
വിശ്വാസം ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യമാണ്. വിചിത്രമായതും കൗതുകകരമായതും അമ്പരപ്പിക്കുന്നതുമായ വിശ്വാസങ്ങൾ പലരും വച്ചുപുലർത്താറുണ്ട്. ദൈവവിശ്വാസവും നക്ഷത്രഫലങ്ങളിലെ വിശ്വാസവും എല്ലാം അങ്ങനെതന്നെ. ഈ 21-ാം നൂറ്റാണ്ടിലും ഇങ്ങനെയോ എന്ന് പരിഹസിക്കാൻ വരട്ടെ പുതിയ തലമുറയിലും നക്ഷത്രഫലങ്ങളിൽ വലിയ വിശ്വാസമാണ് എന്നാണ് അടുത്തിടെ വന്ന റിപ്പോർട്ടിൽ ഉള്ളത്.
പുതിയ കാലത്തെ കുട്ടികളായ ജെൻ സിയും മില്ലേനിയൽസും അവരുടെ ജോലിക്കാര്യത്തിൽ ഉപദേശങ്ങൾക്കായി പ്രൊഫഷണലുകളെ ആശ്രയിക്കും പോലെ തന്നെ ജ്യോതിഷികളെയും കാണുന്നുണ്ട് എന്നണ് എഡ്യൂബേർഡി എന്ന അക്കാദമിക് പ്ളാറ്റ്‌ഫോം പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നത്. ചെറിയ അളവിലൊന്നുമല്ല ഈ തലമുറകളിലെ 63 ശതമാനം പേരും ജാതകത്തിലും നക്ഷത്രഫലത്തിലുമെല്ലാം വിശ്വസിക്കുന്നുണ്ട്. നക്ഷത്രഫലത്തിലെ സൂചനകൾ കരിയറിൽ പോസിറ്റീവ് ഫലമുണ്ടാക്കും എന്ന് ഇവർ കരുതുന്നതായാണ് റിപ്പോർട്ട്.
എക്കണോമിക് ടൈംസ് നൽകുന്ന റിപ്പോർട്ട് അനുസരിച്ച് ഇന്ത്യയിൽ ഗണേശസ്‌പീക്‌സ്.കോം അടക്കം ജ്യോതിഷ സൈറ്റുകളിൽ യുവാക്കൾ പതിവാണ്. 23-35 വയസിനിടയിലുള്ള പ്രൊഫഷണലുകളാണ് പക്ഷെ ഇവിടെ കൂടുതൽ. അപ്പ്രൈസലുകൾ, ശമ്പളവർദ്ധന, തൊഴിൽ സുരക്ഷയുമായി ബന്ധപ്പെട്ട ആശങ്കകൾ ഇവ സംബന്ധിച്ച ചോദ്യങ്ങൾ ഇത്തരം സൈറ്റുകളിൽ പതിവാണ്. പിരിച്ചുവിടൽ, ഇൻക്രിമെന്റ്, തൊഴിൽമാറ്റം ഇവയുമായി ബന്ധപ്പെട്ട് നിരവധി അന്വേഷണങ്ങൾ വരാറുണ്ടെന്ന് അസ്‌ട്രോടോക്ക് എന്ന ഓൺലൈൻ ജ്യോതിഷ സ്ഥാപന അധികൃതർ വെളിവാക്കുന്നു.
15 ശതമാനം യുവാക്കൾ തങ്ങളുടെ ജോലി ലഭിക്കുന്നതിന് നക്ഷത്രഫലം നോക്കിയത് സഹായിച്ചു എന്ന് വിശ്വസിക്കുന്നു. 13 ശതമാനം പേർ മോശം ജോലി ഉപേക്ഷിക്കാൻ ജ്യോതിഷ വിശ്വാസം കാരണമായി എന്ന് പറയുന്നുണ്ട്. 36 ശതമാനം പേരാകട്ടെ പുതിയൊരു ജോലി നോക്കാൻ അവരെ നക്ഷത്രഫലം പ്രേരിപ്പിച്ചു എന്ന് വെളിപ്പെടുത്തുന്നു. ജെൻ സി, മില്ലേനിയൽ തലമുറയിലെ 41 ശതമാനം പേരും പുതിയ സ്ഥാപനത്തിലെ സഹപ്രവർത്തകരുടെയോ ബോസിന്റെയോ ജാതകം പരിശോധിച്ച് നല്ലതെന്ന് ഉറപ്പുവരുത്തിയാണ് ജോലിയിൽ പ്രവേശിക്കുന്നത് എന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.