
പാരീസ്: മിഷെൽ ബാർനിയേയെ (73) ഫ്രാൻസിന്റെ പുതിയ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്ത് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. സർക്കാർ രൂപീകരണത്തിനും നിർദ്ദേശം നൽകി. ദ റിപ്പബ്ലിക്കൻസ് പാർട്ടി നേതാവായ അദ്ദേഹം മുമ്പ് വിദേശകാര്യമടക്കം നിരവധി മന്ത്രിസ്ഥാനങ്ങൾ വഹിച്ചിരുന്നു. യു.കെയുമായുള്ള യൂറോപ്യൻ യൂണിയന്റെ ബ്രെക്‌സിറ്റ് ചർച്ചകൾക്ക് അദ്ദേഹം നേതൃത്വം നൽകിയിരുന്നു.
ജൂലായിൽ ഫ്രഞ്ച് പാർലമെന്റിന്റെ അധോസഭയായ നാഷണൽ അസംബ്ലിയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ഒരു പാർട്ടികൾക്കും ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. ഇടതുപക്ഷ സഖ്യമായ ന്യൂ പോപ്പുലർ ഫ്രണ്ടാണ് മുന്നിലെത്തിയത്. മറ്റ് പാർട്ടികൾ എതിർത്തതോടെ ന്യൂ പോപ്പുലർ ഫ്രണ്ടിന്റെ സർക്കാർ രൂപീകരണ സാദ്ധ്യത ഇല്ലാതായി. തുടർന്ന് ആഴ്ചകൾ നീണ്ട ചർച്ചകൾക്കൊടുവിലാണ് മിഷെലിനെ മാക്രോൺ തിരഞ്ഞെടുത്തത്.
ബാർനിയേയെ എതിർത്തിട്ടില്ലെങ്കിലും അദ്ദേഹത്തെ പിന്തുണയ്ക്കുമോ എന്നതിൽ പാർലമെന്റിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ നാഷണൽ റാലി പാർട്ടി അന്തിമ തീരുമാനം പ്രഖ്യാപിച്ചിട്ടില്ല. നാഷണൽ റാലിയുമായി ഒത്തുപോകുന്ന തരത്തിൽ തീവ്ര വലതുപക്ഷ നിലപാടാണ് ബാർനിയേയ്ക്ക്.
അതേ സമയം, കൃത്യമായ ഭൂരിപക്ഷമില്ലാത്തതും ഒരു ഡസനിലേറെ പാർട്ടികൾ നിറഞ്ഞതുമായ നാഷണൽ അസംബ്ലിയിൽ സ്ഥിരതയുള്ള സർക്കാർ രൂപീകരിക്കുക എന്നത് ബാർനിയേയ്ക്ക് മുന്നിൽ ശക്തമായ വെല്ലുവിളി ഉയർത്തുന്നു. ഏറ്റവും പ്രായം കൂടിയ ഫ്രഞ്ച് പ്രധാനമന്ത്രിമാരിൽ ഒരാളാണ് ബാർനിയേ.