
ടെൽ അവീവ്: ഗാസയിൽ പോരാട്ടം രൂക്ഷമായി തുടരുന്നതിനിടെ രണ്ടാം ഘട്ട പോളിയോ വാക്സിനേഷൻ ക്യാമ്പെയിന് തുടക്കമിട്ട് ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ). ഞായർ മുതൽ ചൊവ്വ വരെ മദ്ധ്യ ഗാസ കേന്ദ്രീകരിച്ച് നടന്ന ഒന്നാം ഘട്ടം വിജയിച്ചതിന് പിന്നാലെയാണിത്.
143 ഇടങ്ങളിലായി 500ലേറെ ടീമുകളാണ് ഒന്നാം ഘട്ട വാക്സിനേഷന് നേതൃത്വം നൽകിയത്. കേന്ദ്രങ്ങളിൽ എത്താൻ കഴിയാത്ത കുടുംബങ്ങൾക്ക് വേണ്ടി മൊബൈൽ ടീമിന്റെ സേവനവും ഒരുക്കി. വരുന്ന മൂന്ന് ദിവസം മദ്ധ്യ ഗാസയിലെ നാല് കേന്ദ്രങ്ങളിൽ ആവശ്യക്കാർക്ക് വാക്സിനേഷൻ ലഭിക്കുമെന്നും ഡബ്ല്യു.എച്ച്.ഒ വ്യക്തമാക്കി.
ഗാസയുടെ തെക്കൻ പ്രദേശങ്ങളെയാണ് രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഞായറാഴ്ച വരെ ക്യാമ്പെയിൻ തുടരും. ഇന്നലെ റാഫ, ഖാൻ യൂനിസ് നഗരങ്ങളിലാണ് വാക്സിനേഷൻ തുടങ്ങിയത്. നിലവിൽ ഇസ്രയേൽ വ്യോമാക്രമണം ശക്തമായ പ്രദേശങ്ങളാണിവ. ഇതുവരെ 1,87,000 കുട്ടികൾക്ക് വാക്സിൻ നൽകിയെന്ന് ഐക്യരാഷ്ട്ര സംഘടന (യു.എൻ) പറയുന്നു.
വാക്സിനേഷൻ കേന്ദ്രങ്ങൾക്ക് സമീപം ആക്രമണങ്ങൾക്ക് താത്കാലിക ഇടവേളകൾ നൽകാമെന്ന് ഇസ്രയേലും ഹമാസും സമ്മതിച്ചിരുന്നു. ഏറെ വെല്ലുവിളികൾ നിറഞ്ഞതാണെങ്കിലും വാക്സിനേഷൻ ഇതുവരെ വിജയകരമായി തുടർന്നെന്നും യു.എൻ വ്യക്തമാക്കി. ഈ മാസം 9 മുതൽ 11 വരെ വടക്കൻ ഗാസ കേന്ദ്രീകരിച്ച് മൂന്നാം ഘട്ടവും നടക്കും.
ആകെ 6,40,000 കുട്ടികൾക്കാണ് യു.എന്നിന്റെ നേതൃത്വത്തിൽ വാക്സിൻ നൽകുക. കഴിഞ്ഞ മാസം ഗാസയിൽ പത്ത് മാസം പ്രായമുള്ള കുഞ്ഞിന് പോളിയോ സ്ഥിരീകരിച്ചിരുന്നു. 25 വർഷത്തിനിടെ ആദ്യമായാണ് ഗാസയിൽ പോളിയോ കേസ് കണ്ടെത്തിയത്. പിന്നാലെയാണ് അടിയന്തരമായി വാക്സിനേഷൻ തുടങ്ങിയത്.
 ആശുപത്രിക്ക് നേരെ ആക്രമണം
ഗാസയുടെ മറ്റ് ഭാഗങ്ങളിൽ ആക്രമണത്തിന് ശമനമില്ല. ഇന്നലെ മദ്ധ്യ ഗാസയിലെ ദെയ്ർ അൽ-ബലാഹിലെ അൽ അഖ്സ ആശുപത്രി പരിസരത്ത് അഭയാർത്ഥികൾ കഴിഞ്ഞ ടെന്റുകൾക്ക് നേരെ ഇസ്രയേൽ വ്യോമാക്രമണമുണ്ടായി. 5 പേർ കൊല്ലപ്പെട്ടു. ഹമാസിന്റെ കമാൻഡ് സെന്റർ തകർത്തെന്നാണ് ഇസ്രയേലിന്റെ വാദം. ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 40,870 കടന്നു.