
ബന്ദർ സെരി ബെഗവൻ: ലോകത്തെ ഏറ്റവും സമ്പന്നനായ ഭരണാധികാരി, സ്വർണ പാത്രങ്ങളിൽ ഭക്ഷണം കഴിക്കുന്ന സുൽത്താൻ എന്നിങ്ങനെ നിരവധി വിശേഷണങ്ങളുള്ള രാജ്യമാണ് ബ്രൂണെ. ഇപ്പോഴിതാ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തിന് പിന്നാലെ ബ്രൂണെ വാർത്തകളിൽ ഇടംപിടിച്ചിരിക്കുകയാണ്. മോദിക്ക് ബ്രൂണെ സുൽത്താൻ ഒരുക്കിയ പ്രത്യേക വിരുന്നിന്റെ മെനുവാണ് ഏറ്റവും ഒടുവിലായി പുറത്തുവന്നത്.
ബ്രൂണെയിലെ ഇന്ത്യൻ എംബസിയാണ് വിരുന്നിന്റെ ചിത്രങ്ങൾ പുറത്തുവിട്ടത്. സുൽത്താന്റെ വസതിയിൽ വച്ചാണ് പ്രധാനമന്ത്രിക്കായി പ്രത്യേക വിരുന്നൊരുക്കിയത്. ഫസ്റ്റ് കോഴ്‌സായി അവക്കാഡോ, വെജിറ്റബിൾ റൈസ് കേക്ക്, കക്കരിക്ക എന്നിവയും പിന്നാലെ ബ്രൊക്കോളിയോടൊപ്പം പയർ സൂപ്പ് എന്നിവയാണ് വിളമ്പിയത്.
പേസ്ട്രീ ക്രസ്റ്റ് ഉപയോഗിച്ചുള്ള ഫ്രഞ്ച് വിഭവമായ കിശ്ശ, ചീര, ബ്ലാക്ക് ട്രഫിളിനൊപ്പം കൂണ്‍, മത്തങ്ങ, ഗ്രീന്‍ പീസ് പ്യൂരി എന്നിവയാണ് തേര്‍ഡ് കോഴ്‌സായി വിളമ്പിയത്. ഇന്ത്യന്‍ പതാകയുടെ ത്രിവര്‍ണ നിറം സൂചിപിക്കുന്ന തരത്തിലാണ് വിഭവങ്ങള്‍ ഒരുക്കിയിരുന്നത്. മെയിൻ കോഴ്‌സിൽ കൂടുതലും ഇന്ത്യൻ വിഭവങ്ങളാണ് ഉൾപ്പെടുത്തിയിരുന്നത്. ജീര റൈസ്, ചന്ന മസാല, വെജിറ്റബിൾ കോഫ്‌ത, ഗ്രിൽഡ് ലോബ്‌സ്റ്റർ, താസ്‌മാനിയൻ സാൽമൺ, കൊഞ്ച് എന്നിങ്ങനെ പല മത്സ്യ വിഭവങ്ങളും മെയിൻ കോഴ്‌സിന്റെ ഭാഗമായിരുന്നു.
മധുര പലഹാരങ്ങളായി മാങ്കോ സാഫ്‌റൺ പേടയും ലഡുവും പിസ്‌താഷ്യോയും നൽകിയാണ് വിഭവ സമൃദ്ധമായ ഉച്ച ഭക്ഷണത്തിന് വിരാമമിട്ടത്. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം ആരംഭിച്ചതിന്റെ 40-ാം വാർഷികത്തോടനുബന്ധിച്ചാണ് മോദി ബ്രൂണെ സന്ദർശിച്ചത്.