
തിരുവനന്തപുരം : സിനിമാ നയരൂപീകരണ സമിതിയിൽ നിന്ന് നടനും എം.എൽ.എയുമായ മുകേഷിനെ ഒഴിവാക്കി. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ഉയർന്ന ലൈംഗിക ആരോപണങ്ങളുടെ പേരിലാണ് മുകേഷിനെ ഒഴിവാക്കിയത്. സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന സിനിമാ കോൺക്ലേവിന് മുന്നോടിയായാണ് ഷാജി എൻ. കരുൺ ചെയർമാനായി നയരൂപീകരണ സമിതി സർക്കാർ രൂപീകരിച്ചത്.
സിനിമാ നയരൂപീകരണ സമിതിയിൽ നിന്ന് മുകേഷിനെ ഒഴിവാക്കണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. അതേസമയം ഫെഫ്ക അദ്ധ്യക്ഷൻ ബി,ഉണ്ണിക്കൃഷ്ണനെ സമിതിയിൽ നിലനിറുത്തിയിട്ടുണ്ട്. ഉണ്ണ ിക്കൃഷ്ണനെ കൂടാതെ പദ്മപ്രിയ, നിഖില വിമൽ, രാജീവ് രവി, സന്തോഷ് കുരുവിള, സി. അജോയ് എന്നിവർ സമിതിയിലെ അംഗങ്ങളാണ്. നേരത്തെ ബി. ഉണ്ണിക്കൃഷ്ണനെ സമിതിയിൽ നിന്ന് ഒഴിവാ്ക്കണം എന്നാവശ്യപ്പെട്ട് ആഷിഖ് അബുവും വിനയനും രംഗത്തെത്തിയിരുന്നു, എന്നാൽ മുകേഷിനെ മാത്രമാണ് ഒഴിവാക്കിയത്.