
ഇഗ ഷ്വാംടെക്കിനെ അട്ടിമറിച്ച് ജസീക്ക പെഗുല യു.എസ് ഓപ്പൺ സെമിയിൽ
മെദ്‌വദേവിനെ കീഴടക്കി യാന്നിക്ക് സിന്നറും സെമിയിൽ
ന്യൂയോർക്ക് : അട്ടിമറികൾകൊണ്ട് വിസ്മയം സൃഷ്ടിച്ച ഇത്തവണത്തെ യു.എസ് ഓപ്പണിൽ വനിതാ വിഭാഗത്തിൽ നിലവിലെ ഒന്നാം നമ്പർ താരവും മുൻ ചാമ്പ്യനുമായ ഇഗ ഷ്വാംടെക്കും വീണു. ക്വാർട്ടർ ഫൈനലിൽ ആറാം സീഡ് അമേരിക്കൻ താരം ജെസീക്ക പെഗുലയാണ് നേരിട്ടുള്ള സെറ്റുകൾക്ക് 2022ലെ ചാമ്പ്യനെ തകർത്തത്.ഒരു മണിക്കൂർ 28 മിനിട്ട് നീണ്ട പോരാട്ടത്തിൽ 6-2,6-4 എന്ന സ്കോറിനാണ് ഈ വർഷത്തെ ഫ്രഞ്ച് ഓപ്പൺ ജേതാവുകൂടിയായ ഇഗയെ പെഗുല മറികടന്നത്.
30 കാരിയായ പെഗുലയുടെ കരിയറിലെ ആദ്യ ഗ്രാൻസ്ളാം സെമിഫൈനലാണിത്. ഇതിന് മുമ്പ് ആറുതവണ ഗ്രാൻസ്ളാം ടൂർണമെന്റുകളുടെ ക്വാർട്ടറുകളിൽ കളിച്ചിട്ടും നേടിയെടുക്കാൻ കഴിയാതിരുന്ന വിജയമാണ് ഇത്തവണ സ്വന്തം നാട്ടുകാരുടെ കൺമുന്നിൽവച്ച് പെഗുല നേടിയെടുത്തത്. പോളണ്ടുകാരിയായ ഇഗ മത്സരത്തിന്റെ തുടക്കം മുതൽ ബുദ്ധിമുട്ടിയിരുന്നു. മോശം സർവുകളും അൺ ഫോഴ്സ്ഡ് എററുകളുമായി ഇഗ നിരാശപ്പെടുത്തിയപ്പോൾ പെഗുല കിട്ടിയ അവസരം മുതലാക്കി കത്തിക്കയറി. 41 അൺ ഫോഴ്സ്ഡ് എററുകളാണ് ഇഗ മത്സരത്തിൽ വരുത്തിയത്. ടൂർണമെന്റിൽ ക്വാർട്ടർവരെ ഒരു തന്റെ സർവ് പോലും ബ്രേക്ക് ചെയ്യാൻ അനുവദിക്കാതിരുന്ന ഇഗയുടെ ആദ്യ സർവ് തന്നെ പെഗുല ബ്രേക്ക് ചെയ്തിരുന്നു. സെമിയിൽ കരോളിന മുച്ചോവയാണ് പെഗുലയുടെ എതിരാളി. ക്വാർട്ടർ ഫൈനലിൽ ബ്രസീലിന്റെ ഹദ്ദാദ് മിയയെ 6-1,6-4 എന്ന സ്കോറിനാണ് റഷ്യക്കാരിയായ മുച്ചോവ തോൽപ്പിച്ചത്.
പുരുഷ വിഭാഗത്തിൽ മുൻ ലോക ഒന്നാം നമ്പർ റഷ്യൻ താരം ഡാനിൽ മെദ്‌വദേവിനെ കീഴടക്കി നിലവിലെ ലോക ഒന്നാം നമ്പർ താരമായ യാന്നിക്ക് സിന്നർ സെമിയിലേക്ക് കടന്നു.അഞ്ചാം സീഡായ മെദ്‌വദേവിനെ നാലുസെറ്റ് നീണ്ട പോരാട്ടത്തിൽ 6-2,1-6,6-1,6-4 എന്ന സ്കോറിനാണ് ടോപ് സീഡായ സിന്നർ തോൽപ്പിച്ചത്. സെമിയിൽ ബ്രിട്ടീഷ് താരം ജാക്ക് ഡ്രാപ്പറാണ് സിന്നറുടെ എതിരാളി. ഡ്രാപ്പർ ക്വാർട്ടറിൽ 6-3,7-5,6-2 എന്ന സ്കോറിന് ഓസ്ട്രേലിയൻ താരം അലക്സ് ഡിമിനേയുറിനെയാണ് തോൽപ്പിച്ചത്.