
ന്യൂഡൽഹി: ഏഷ്യൻ സിനിമയുടെ മാതാവ് എന്ന് വിശേഷിപ്പിക്കപ്പെട്ട ചലച്ചിത്ര നിരൂപകയും എഴുത്തുകാരിയും ഡോക്യുമെന്ററി നിർമ്മാതാവുമായ അരുണ വാസുദേവിന് (88) വിട. അൽഷിമേഴ്സ് ബാധിതയായിരുന്നു. ആശുപത്രിയിൽ ഇന്നലെ രാവിലെയായിരുന്നു അന്ത്യം. സംസ്കാരം ലോധി റോഡ് ശ്‌മശാനത്തിൽ നടന്നു.
ലോകമെമ്പാടും ഏഷ്യൻ സിനിമകളുടെ ശക്തയായ പ്രചാരകയായതിനാൽ "മദർ ഒഫ് ഏഷ്യൻ സിനിമ " എന്നറിയപ്പെട്ടു. 'സിനിമായ : ദി ഏഷ്യൻ ഫിലിം ക്വാർട്ടർലി'യുടെ സ്ഥാപക എഡിറ്ററായിരുന്നു. 29 വർഷം മുമ്പ് യുനസ്‌കോയുമായി ചേർന്ന് ഏഷ്യൻ സിനിമകളുടെ പ്രചാരണത്തിന് ആഗോള സംഘടനയായ 'നെറ്റ്പാക്' ( നെറ്റ്‌വർക്ക് ഫോർ പ്രൊമോഷൻ ഓഫ് ഏഷ്യൻ സിനിമ) സ്ഥാപിച്ചു. ലോകത്തെ വിവിധ ചലച്ചിത്രോത്സവങ്ങളിൽ മികച്ച ഏഷ്യൻ സിനിമകൾക്ക് നെറ്റ്പാക് അവാർഡ് നൽകുന്നുണ്ട്.
പിതാവിന്റെ ജോലിയുമായി ബന്ധപ്പെട്ട് ഏറെക്കാലം ന്യൂയോർക്കിൽ ആയിരുന്നു. അവിടെ ഫോട്ടോഗ്രഫി പഠിച്ചു. ഇന്ത്യയിൽ തിരിച്ചെത്തിയ ശേഷം 20 ഡോക്യുമെന്ററികൾ നിർമ്മിച്ചു.പാരീസ് സർവകലാശാലയിൽ നിന്ന് സിനിമയിൽ പി.എച്ച്ഡി എടുത്ത അരുണയെ. ഫ്രഞ്ച് സർക്കാർ പരമോന്നത സാംസ്‌കാരിക പുരസ്കാരമായ ഓർഡർ ഒഫ് ആർട്സ് ആൻഡ് ലെറ്റേഴ്സ് നൽകി ആദരിച്ചു.
നിരവധി ഫിലിം ഫെസ്റ്റിവലുകളുടെ ക്യൂറേറ്ററും ചിത്രകാരിയുമായിരുന്നു.
ഭർത്താവ് നയതന്ത്രജ്ഞനായിരുന്ന പരേതനായ സുനിൽ കുമാർ റോയി ചൗധരി . മകൾ ഗ്രാഫിക് ഡിസൈനറായ യാമിനി റോയ് ചൗധരി. സഞ്ജയ്ഗാന്ധിയുടെയും മനേക ഗാന്ധിയുടെയും മകൻ വരുൺ ഗാന്ധിയാണ് യാമിനിയുടെ ഭർത്താവ്.