
തിരുവനന്തപുരം: ഇത്തവണയും ഓണത്തിന് പൂക്കളമൊരുക്കാൻ കുടുംബശ്രീയുടെ പൂക്കളെത്തും. ഓണവിപണി മുന്നിൽക്കണ്ട് സംസ്ഥാനമൊട്ടാകെ ആരംഭിച്ച കുടുബശ്രീയുടെ പൂക്കൃഷി വിളവെടുപ്പിന് പാകമായി. ജമന്തി, മുല്ല, താമര
എന്നിവയാണ് പ്രധാനമായും കൃഷി ചെയ്യുന്നത്. കഴിഞ്ഞവർഷം 780 ഏക്കറിലായി 1819 കർഷകസംഘങ്ങൾ പൂക്കൃഷിയിൽ പങ്കാളികളായിരുന്നു. ഇത്തവണ 3000 വനിതാ കർഷകസംഘങ്ങൾ മുഖേന 1253 ഏക്കറിൽ കുടുംബശ്രീ പൂക്കൃഷി ചെയ്യുന്നുണ്ട്. സെപ്തംബർ പത്തിന് സംസ്ഥാനമൊട്ടാകെ ആരംഭിക്കുന്ന രണ്ടായിരത്തിലേറെ ഓണച്ചന്തകളിലും മറ്റു വിപണികളിലും കുടുംബശ്രീയുടെ പൂക്കളെത്തും. മിതമായ നിരക്കിൽ പൂവ്
ലഭ്യമാക്കുകയാണ് ലക്ഷ്യം. ചുരുങ്ങിയ കാലയളവിൽ മികച്ച വരുമാനം നേടാൻ കഴിയുമെന്നത് കുടുംബശ്രീ കർഷകരെ പൂക്കൃഷിയിലേക്ക് ആകർഷിക്കുന്നു.
കുടുംബശ്രീ കർഷക സംഘങ്ങൾ വഴി നെല്ല്, വാഴ, പച്ചക്കറികൾ എന്നിവ സംസ്ഥാനത്ത് കൃഷി ചെയ്യുന്നുണ്ട്. അതത് സി.ഡി.എസുകളുമായി ചേർന്നാണ് പ്രവർത്തനങ്ങൾ.
ഉത്തരവിറങ്ങി
ബോണസ്,ഉത്സവബത്ത വിതരണം നാളെ മുതൽ
തിരുവനന്തപുരം:സർക്കാർ ജീവനക്കാർക്ക് ഓണം ബോണസ്,ഉത്സവബത്ത,സാലറി അഡ്വാൻസ് വിതരണം നാളെ തുടങ്ങും.ഇതുസംബന്ധിച്ച ഉത്തരവ് ഇന്നലെ പുറത്തിറങ്ങി.മൊത്തശമ്പളം 37129രൂപയിൽ താഴെയുള്ളവർക്കാണ് 4000രൂപ ബോണസ് ലഭിക്കുക. ഇവർക്ക് ഒരുമാസത്തെ ശമ്പളത്തിന് തുല്യമായ തുകയോ, 4000രൂപയോ ഏതാണ് കുറവ് അതാണ് നൽകുക. 37129 രൂപയിൽ കൂടുതൽ ശമ്പളമുള്ളവർക്ക് 2750രൂപ ഉത്സവബത്തയായിരിക്കും കിട്ടുക.പെൻഷൻകാർക്ക് 1000രൂപ ഉത്സവബത്തയായി കിട്ടും. ജീവനക്കാർക്ക് 20000രൂപ ശമ്പള അഡ്വാൻസ് കിട്ടും.ഇത് ഒക്ടോബർ മുതൽ അഞ്ച് തുല്യഗഡുക്കളായി തിരിച്ചുപിടിക്കും.കണ്ടിജന്റ് ജീവനക്കാർക്ക് 6000രൂപയായിരിക്കും അഡ്വാൻസ്.
മൊത്തശമ്പളം
അടിസ്ഥാന ശമ്പളം, വ്യക്തിഗത വേതനം, പ്രത്യേക ബത്ത, പ്രത്യേക വേതനം, വ്യക്തിഗത ബത്ത എന്നിവയും 7% ഡി.എയും ചേർത്താണ് മൊത്തശമ്പളം നിർണ്ണയിക്കുക.
വീട്ടുവാടക അലവൻസ്, മറ്റ് നഷ്ടപരിഹാര ബത്തകൾ എന്നിവ ഉൾപ്പെടുത്തില്ല.
ഡി.എ.യിലെ കുറവ് പരിഹരിക്കാൻ ശമ്പളത്തിനൊപ്പം നൽകുന്നതാണ് വ്യക്തിഗത ബത്ത.
പത്താം ശമ്പള കമ്മിഷൻ പ്രകാരം ശമ്പളം വാങ്ങുന്നവരാണെങ്കിൽ ബോണസ് പരിധി 33456രൂപയായിരിക്കും.
ഭൂമി തരംമാറ്റ അപേക്ഷകൾ
തീർപ്പാക്കാൻ അദാലത്ത്
കൊച്ചി: 25 സെന്റു വരെയുള്ള ഭൂമി തരംമാറ്റ അപേക്ഷകൾ അടിയന്തരമായി തീർപ്പാക്കാൻ അദാലത്തുകൾ സംഘടിപ്പിക്കുമെന്ന് റവന്യൂ മന്ത്രി കെ. രാജൻ അറിയിച്ചു. എറണാകുളത്ത് നടക്കുന്ന ജില്ലാ കളക്ടർമാരുടെ യോഗത്തിലാണ് തീരുമാനം.
നിലവിൽ 2,83,097 അപേക്ഷകളാണ് കെട്ടിക്കിടക്കുന്നത്. സംസ്ഥാനത്ത് ഏറ്റവും കുടുതൽ അപേക്ഷകൾ കെട്ടിക്കിടന്നത് ഫോർട്ട് കൊച്ചി, മൂവാറ്റുപുഴ റവന്യൂ ഡിവിഷണൽ ഓഫീസുകളിലായിരുന്നു. ഇപ്പോൾ ജില്ലയിൽ നാല് ഡെപ്യൂട്ടി കളക്ടർമാർക്കു കൂടി ഇവയുടെ ചുമതല നൽകിയിട്ടുണ്ട്.
യോഗത്തിൽ ലാൻഡ് റവന്യൂ കമ്മിഷണർ ഡോ.എ. കൗശിഗൻ, ജോയിന്റ് കമ്മിഷണർ എ. ഗീത, സർവെ ഡയറക്ടർ സിറാം സാംബശിവ റാവു, റവന്യൂ അഡിഷണൽ സെക്രട്ടറി ഷീബ ജോർജ് തുടങ്ങിയവർ പങ്കെടുക്കുന്നുണ്ട്.
പട്ടയ വിഷയങ്ങൾ, വിഷൻ ആൻഡ് മിഷൻ അവലോകനം, നൂറുദിന പരിപാടി, ഓൺലൈൻ പോക്കുവരവ്, സർക്കാർ ഭൂമി സംരക്ഷണം, മണൽ ഖനനം, ഡിജിറ്റൽ സർവെ തുടങ്ങിയ വിഷയങ്ങൾ അവലോകനം ചെയ്തു. യോഗം ഇന്നും തുടരും.