body

ഗഡ്‌ചിറോളി: പനി ബാധിച്ച് മരിച്ച മക്കളുടെ മൃതദേഹം 15 കിലോമീറ്റർ ദൂരം ചുമന്ന് രക്ഷകർത്താക്കൾ. മഹാരാഷ്‌ട്രയിലെ ഗച്ചിറോളി ജില്ലയിലെ അഹേരി താലൂക്കിലാണ് സംഭവം നടന്നത്. 10 വയസിൽ താഴെയുള്ള രണ്ട് ആൺകുട്ടികളാണ് മരിച്ചത്. ആംബുലൻസ് ലഭിക്കാതെ വന്നതോടെ ഇവരുടെ അച്ഛനമ്മമാർക്ക് മൃതദേഹങ്ങൾ ആശുപത്രിയിൽ നിന്നും വീട്ടിലേക്ക് ചുമന്നുകൊണ്ടുപോകേണ്ടി വന്നു.

സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതോടെ പ്രതിപക്ഷ പാർട്ടികൾ വലിയ വിമർശനമാണ് ഉന്നയിച്ചത്. പ്രതിപക്ഷ നേതാവ് വിജയ് വഡേത്തിവാർ സംഭവത്തിന്റെ വീഡിയോ പങ്കുവച്ചു. മണ്ണ്‌ നിറഞ്ഞ വനപാതയിലൂടെ മൃതദേഹങ്ങളുമായി പോകുന്ന ദമ്പതിമാരുടെ ദൃശ്യങ്ങൾ ഇതിലുണ്ട്. 'രണ്ട് കുട്ടികൾക്കും പനി ബാധിച്ചെങ്കിലും കൃത്യസമയത്ത് ചികിത്സ കിട്ടിയില്ല. രണ്ട് മണിക്കൂറിനകം തന്നെ അവരുടെ നില ഗുരുതരമായി ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ മരിക്കുകയും ചെയ്‌തു.'വിജയ് വഡേത്തിവാർ കുറിച്ചു. 'രണ്ട് കുട്ടികളുടെയും മൃതദേഹങ്ങൾ അവരുടെ ഗ്രാമത്തിലേക്ക് കൊണ്ടുപോകാൻ ആംബുലൻസ് പോലുമില്ലായിരുന്നു. മഴയിൽ ചെളിനിറഞ്ഞ വഴിയിലൂടെ 15 കിലോമീറ്റർ നടക്കാൻ ആ മാതാപിതാക്കൾ നിർബന്ധിതരായി. ഗഡ്‌ചിറോളിയിലെ ആരോഗ്യസംവിധാനത്തിലെ ഭീകര യാഥാർത്ഥ്യം വീണ്ടും മുന്നിലെത്തുകയാണ്.' അദ്ദേഹം പറഞ്ഞു.

വിദർഭ മേഖലയിൽ നിന്നുള്ള രണ്ടാമത്തെ സംഭവമാണ് ഇതെന്ന് പ്രതിപക്ഷം വാദിക്കുന്നു. സെപ്‌തംബർ ഒന്നിന് ഗർഭിണിയായ ഒരു യുവതി കുഞ്ഞിന് വീട്ടിൽവച്ച് ജന്മം നൽകുകയും അമ്മയും കുഞ്ഞും മരിക്കുകയും ചെയ്‌ത സംഭവം ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. കവിത എന്ന യുവതിയാണ് മരിച്ചത്. പ്രസവവേദന ആരംഭിച്ചപ്പോൾ കുടുംബാംഗങ്ങൾ ആശുപത്രിയിലെത്തിക്കാൻ ആംബുലൻസിനായി ശ്രമിച്ചെങ്കിലും ആദിവാസി മേഖലയായ ഇവിടെയെത്താൻ നാല് മണിക്കൂർ എടുക്കുമെന്ന് അധികൃതർ അറിയിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ദിവസങ്ങൾക്കകം ദാരുണമായ സംഭവവും ഉണ്ടായത്.