
തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന കേരള ക്രിക്കറ്റ് ലീഗ് മത്സരങ്ങളെ ഏറ്റെടുത്ത് തലസ്ഥാനത്തെ കക്രിക്കറ്റ് പ്രേമികൾ. ഉച്ചയ്ക്ക് 2.30നും വൈകിട്ട് 6.45നുമായി നടക്കുന്ന മത്സരങ്ങൾ കാണാൻ കുടുംബസമേതമാണ് കാണികളെത്തുന്നത്. കേരള ക്രിക്കറ്റ് അസോസിയേഷൻ സൗജന്യമായാണ് മത്സരങ്ങൾ കാണാനുള്ള അവസരം ഒരുക്കിയിരിക്കുന്നത്.
അന്താരാഷ്ട്ര മത്സരവേദിയായ കാര്യവട്ടത്ത് ആദ്യദിവസം ആറായിരത്തോളം പേരാണ് കളി കാണാനെത്തിയത്. പകൽസമയത്തെ കളി കാണാൻ കോളേജുകളിൽ നിന്നും മറ്റും കൂട്ടത്തോടെ വിദ്യാർത്ഥികളും എത്തുന്നുണ്ട്.
കേരളത്തിലെ സാധാരണക്കാരായ ക്രിക്കറ്റ് കളിക്കാർക്ക് വലിയ അവസരങ്ങളിലേക്ക് വാതായനം തുറക്കുകയാണ് കേരള ക്രിക്കറ്റ് ലീഗ് ചെയ്യുന്നത്. വിവിധ ക്ലബ്ബുകളിലും മറ്റുമായി ക്രിക്കറ്റ് കളിച്ചുവളരുന്ന മികച്ച ഒട്ടേറെ കളിക്കാർക്ക് കെ.സി.എലിൽ മൽസരിക്കുന്ന പല ടീമുകളും ഇടംനൽകിയിട്ടുണ്ട്. അവർക്കൊക്കെ ഫ്ളഡ്ലിറ്റ് സ്റ്റേഡിയത്തിലെ കളികൾ പുതിയ അനുഭവവും ആവേശവുമാണ്. സെപ്റ്റംബർ 18 വരെ മൽസരങ്ങൾ നീണ്ടുനിൽക്കുന്നതിനാൽ ഇത്തവണത്തെ ഓണാഘോഷത്തിനൊപ്പം കേരളത്തിന്റെ ആദ്യത്തെ ക്രിക്കറ്റ് ലീഗിനെക്കൂടി ചേർത്തു നിറുത്തുകയാണ് തലസ്ഥാനനഗരം.