video

കൊച്ചി: പൊതുവെ യുവതികൾക്കും മറ്റും തനിച്ച് ടാ‌ക്‌സിയിലും ഓട്ടോറിക്ഷയിലും യാത്ര ചെയ്യാൻ ചെറിയ ഒരു ഭയമാണ്. കാരണം ദിവസവും നമ്മൾ കേൾക്കുന്ന വാർത്തകൾ അങ്ങനെയാണ്. എന്നാൽ നമ്മളെ സുരക്ഷിതമായി വീടുകളിലും മറ്റും എത്തിക്കുന്ന ഡ്രെെവർമാരുമുണ്ട്. അത്തരത്തിൽ ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. ഗൂഗിൾ ട്രാൻസ്‌ലേറ്ററിന്റെ സഹായത്തോടെ യാത്രക്കാരിയോട് സംസാരിച്ച് അവരെ സുരക്ഷിതമായ സ്ഥലത്തെത്തിച്ച ഒരു മലയാളി ഡ്രെെവറാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം.

'ഉന്നതി മാംഗ്ല' എന്ന ട്രാവൽ വ്ലോഗറാണ് കേരളത്തിലേക്ക് ആദ്യമായി നടത്തിയ സോളോ ട്രിപ്പിന്റെ അനുഭവം സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. ഒരാഴ്ച മുൻപ് ഉന്നതി പങ്കുവച്ച വീഡിയോ ഇതിനോടകം 4.3 മില്യൺ പേരാണ് കണ്ടത്. 'ഇങ്ങനെ ഒരു ടാക്സി ഡ്രെെവറെ എല്ലാ പെൺകുട്ടികളും ആർഹിക്കുന്നു' എന്ന് കുറിച്ച വീഡിയോയും ഇതിനോടാെപ്പം യുവതി പങ്കുവച്ചിട്ടുണ്ട്.

വീഡിയോയിൽ ഡ്രെെവർ ഗൂഗിൾ ട്രാൻസ്‌ലേറ്ററിനോട് മലയാളത്തിൽ 'പേടിക്കേണ്ട, ഞാൻ രാജ്യത്തിന് പുറത്തുനിന്ന് വരുന്നവരെയും കൊണ്ട് ഓട്ടം പോകാറുണ്ട്' എന്ന് പറയുന്നു. അപ്പോൾ അത് ഗൂഗിൾ ട്രാൻസ്‌ലേറ്ററ് ഇംഗ്ലീഷിൽ ആക്കുകയും ആ യുവതിയ്ക്ക് അത് കേൾപ്പിക്കുകയും ചെയ്യുന്നു. 'പെർഫെക്ട്' എന്നാണ് ഇതിന് മറുപടിയായി യുവതി പറയുന്നത്. സംഭവത്തെക്കുറിച്ച് വലിയ കുറിപ്പും ഉന്നതി പങ്കുവച്ചിട്ടുണ്ട്.

'ആദ്യമായിട്ടാണ് ഞാനൊരു സോളോ യാത്ര പോകുന്നത്. കേരളത്തിലെ മൂന്നാറിൽ നിന്ന് കൊച്ചിയിലേക്കുള്ള ഒരു നീണ്ട യാത്രയായിരുന്നു അത്. ഞാൻ കയറിയപ്പോൾ തന്നെ കംഫർട്ടബിൾ ആണെന്ന തോന്നൽ ടാക്സി ഡ്രെെവർ ഉണ്ടാക്കി. ഇത് ആദ്യമായിട്ടാണ് എനിക്ക് യാതൊരു പരിചയവുമില്ലാത്ത ഒരു സംസ്ഥാനത്ത് ഞാൻ എത്തുന്നത്.

എനിക്ക് അതിൽ ചെറിയ ഭയമുണ്ടായിരുന്നു. എന്നാൽ അദ്ദേഹം ഗൂഗിൾ ട്രാൻസ്​ലേറ്റർ ഉപയോഗിക്കുകയും സുരക്ഷിതയാണെന്ന തോന്നൽ എന്നിൽ ഉണ്ടാക്കുകയും ചെയ്തു. ന്യായമായ നിരക്ക് മാത്രമാണ് അദ്ദേഹം ഈടാക്കിയത്. ' - യുവതി കുറിച്ചു. വീഡിയോയ്ക്ക് നിരവധി ലെെക്കും കമന്റും ലഭിച്ചിരിക്കുന്നു.

'നീ മലയാളികളുടെ മാനം കാത്തു മുത്തെ', 'ഇങ്ങനെ ഉള്ള ഒരാൾ മതി നാടിന്റെ മാനം കാക്കാൻ', 'മലയാളി ഡാ', 'അടിപൊളി ഡാ മച്ചാ നീ മാനം കാത്തു', എന്നിങ്ങനെ നിരവധി കമന്റുകൾ വീഡിയോയ്ക്ക് വരുന്നുണ്ട്.