
തിരുവനന്തപുരം:മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിക്കും, എ.ഡി.ജി.പി എം.ആർ അജിത് കുമാറിനുമെതിരെ പി.വി. അൻവർ എം.എൽ.എ ഉന്നയിച്ച ആരോപണങ്ങൾ പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് ചർച്ച ചെയ്യാനിരിക്കെ, പാർട്ടിയിലെയും ഭരണത്തിലെയും വീഴ്ചകൾക്കെതിരെ ബ്രാഞ്ച് സമ്മേളനങ്ങളിലും കലാപക്കൊടി ഉയരുന്നു. പാർട്ടിയിൽ തുടങ്ങിയ പാളയത്തിൽ പടയുടെ തുടക്കമാണിതെന്നും, തുടർന്നുള്ള ഉപരിതല സമ്മേളനങ്ങളിൽ ഇതിന്റെ ശക്തമായ പ്രതിഫലനം ഉണ്ടായേക്കുമെന്നുമാണ് സൂചനകൾ.കാൽ നൂറ്റാണ്ടിന് ശേഷം പാർട്ടിയിൽ ശക്തമായൊരു വേലിയേറ്റത്തിന് ഈ അടിയൊഴുക്കുകൾ വഴി തെളിച്ചേക്കാം.
എ.ഡി.ജി.പി.അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിലനിറുത്തിക്കൊണ്ടുള്ള അന്വേഷണ പ്രഹസനത്തിലും,പാർട്ടിക്കും സർക്കാരിനും ഏറെ അവമതിപ്പുണ്ടാക്കിയതായി കരുതുന്ന പി.ശശിയെ തൊടാതെയുള്ള സർക്കാരിന്റെനിലപാടുകളിലും പാർട്ടി അണികളിൽ ഉയരുന്ന കടുത്ത അമർഷമാണ് ബ്രാഞ്ച് സമ്മേളനങ്ങളിൽ നിഴലിച്ചു തുടങ്ങിയത്. ശശിക്കും,അജിത് കുമാറിനും സംരക്ഷണ കവചം തീർക്കുന്നതിന്റെ പേരിൽ കരിപ്പൂരിലെ കള്ളക്കടത്ത് സ്വർണം അപഹരിച്ചതായി ആരോപിക്കപ്പെട്ട പത്തനംതിട്ട മുൻ എസ്.പി സുജിത് ദാസിനെതിരായ നടപടി പോലും സർക്കാരിന് സ്ഥാന ചലനത്തിൽ ഒതുക്കേണ്ടി വന്നതും കടുത്ത വിമർശനത്തിന് ഇടയാക്കിയിരുന്നു. ആരോപണങ്ങളിൽ അന്വേഷണം തീരുമാനിക്കാൻ പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് ചേരാനിരിക്കെ,എസ്.പി സുജിത് ദാസിനെ ഇന്നലെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തതും പാർട്ടിയിൽ മുഖ്യമന്തിയുടെയും,പി.ശശിയുടെയും പിടി അടയുന്നതിന്റെ തെളിവായാണ്
വ്യഖ്യാനിക്കപ്പെടുന്നത്.
മുഖ്യമന്ത്രിക്കില്ല രക്ഷാ കവചം
പാർട്ടിയിലും ഭരണത്തിലും മുഖ്യമന്ത്രി പിണറായി വിജയന്റെ അധീശത്വത്തിന് വെല്ലുവിളി ഉയരുമ്പോൾ,പാർട്ടിയിലെ മുതിർന്ന നേതാക്കളും മന്ത്രിമാരും കാഴ്ചക്കാരുടെ റോളിലാണ്.മന്ത്രിമാരിൽ വി.ശിവൻകുട്ടി മാത്രമാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ച അന്വേഷണത്തെ ന്യായീകരിച്ച് രംഗത്തത്തിയത്. കടുത്ത നീരസമുള്ള സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനാകട്ടെ, പ്രതികരണത്തിന് പോലും തയാറായിട്ടുമില്ല.സ്വന്തം ഓഫീസിനെയും ആഭ്യന്തര വകുപ്പിനെയും മുഖ്യമന്ത്രിക്ക് നിയന്ത്രിക്കാനാവുന്നില്ലെന്നും,പി.ശശിയും ,എ.ഡി.ജി.പി.അജിത് കുമാറും ചേർന്നുള്ള സമാന്തര ഭരണമാണ് പൊലീസിൽ നടക്കുന്നതെന്നുമാണ് പാർട്ടി ബ്രാഞ്ച് സമ്മളനങ്ങളിൽ ഉയരുന്ന മുഖ്യ വിമർശനം.ഉപരി കമ്മിറ്റികളിൽ നിന്ന് ഈ സമ്മേളനങ്ങളിൽ പങ്കെടുക്കുന്ന നേതാക്കൾക്കും ഉത്തരം മുട്ടുന്നു. പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ മണ്ഡലത്തിൽപ്പെട്ട മൊറാഴയിൽ അംഗങ്ങൾ ഒന്നടങ്കം വിട്ടു നിന്നതോടെ ബ്രാഞ്ച് സമ്മേളനം മുടങ്ങിയതും പാർട്ടി നേതൃത്വത്തെ അന്ധാളിപ്പിക്കുന്നു.തുടർന്നുള്ള സമ്മേളനങ്ങളിലും മൊറാഴ ആവർത്തിക്കപ്പെടുമോ എന്നാണ് ആശങ്ക.
