pic

വെല്ലിംഗ്ടൺ: ന്യൂസിലൻഡിലെ തദ്ദേശീയ ജനവിഭാഗമായ മാവോറി വംശജരുടെ രാജ്ഞിയായി എൻഗവായ് ഹോണോ ഇറ്റെപ്പോ (27) അധികാരമേറ്റു. മാവോറി (കിങ്ങിടാംഗ) വംശത്തിലെ എട്ടാമത്തെ ഭരണാധികാരിയാണ് എൻഗവായ്. എൻഗവായുടെ പിതാവ് തുഹെയ്തിയ രാജാവ് കഴിഞ്ഞ ആഴ്ചയാണ് അന്തരിച്ചത്.

ഇതോടെ ഗോത്ര തലവൻമാരുടെ കൗൺസിൽ ചേർന്ന് എൻഗവായിയെ തിരഞ്ഞെടുക്കയായിരുന്നു. ഇന്നലെ നോർത്ത് ഐലൻഡിലായിരുന്നു അധികാര കൈമാറ്റച്ചടങ്ങുകൾ. രാജ്ഞിയ്ക്ക് കിരീടം അണിയിക്കുന്നതിന് പകരം 1858 മുതൽ ഉപയോഗിച്ചുവരുന്ന ബൈബിൾ തലയിൽവച്ച് ആശിർവദിച്ചു.

തുഹെയ്തിയ രാജാവിന്റെ സംസ്കാരച്ചടങ്ങുകളും ഇതിനോടൊപ്പം നടന്നു. കിങ്ങിടാംഗ മാവോറി വംശത്തിലെ രണ്ടാമത്തെ രാജ്ഞി കൂടിയാണ് എൻഗവായ്. ഇവരുടെ മുത്തശ്ശിയാണ് രാജ്ഞിയായ ആദ്യ വനിത. വൈകാ​റ്റോ യൂണിവേഴ്‌സി​റ്റിയിൽ നിന്ന് ബിരുദാനന്തര ബിരുദം നേടിയ എൻഗവായ് മാവോറി ഭാഷ, സംസ്കാരം തുടങ്ങിയ മേഖലകളിൽ ആഴത്തിൽ പഠനം നടത്തിയ വ്യക്തിയാണ്. മാവോറി വംശജരുമായി ബന്ധപ്പെട്ട നിരവധി ട്രസ്റ്റുകളിലും പ്രവർത്തിച്ചു.