവിടും അൽപ്പം വെള്ളം ചേർത്ത് കുഴച്ചതിനുശേഷം ചെറിയ ഉരുളകളാക്കി എലി വരാൻ സാദ്ധ്യതയുള്ള സ്ഥലങ്ങളിൽ വയ്ക്കാം. എലി ഈ ഉരുളകൾ കഴിക്കുന്നതിലൂടെ സിമന്റ് വയറിനുള്ളിൽ പോവുകയും ചാവുകയും ചെയ്യുന്നു.

ഉപ്പ് ഉപയോഗിച്ചും എലിയെ എളുപ്പത്തിൽ തുരത്താനാവും. ഒരു പാത്രത്തിൽ കുറച്ച് വെള്ളമെടുത്ത് തിളപ്പിക്കണം. ശേഷം അൽപ്പം കല്ലുപ്പ് ചേർത്തുകൊടുക്കാം. ഇതിലേയ്ക്ക് അൽപ്പം വെളുത്തുള്ളി ചതച്ചതും ഗ്രാമ്പൂവും ഇട്ട് വെള്ളം നന്നായി തിളപ്പിക്കണം. വെള്ളം തണുത്തതിനുശേഷം ഒരടപ്പ് ഡെറ്റോളോ ലൈസോളോ ചേർക്കാം. ഇനി ഈ മിശ്രിതം എലി വരാൻ സാദ്ധ്യതയുള്ള സ്ഥലങ്ങളിൽ തളിച്ചുകൊടുക്കാം.