മൊറാഴ ബ്രാഞ്ച് സമ്മേളനം മുടക്കം
ഗൗരവത്തിലെടുത്ത് സി.പി.എം
കണ്ണൂർ:സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ മണ്ഡലത്തിലുൾപ്പെട്ടതും കമ്മ്യൂണിസ്റ്റ് കർഷക പോരാട്ട ഭൂമിയുമായ മൊറാഴയിൽ പ്രതിനിധികൾ ബ്രാഞ്ച് സമ്മേളനം ബഹിഷ്കരിച്ചത് ഗൗരവമായെടുത്ത് സി.പി.എം നേതൃത്വം. അതീവ ഗുരുതരമായ അച്ചടക്ക ലംഘനമാണ് പ്രതിനിധികളിൽ നിന്നുണ്ടായതെങ്കിലും പൊടുന്നനെ കൂട്ട അച്ചടക്ക നടപടി സ്വീകരിക്കുന്നത് ദോഷം ചെയ്യുമെന്നാണ് പാർട്ടി കണ്ണൂർ ജില്ലാ നേതൃത്വത്തിന്റെ വിലയിരുത്തൽ.
സംഭവത്തിൽ പാർട്ടി അന്വേഷണം തുടങ്ങിയിട്ടുണ്ട്. മാറ്റി വച്ച ബ്രാഞ്ച് സമ്മേളനം മറ്റൊരു ദിവസം നടത്താനാണ് നേതൃത്വത്തിന്റെ തീരുമാനം. ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ മുഴുവൻ പേരും പ്രതിഷേധസൂചകമായി വിട്ടു നിന്നതോടെയാണ് ചൊവ്വാഴ്ച നിശ്ചയിച്ച മൊറാഴ ലോക്കലിലെ അഞ്ചാംപീടിക ബ്രാഞ്ച് സമ്മേളനം മുടങ്ങിയത്. ഉദ്ഘാടകനായ തളിപ്പറമ്പ് ഏരിയാ കമ്മിറ്റിയംഗം രാമചന്ദ്രനും സമ്മേളനചുമതലയിലുള്ള ലോക്കൽ കമ്മിറ്റിയംഗങ്ങളായ ഒ.സി പ്രദീപനും പ്രേമലതയും രാവിലെ പത്തു മണിയോടെ എത്തിയിട്ടും ബ്രാഞ്ചിലെ പതിനാല് അംഗങ്ങളും വിട്ടുനിന്നു. ബ്രാഞ്ച് അതിർത്തിയിലെ ദേവർകുന്ന് അങ്കണവാടിയുമായി ബന്ധപ്പെട്ട പ്രശ്നം പരിഹരിക്കാതെ സമ്മേളനം നടക്കില്ലെന്നായിരുന്നു അംഗങ്ങളുടെ നിലപാട്. അടിയന്തിരമായി പ്രശ്നം പരിഹരിക്കുമെന്ന് നേതൃത്വം ഉറപ്പു നൽകിയെങ്കിലും മൂന്ന് മണിക്കൂറിനുള്ളിൽ നടക്കണമെന്നായി ബ്രാഞ്ച് അംഗങ്ങൾ. അതുകഴിഞ്ഞ് സമ്മേളനം നടത്താമെന്നും ഉപാധി വച്ചു. ലോക്കൽ കമ്മിറ്റിയംഗങ്ങൾ ഏരിയാ നേതൃത്വത്തെ ബന്ധപ്പെട്ടെങ്കിലും ആന്തൂർ നഗരസഭ ഇറക്കിയ ഉത്തരവ് ഒറ്റ ദിവസം കൊണ്ടു തിരുത്തിയിറക്കാൻ കഴിയില്ലെന്നായിരുന്നു മറുപടി. തുടർന്നാണ് സമ്മേളനം മാറ്റി വച്ചത്.
പ്രശ്നം അങ്കണവാടിയിലെ 'മർദ്ദനം"
മൊറാഴ ദേവർകുന്ന് അങ്കണവാടിയിലെ ഹെൽപ്പർ കുട്ടികളെ മർദ്ദിച്ച സംഭവവുമായി ബന്ധപ്പെട്ടതാണ് പ്രശ്നം. . മർദ്ദനത്തിന്റെ വീഡിയോ നാട്ടിലെ സോഷ്യൽ മീഡിയ ഗ്രൂപ്പുകളിലും പ്രചരിച്ചിരുന്നു.മർദ്ദനത്തിന് പിന്നാലെ രക്ഷിതാക്കൾ കുട്ടികളെ അയക്കാതെ അങ്കണവാടി അടച്ചിട്ടു. ആന്തൂർ നഗരസഭ ചെയർമാൻ പി.മുകുന്ദൻ സ്ഥലത്തെത്തി നടപടിയെടുക്കുമെന്ന് ഉറപ്പ് നൽകിയെങ്കിലും പാലിച്ചില്ല. ഹെൽപ്പറെ തൊട്ടടുത്ത കോൾതുരുത്തിയിലേക്കാണ് സ്ഥലംമാറ്റിയത്. പൊതുഗതാഗത സൗകര്യമില്ലാത്ത ഇടത്തേക്കുള്ള സ്ഥലംമാറ്റത്തിനെതിരെ അങ്കണവാടി വർക്കർ പട്ടികജാതി കമ്മിഷന് പരാതി നൽകിയിരിക്കുകയാണ്. മോണിറ്ററിംഗ് കമ്മിറ്റിയോ, നഗരസഭ കൗൺസിലറോ അറിയാതെ രണ്ടു ദിവസം മുമ്പ് അങ്കണവാടി വീണ്ടും തുറന്നതും പ്രകോപനമായി.