
ആഗസ്റ്റ് മാസത്തിൽ യാത്രാ വാഹനങ്ങളുടെ വില്പനയിൽ 4.53 ശതമാനം ഇടിവ്
കൊച്ചി: ആഗസ്റ്റിൽ ഇന്ത്യയിലെ യാത്രാ വാഹന വിൽപ്പനയിൽ 4.53 ശതമാനം ഇടിവ് നേരിട്ടു. ഫെഡറേഷൻ ഒഫ് ഓട്ടോമൊബൈൽ ഡീലേഴ്സ് അസോസിയേഷന്റെ (എഫ്.എ.ഡി.എ) കണക്കുകളനുസരിച്ച് കഴിഞ്ഞ മാസം 3.09 ലക്ഷം വാഹനങ്ങളാണ് വിവിധ കമ്പനികൾ വിറ്റഴിച്ചത്. ഡീലർമാരുടെ കൈവശം വാഹനങ്ങൾ 75 ദിവസം വരെ വില്പന നടക്കാതെ അവശേഷിക്കുന്ന സാഹചര്യമുണ്ടെന്നും അവർ പറയുന്നു. ട്രാക്ടർ വില്പനയിൽ 11.39 ശതമാനവും വാണിജ്യ വാഹന വില്പനയിൽ 6.05 ശതമാനവും ഇടിവാണുണ്ടായത്. അതേസമയം ഇരുചക്ര, മുചക്ര വാഹനങ്ങളുടെ വില്പനയിൽ നേരിയ വർദ്ധന ദൃശ്യമായി.
കനത്ത മഴ മൂലം ഉപഭോക്താക്കൾ വാങ്ങൽ തീരുമാനം നീട്ടിയതാണ് വിപണിക്ക് തിരിച്ചടി സൃഷ്‌ടിച്ചതെന്ന് എഫ്.എ.ഡി.എ പ്രസിഡന്റ് മനീഷ് രാജ് സിംഘാനിയ പറഞ്ഞു.
പ്രതികൂലം
സാമ്പത്തിക അനിശ്ചിതത്വം
ഉയർന്ന വാഹന വിലകൾ
ഇന്ധന വില വർദ്ധന
പ്രതീക്ഷ
ഉത്സവകാല സീസണിൽ വിൽപ്പന മെച്ചപ്പെടുമെന്നാണ് വാഹന നിർമ്മാതാക്കളും ഡീലർമാരും പ്രതീക്ഷിക്കുന്നത്. പുതിയ മോഡലുകൾ അവതരിപ്പിച്ചും ആകർഷകമായ ഓഫറുകൾ നൽകിയും ഉപഭോക്താക്കളെ ആകർഷിക്കാനുള്ള ശ്രമങ്ങൾ തുടങ്ങി.