
ന്യൂഡൽഹി: 2023-24 സാമ്പത്തിക വർഷം ഇന്ത്യയിൽ ഏറ്റവുംകൂടുതൽ ആദായനികുതി അടച്ച ക്രിക്കറ്റ് താരം വിരാട് കൊഹ്‌ലിയെന്ന് റിപ്പോർട്ടുകൾ. ഫോർച്യൂൺ ഇന്ത്യ പുറത്തുവിട്ട കണക്കുപ്രകാരം 66 കോടിയാണ് വിരാട് കഴിഞ്ഞ സാമ്പത്തിക വർഷം നികുതിയായി അടച്ചത്. മുൻ ഇന്ത്യൻ ക്യാപ്ടൻ എം.എസ് ധോണിയാണ് രണ്ടാം സ്ഥാനത്ത്. 38 കോടി രൂപയാണ് ധോണി നികുതിയടച്ചത്. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ 28 കോടി നികുതിയായി അടച്ച് മൂന്നാം സ്ഥാനത്തുണ്ട്.
മുൻ ഇന്ത്യൻ ക്യാപ്ടനും ബി.സി.സിഐ പ്രസിഡന്റുമായിരുന്ന സൗരവ് ഗാംഗുലിയും (23 കോടി), ഹാർദിക് പാണ്ഡ്യയും (13 കോടി) ആദ്യ അഞ്ചിൽ ഇടംപിടിച്ചിട്ടുണ്ട്. അതേസമയം, 92 കോടി രൂപ നികുതി അടച്ച ബോളിവുഡ് താരം ഷാരൂഖ് ഖാനാണ് ഫോർച്യൂൺ ഇന്ത്യ പുറത്തുവിട്ട പട്ടികയിലെ ഒന്നാമൻ. 80 കോടി രൂപ നികുതി അടച്ച നടൻ വിജയ്‌യും പട്ടികയിൽ മുൻനിരയിലുണ്ട്.